MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 26 June 2011

വരൂ... ഇനി മഴയളക്കാം...


തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്.


നമുക്കും ഒരു മഴമാപിനി നിര്‍മ്മിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
1. താഴെ മുതല്‍ മുകള്‍ ഭാഗം വരെ ഒരേ വലുപ്പമുള്ള ഒരു സിലിണ്‍‌ഡര്‍ ആകൃതിയിലുള്ള കണ്ണാടിക്കുപ്പി
2. ഒരു ചോര്‍പ്പ് (ഫണല്‍)
3. ഇന്‍സ്ട്രമെന്റ് ബോക്സിലെ ഒരു സ്കെയില്‍ (റൂളര്‍)

ചോര്‍പ്പിന്റെ മുകള്‍ഭാഗത്തെ വ്യാസവും (diameter) കണ്ണാടിക്കുപ്പിയുടെ ഉള്ളിലെ വ്യാസവും തുല്യമായിരിക്കാന്‍ ശ്രദ്ധിക്കുക. (ചോര്‍പ്പിന്റെ വായ് ഭാഗത്തിന് വലുപ്പം കൂടുതല്‍ ഉണ്ടെങ്കില്‍ കുറച്ച് വെട്ടിക്കളയുക.)

ചോര്‍പ്പ്, കണ്ണാടിക്കുപ്പിയുടെ വായിലേക്ക് തിരുകി വെക്കുക. ഇനി മഴവെള്ളം അളക്കുവാനുള്ള സ്കെയില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ, കുപ്പിയോട് ചേര്‍ത്ത് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ നമ്മുടെ മഴമാപിനി തയ്യാറായിക്കഴിഞ്ഞു.

ഇനി ഈ മഴ മാപിനി, കെട്ടിടങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്നും മറ്റും മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്ഥാപിക്കുക. കാറ്റില്‍ മറിയാതിരിക്കാന്‍ വല്ല കല്ലോ മറ്റോ ചുറ്റും വെക്കുകയുമാവാം.

ഓരോ ദിവസവും നിശ്ചിത സമയം, സ്കെയിലില്‍ നോക്കി മഴയുടെ അളവ് സെന്റീമീറ്ററില്‍ അളന്നു നോക്കാം. ചാര്‍ട്ടാക്കിയാല്‍ താരതമ്യം ചെയ്യലുമാകാം.

1 comment: