MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday, 13 December 2013

മള്‍ട്ടിമീറ്റര്‍

ഇലക്ട്രോണിക്സ്‌ ജോലികള്‍ക്കിടയില്‍ ഏസി വോള്‍ട്ട്‌, ഡിസി വോള്‍ട്ട്‌, കറണ്റ്റ്‌, റെസിസ്റ്റന്‍സ്‌ എന്നിവ കൃത്യമായി അളന്നെടുക്കാനും കൂട്ടത്തില്‍ കണ്ടിന്യൂയിറ്റി പരിശോധിക്കാനും ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും എല്ലാം വോള്‍ട്ട്‌-ഓം-ആമ്പിയര്‍ മീറ്റര്‍ എന്ന വിവിദോദ്ദേശ മീറ്റര്‍ ഉപകരണമായ മള്‍ട്ടിമീറ്റര്‍ നമ്മെ സഹായിക്കുന്നുണ്ട്‌. ചിലയിനം മീറ്ററുകളില്‍ ഡയോഡ്‌, ട്രാന്‍സിസ്റ്റര്‍ തുടങ്ങിയ ഘടകങ്ങളെ പ്രത്യേകമായി പരിശോധിക്കാനുള്ള സംവിധാനവും താപനില അളക്കാനുള്ള സൌകര്യവും കൂടി കാണാന്‍ കഴിയും.







ടെസ്റ്റ്‌ പ്രോബുകള്‍ ഘടിപ്പിക്കാനുള്ള സോക്കറ്റുകളും റേഞ്ച്‌ സെലക്ട്‌ ചെയ്യാനുള്ള റോട്ടറി നോബും ഒപ്പമൊരു നീഡില്‍-ഡയല്‍ സജ്ജീകരണവും ആണ്‌ അനലോഗ്‌ മള്‍ട്ടിമീറ്ററിലുള്ളത്‌. ഡിജിറ്റല്‍ മള്‍ട്ടിമീറ്ററാണെങ്കില്‍ നീഡില്‍-ഡയല്‍ സജ്ജീകരണത്തിനു പകരം ഒരു ഡിജിറ്റല്‍ ഡിസ്പ്ളേ ആയിരിക്കും കാണുന്നത്‌. ഇലക്ട്രോണിക്സ്‌ ഹോബിയിസ്റ്റുകള്‍-അവര്‍ തുടക്കക്കാരെങ്കില്‍ പ്രത്യേകിച്ചും- ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ ആയിരിക്കും കൂടുതല്‍ നല്ലത്‌. മള്‍ട്ടിമീറ്റര്‍ ഏതിനമായാലും ദീര്‍ഘനേരം ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയാണെങ്കില്‍ അതിണ്റ്റെ റേഞ്ച്‌ സെലക്ടര്‍ സ്വിച്ചിണ്റ്റെ റോട്ടറി നോബ്‌ തിരിച്ച്‌ അതിലെ പോയിണ്റ്റര്‍ “ഓഫ്‌” എന്ന അടയാളത്തിലെത്തിച്ചു നിര്‍ത്തുന്നത്‌ മള്‍ട്ടിമീറ്ററിണ്റ്റെ ബാറ്ററിയുടെ ചാര്‍ജ്ജ്‌ ലാഭിക്കാന്‍ സഹായിക്കുമെന്നത്‌ മറക്കാതിരിക്കുക. ചില അനലോഗ്‌ മീറ്ററുകളില്‍ “ഓഫ്‌” എന്ന പൊസിഷന്‍ കണ്ടില്ലെന്നു വരാം. അങ്ങനെയെങ്കില്‍ റോട്ടറി നോബിണ്റ്റെ പോയിണ്റ്റര്‍ റെസിസ്റ്റന്‍സ്‌ റേഞ്ചില്‍ നിര്‍ത്താതെ പകരം ഏതെങ്കിലും വോള്‍ട്ട്‌ (ഏസി അല്ലെങ്കില്‍ ഡിസി) റേഞ്ചിലേക്ക്‌ മാറ്റിയിടുക. 


