MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 17 July 2011

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് 2011-ല്‍

ന്യൂഡല്‍ഹി

വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എംഎന്‍ഐസി ) 2011-ല്‍ മുഴുവന്‍ പൗരന്മാര്‍ക്കും നല്‍കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. സാധാരണ ജനങ്ങളുമായി തീവ്രവാദികള്‍ ഇടപഴകുന്നതു ഇല്ലാതാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായിട്ടാണു കാര്‍ഡ് നല്‍കുന്നത്. തിരിച്ചറിയല്‍ കാര്‍ഡിനായി രാജ്യത്തിലെ മുഴുവന്‍ ജനങ്ങളും 2011നു മുന്‍പായി പേര്‍ രജിസ്റ്റര്‍ ചെയ്യണം. 2011-ല്‍ കാര്‍ഡ് വിതരണം ചെയ്യും. ഈ പദ്ധതി പ്രകാരം പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ദേശീയ തിരിച്ചറിയല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കും. ഇതിനായി രാജ്യത്തിലെ 12 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തിലെയും തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ 30.95 ലക്ഷം ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. തീരദേശ ജില്ലകളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. മൈക്രോ പ്രൊസസര്‍ ചിപ്പ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ളതാണു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്. 

നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍, ഐഐടി കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണു തിരിച്ചറിയല്‍ കാര്‍ഡ് ശുപാര്‍ശ ചെയ്തത്. പൈലറ്റ് പ്രോജക്റ്റിനുശേഷം രാജ്യത്താകമാനം പദ്ധതി നടപ്പിലാകാനാണു തീരുമാനിച്ചിരിക്കുന്നത്. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കുമെന്നും ചിദംബരം പറഞ്ഞു.

തീരദേശങ്ങളിലൂടെയാണു മുംബൈ ആക്രമണത്തിനായി തീവ്രവാദികള്‍ എത്തിയത്. ഇതിനാല്‍ തുടക്കത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ തീരദേശ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തത്. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നതോടു കൂടി ഭാവിയില്‍ രാജ്യത്തിലെ കൃത്യമായ ജനസംഖ്യ കണക്ക് തയാറാക്കാന്‍ സാധിക്കും. 2011-ല്‍ രാജ്യത്തിലെ ജനസംഖ്യ 1.20 ബില്ല്യനാകും. ഇതു കൃത്യമായ ജനസംഖ്യ കണക്കു ശേഖരിക്കുന്നതിനും തയാറാക്കുന്നതിനും അധികൃതര്‍ക്ക് ബുദ്ധിമുട്ടാകും. ഇതിനുള്ള പരിഹാരമായാണു ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനെ സര്‍ക്കാര്‍ കാണുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment