MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Saturday 14 December 2013

ശരണംവിളിയുടെ രഹസ്യം




ശരണംവിളിയുടെ തത്ത്വം എന്താണെന്നു നോക്കാം. എന്താണ് ശരണംവിളി. 'സ്വാമിയേ ശരണമയ്‌യപ്പാ' എന്നാണ് മണ്ഡലകാലത്ത് ഓരോ അയ്‌യപ്പൻമാരും അയ്‌യപ്പ ഭക്തൻമാരും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. പലരും പറയും, ഈ ശരണംവിളിയൊക്കെ ബൗദ്ധസ്വാധീനംകൊണ്ടുണ്ടായതാണെന്ന്. ഇത് ശരിയല്ല. കാരണം, ഋഗേ്വദത്തിൽ 'ഇന്ദ്ര ത്രിധാതു ശരണം' എന്ന വാക്ക് ഇന്ദ്രനെ അഥവാ ഈശ്വരനെ ശരണം പ്രാപിക്കുന്നതിനു വേണ്ടി ശരണം വിളിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഒരു സ്ഥലത്തല്ല പല ഇടങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനിൽ ശരണം പ്രാപിക്കാനുള്ള വ്യഗ്രത ഒരു ഭക്തന്റെ ഉള്ളിൽ വേണം.
അപ്പോൾ ഭക്തൻ ശരണംവിളിക്കുന്നതിലൂടെ എന്താണ് നേടുക? നമ്മുടെ ശരീരങ്ങളിലെ ഓരോ തത്ത്വങ്ങൾക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകൾ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ തത്ത്വം നമ്മുടെ ശരീരത്തിൽ കണ്ണുകളാണ്. മനസ്സ് ചന്ദ്രനാണ്. 'ചന്ദ്രമാ മനസോ ജാതശ്ചക്ഷോ സൂര്യോജായതാ' എന്ന് പുരുഷസൂക്തത്തിൽ പ്രസ്താവിക്കുന്നതു കാണാം. യജുർവേദത്തിൽ ഉള്ളതാണിത്. 'ചന്ദ്രമാ മനസോ... സൂര്യോജായതാ' - കണ്ണുകൾ സൂര്യൻമാരാണ്, മനസ്സ് ചന്ദ്രനാണ്. ഇതുകൊണ്ട് 'Lunatic' ഭ്രാന്തെന്ന് അർഥം വരുന്ന വാക്ക്, 'Lunar' ചന്ദ്രൻ എന്ന വാക്കിൽനിന്ന്, മനസ്സുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉണ്ടായത്. അപ്പോൾ നാക്കിൽ എന്താണ് ഇരിക്കുന്നത്? നാക്കിൽ 'ജിഹ്വ അഗ്നിം പ്രാവിശത്' എന്നു പ്രാചീനഗ്രന്ഥങ്ങളിൽ കാണാം. ജിഹ്വയിൽ ഉള്ളത് അഗ്നിയാണ്. നാക്കിലുള്ളത് അഗ്നിയാണ്. അതുകൊണ്ട് പറയാറുണ്ട്, കലിയുഗത്തിൽ നാമജപമാണ് ഏറ്റവും വലിയതെന്ന്. നാമം ജപിക്കുക എന്നു പറയുന്പോൾ നാക്കിൽ അഗ്നി ഉണ്ടാകും, വാണി അഗ്നിയാണ്, അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ.

മാത്രവുമല്ല, മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് ഈ വാണിയാണ്. മനസ്സിലെന്ത് ചിന്തയുണ്ടാകണമോ അത് ഉണ്ടാവുക നാക്കിൽനിന്നാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം അയ്‌യപ്പന്മാർക്കുണ്ടാകേണ്ടത്. കാരണം, നാക്കിൽ അഗ്നി ഉണ്ട്. ആ അഗ്നിയെ പരിശുദ്ധമാക്കുന്നതിന് വേണ്ടി നാമജപം നടത്തണം. ഇങ്ങനെ നിരന്തരം നാമം ജപിക്കുന്പോൾ 'സ്വാമിയേ ശരണം അയ്‌യപ്പാ' എന്ന് നിരന്തരം പറയുന്പോൾ, നാവിലൂടെ ഒരു മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിക്കും. കാരണം, നാം സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും നല്ല ഭാഷ സംസാരിക്കുന്ന ആളുടെ സംസ്‌കാരവും അത്യുന്നതമായിരിക്കും. ഏറ്റവും നല്ല ഭാഷ ആളുകളെക്കൊണ്ട് സംസാരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഋഷിമാർ ചൂണ്ടിക്കാട്ടിയത് ഇതുകൊണ്ടാണ്. നല്ല ഭാഷയേ സംസാരിക്കാവൂ. അപ്പോൾ ഏറ്റവും നല്ല ഭാഷയാണ് 'സ്വാമിയേ ശരണം അയ്‌യപ്പാ.' നിരന്തരം നാരായണസങ്കല്പംകൊണ്ടു നിറയുന്ന സമയത്ത് നമ്മുടെ മനസ്സിലും ആ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും. നിരന്തരം നമ്മൾ ഒരേ വാക്കുകൾ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ അത് ആയിത്തീരാൻ നാം തയ്‌യാറെടുക്കും. നമ്മുടെ ഉള്ളിലും ചെറിയ ചെറിയ മാറ്റങ്ങളുടെ അലയൊലികൾ
ഉണ്ടാകും. അഗ്നിതത്ത്വമായ നാക്കുകൊണ്ടുവേണം നമ്മുടെ ശരീരത്തിൽ പൂർണമായി അയ്‌യപ്പതത്ത്വത്തെ ദർശിക്കാൻ. നമ്മുടെ ഉള്ളിലുള്ള അയ്‌യപ്പതത്ത്വത്തെ എങ്ങനെ പുറത്തേക്ക് ശുദ്ധീകരിച്ചുകൊണ്ടുവരാമെന്നതിന് ഉത്തരമാണിത്. നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയകോശത്തിലും മനോമയകോശത്തിലും പ്രാണമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും ഉള്ള മാലിന്യങ്ങളും ഇല്ലാതാക്കാൻ കഴിയും. ഇതിന് മറ്റൊരു ഗുണം കൂടി ഉണ്ട്. മന്ത്രദീക്ഷ ഗുരുനാഥനിൽനിന്ന് കിട്ടിയ ശേഷമാണ് ജപിക്കുന്നത്. 'സ്വാമിയേ ശരണം അയ്‌യപ്പാ' എന്ന് ഗുരുസ്വാമി പറഞ്ഞതനുസരിച്ച് നിരന്തരം ശരീരത്തിലാകമാനവും ബുദ്ധിയിലും മനസ്സിലും മൊത്തം ഒരു വിസ്‌ഫോടനാത്മകമായ പരിവർത്തനം ഉണ്ടാവുകയും സ്വയം മനുഷ്യനിൽനിന്ന് ദിവ്യതയിലേക്ക് ഉയരുകയും ചെയ്‌യും. ഇതാണ് ശരണംവിളിയുടെ രഹസ്യാർഥം.

No comments:

Post a Comment