മള്‍ട്ടിമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഘടകങ്ങള്‍ക്കും ഉപയോഗിക്കുന്ന ആളിനും മള്‍ട്ടിമീറ്ററിനു തന്നെയും വന്നേക്കാവുന്ന ദോഷങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. ഉദാഹരണത്തിന്‌ റെസിസ്റ്റന്‍സ്‌ റേഞ്ച്‌ സെലക്ട്‌ ചെയ്തിരിക്കുന്ന അവസ്ഥയില്‍ മള്‍ട്ടിമീറ്റര്‍ കൊണ്ട്‌ വോള്‍ട്ടോ കറണ്റ്റോ അളക്കാന്‍ ശ്രമിക്കരുത്‌. അതുപോലെ അറിയപ്പെടാത്തൊരു വോള്‍ട്ട്‌ നില അളക്കണമെന്നുള്ളപ്പോള്‍ എപ്പോഴും വോള്‍ട്ട്‌ റേഞ്ചിണ്റ്റെ ഏറ്റവും ഉയര്‍ന്ന അളവ്‌ ഉപയോഗിക്കുന്നതാണ്‌ നല്ല ശീലം. വളരെക്കുറഞ്ഞ അളവിലുള്ള വോള്‍ട്ടേജ്‌ ആണ്‌ അപ്പോഴുള്ളതെങ്കില്‍ റീഡിംഗിലൂടെ അക്കാര്യം മനസിലാക്കിയശേഷം പടിപടിയായി റേഞ്ച്‌ സെലക്ഷന്‍ താഴേക്ക്‌ കൊണ്ടുവരാം. ഇ.സി വോള്‍ട്ടും ഡിസി വോള്‍ട്ടും അളക്കാന്‍ അതത്‌ വോള്‍ട്ട്‌ റേഞ്ചുകള്‍ തന്നെ കൃത്യമായി ഉപയോഗിക്കുകയും വേണം.
ഇനി ഹോബിയിസ്റ്റുകള്‍ക്ക്‌ പറ്റിയ ഒരു ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ എങ്ങനെ ഉപയോഗിക്കാമെന്നുള്ള പൊതുവായ സൂചനകള്‍ നോക്കാം. നേരത്തെ പറഞ്ഞതുപോലെ റെസിസ്റ്റന്‍സ്‌, വോള്‍ട്ട്‌, കറണ്റ്റ്‌ എന്നിവയളക്കാനാണ്‌ മള്‍ട്ടിമീറ്റര്‍ സാധാരണമായി ഉപയോഗിക്കുന്നത്‌. കൂട്ടത്തില്‍ റെസിസ്റ്റന്‍സ്‌ റേഞ്ചില്‍ത്തന്നെ ഡയോഡ്‌ തുടങ്ങിയ ചില ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും സാധിക്കുന്നു.ആദ്യം കൈവശമുള്ള ഒരു ആയിരം ഓം, അതായത്‌ ഒരു കിലോ ഓം റെസിസ്റ്റര്‍ ശരിയാണോ എന്നു നോക്കാം. റെസിസ്റ്റര്‍ കളര്‍കോഡ്‌ പ്രകാരം ഒത്തുനോക്കിയാണ്‌ ഈ റെസിസ്റ്റര്‍ ഒരു കിലോ ഓം അളവുള്ളതെന്ന്‌ മനസിലാക്കിയത്‌. ഇനി ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ ഈ അളവിനോടടുത്തുള്ള രണ്ട്‌ കിലോ ഓം എന്ന റേഞ്ചില്‍ ആക്കിയശേഷം ഡിജിറ്റല്‍ ഡിസ്പ്ളേയിലെ റീഡിംഗ്‌ നോക്കുക. അപ്പോള്‍ ആയിരം ഓം അളവിനടുത്തുള്ള വാല്യൂ തെളിയുന്നെങ്കില്‍ റെസിസ്റ്റര്‍ നല്ലതാണെന്നു മനസിലാക്കാം. ഈ സമയം ഡിസ്പ്ളേയില്‍ ഒന്ന്‌ എന്നു കാണിക്കുന്നെങ്കില്‍ റെസിസ്റ്റര്‍ ഓപ്പണ്‍ അല്ലെങ്കില്‍ ഹൈ-വാല്യൂ ആയി മാറിയ അവസ്ഥയിലുള്ളതും ന്യൂനതയുള്ളതും ആയിരിക്കും.



അടുത്തതായി ഒരു ഒന്‍പത്‌ വോള്‍ട്ട്‌ ബാറ്ററിയുടെ വോള്‍ട്ട്‌ നില നോക്കാം. മള്‍ട്ടിമീറ്ററിണ്റ്റെ ഡിസിവോള്‍ട്ട്‌ ഇരുപത്‌ വോള്‍ട്ട്‌ റേഞ്ചില്‍ ആക്കിയശേഷം മീറ്ററിണ്റ്റെ ചുവപ്പും കറുപ്പും ടെസ്റ്റ്‌ ലീഡുകള്‍ യഥാക്രമം ബാറ്ററിയുടെ പോസിറ്റീവും നെഗറ്റീവും പോയിണ്റ്റുകളുമായി ബന്ധിപ്പിക്കുക. ഈ സമയം ഒന്‍പത്‌ വോള്‍ട്ടിന്‌ തൊട്ട്‌ താഴെയോ തൊട്ട്‌ മുകളിലോ ഉള്ള റീഡിംഗ്‌ ലഭിക്കുന്നെങ്കില്‍ ബാറ്ററി നല്ല ആരോഗ്യമുള്ളതാണെന്ന്‌ തീര്‍ച്ചയാക്കാം.



വയറുകളും മറ്റും മുറിഞ്ഞിട്ടുണ്ടോ എന്നു നോക്കാനുള്ള കണ്ടിന്യൂയിറ്റി ടെസ്റ്റ്‌ നടത്തണമെങ്കില്‍ മീറ്ററിണ്റ്റെ റേഞ്ച്‌ സെലക്ടര്‍ കണ്ടിന്യൂയിറ്റി ടെസ്റ്റിനുള്ള ബസര്‍ അടയാളത്തിലേക്ക്‌ തിരിച്ച്‌ വയ്ക്കണം. ഈ സമയം ഡിസ്പ്ളേയില്‍ ഓപ്പണ്‍ അവസ്ഥയെ സൂചിപ്പിക്കുന്ന ഒന്ന്‌ എന്ന അക്കം കാണാം. ഇനി പരിശോധിക്കാനുള്ള വയറിണ്റ്റെ രണ്ടറ്റങ്ങളും മീറ്ററിണ്റ്റെ രണ്ട്‌ ലീഡുകളുമായി ചേര്‍ക്കുക. ഈ സമയം വയറിണ്റ്റെ ചാലക ശേഷിയ്ക്കനുസരിച്ച്‌ പൂജ്യം അല്ലെങ്കില്‍ അതിന്‌ തൊട്ടു മുകളിലുള്ള അളവ്‌ തെളിയുന്നെങ്കില്‍ വയര്‍ മുറിഞ്ഞിട്ടില്ലെന്ന്‌ ഉറപ്പാക്കാം.ഈ സമയം മീറ്ററിലുള്ള ബസറില്‍ നിന്നും തുടര്‍ച്ചയായ ബീപ്‌ ശബ്ദവും ഉയരുന്നതാണ്‌. മീറ്ററിണ്റ്റെ ടെസ്റ്റ്പ്രോബുകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചാലും അത്‌ ഷോര്‍ട്ട്‌ അവസ്ഥയില്‍ ആകുന്നതിനാല്‍ ഡിസ്പ്ളേയില്‍ ഇതേ അളവു തന്നെ (ഫുള്‍ കണ്ടിന്യൂയിറ്റി) കാണാവുന്നതാണ്‌. ബസര്‍ നാദവും കേള്‍ക്കാം!



മീറ്ററിണ്റ്റെ റേഞ്ച്‌ സെലക്ടര്‍ ഡയോഡിണ്റ്റെ അടയാളത്തിലേക്ക്‌ തിരിച്ചു വച്ചാല്‍ ഡിസ്പ്ളേയില്‍ ഒന്ന്‌ എന്ന (അല്ലെങ്കില്‍ ഓപ്പണ്‍ ലൂപ്പ്‌) അടയാളം കാണാം. ഇനി ഡയോഡിണ്റ്റെ ആനോഡ്‌ മീറ്ററിണ്റ്റെ പോസിറ്റീവ്‌ പ്രോബുമായും, കാഥോഡ്‌ നെഗറ്റീവ്‌ പ്രോബുമായും ബന്ധിപ്പിച്ചാല്‍ പൂജ്യം ഓം അല്ലെങ്കില്‍ തൊട്ടടുത്തുള്ള അളവ്‌ ആണ്‌ ഡിസ്പ്ളേയില്‍ വരുന്നതെങ്കില്‍ ഡയോഡ്‌ ഷോര്‍ട്ടോ ലീക്കോ ആയിരിക്കാം. എന്നാല്‍ ഡയോഡിണ്റ്റെ ഫോര്‍വേഡ്‌ വോള്‍ട്ടേജ്‌ ഡ്രോപ്പ്‌-നടുത്തു വരുന്ന അളവ്‌ കിട്ടുന്നെങ്കില്‍ ഡയോഡ്‌ നല്ലതായിരിക്കും.


 

No comments:

Post a Comment