MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday 27 February 2015

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?

മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.
ചില ഉദാഹരണങ്ങള്‍…

സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ആരംഭത്തില്‍ പത്തുരൂപ യൂണിറ്റുകളായാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ആയിരം യൂണിറ്റുകള്‍ വാങ്ങാന്‍ 10,000 രൂപ അടക്കണം. കുറച്ച് കഴിഞ്ഞ് യൂനിറ്റിന് 12 രൂപയാണെന്നിരിക്കട്ടെ, വില്‍പ്പന നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 12000 രൂപ ലഭിക്കും. രണ്ടായിരം രൂപ ലാഭം. ഓപണ്‍ എന്‍ഡഡ് ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. അപ്പോഴത്തെ യൂനിറ്റ് വില കൊടുക്കണമെന്നു മാത്രം. ഓരോ ഫണ്ടിന്റെയും യൂനിറ്റ് വില ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചും സര്‍ക്കാറിന്റെ പലിശ നയത്തിനനുസരിച്ചും മാറി കൊണ്ടിരിക്കും.
ഇന്ത്യയിലെ വിവിധതരം മ്യൂച്വല്‍ ഫണ്ടുകള്‍
മ്യൂച്ചല്‍ഫണ്ടുകള്‍ പലതരത്തിലുണ്ട്. അവയില്‍ ചിലതിനെ കുറിച്ച് മനസ്സിലാക്കാം.
ഇക്വിറ്റി ഫണ്ടുകള്‍
പേരില്‍ തന്നെയുണ്ട് മ്യൂച്ചല്‍ ഫണ്ടിന്റെ സ്വഭാവം. നിക്ഷേപകരില്‍ നിന്നു സ്വീകരിക്കുന്ന ഭൂരിഭാഗം പണവും ഓഹരി വിപണിയിലാണ് നിക്ഷേപിക്കുക. ലാഭം കൂടുതല്‍ ലഭിക്കുമെങ്കിലും ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപിക്കുന്നതിനു സമാനമായ റിസ്‌ക് ഇതിനുമുണ്ട്. അതേ സമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്. രണ്ട് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഡിവിഡന്റ് സ്വീകരിച്ചു കൊണ്ടുള്ള ഡിവിഡന്റ് ഓപ്ഷനും ലാഭവിഹിതം വാങ്ങാതെയുള്ള ഗ്രോത്ത് ഓപ്ഷനും. കൂടാതെ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതം അല്ലെങ്കില്‍ ഡിവിഡന്റ് റീ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.
ഡെബ്റ്റ് ഫണ്ട്
അധികം റിസ്‌കെടുക്കാന്‍ വയ്യ, എന്നാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച റിട്ടേണ്‍ കിട്ടണം എന്നതാണോ നിങ്ങളുടെ സ്വപ്‌നം. ബോണ്ട്, കടപ്പത്രം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലാണ് ഇത്തരം മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുക. ഫലത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി കിട്ടുന്നത്. കൃത്യമായ വരുമാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. റിസ്‌ക് താരതമ്യേന കുറവായിരിക്കും. അതേ സമയം ബാങ്ക് നിക്ഷേപത്തേക്കാള്‍ വലിയ മെച്ചമൊന്നും കിട്ടികൊള്ളണമെന്നില്ല.
ബാലന്‍സ്ഡ് ഫണ്ട്
ഇക്വിറ്റിയും ഡെബ്റ്റും ചേര്‍ന്ന രീതിയാണിത്. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തും. അധികം റിസ്‌കെടുക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം സ്വീകരിക്കാം. ഓഹരി വിപണിയിലെ തിരിച്ചടികള്‍ മ്യൂച്ചല്‍ ഫണ്ടിനെ കാര്യമായി ബാധിക്കില്ല. ഇത്തരത്തിലുള്ള ഫണ്ടുകള്‍ 40 ശതമാനത്തോളം മാത്രമേ മാര്‍ക്കറ്റില്‍ നിക്ഷേപിക്കൂ.
ലിക്വിഡ് ഫണ്ട്
ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലേക്ക് ചെറിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നുവെന്നതാണ് ഈ മണി മാര്‍ക്കറ്റ് എന്ന ലിക്വിഡ് ഫണ്ടിന്റെ പ്രത്യേകത.
ഗില്‍റ്റ് ഫണ്ടുകള്‍
ഇത് പലിശ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. സെര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് അധിക നിക്ഷേപവും നടത്തുന്നത്. സര്‍ക്കാറിന്റെ സുരക്ഷിതത്വമുള്ളതിനാല്‍ ഏറ്റവും സുരക്ഷിതമായ മ്യൂച്ചല്‍ഫണ്ട് ഗില്‍റ്റ് ഫണ്ടാണെന്നു വേണമെങ്കില്‍ പറയാം.
ഇന്‍ഡക്‌സ്, സെക്ടര്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന രീതിയും നിലവിലുണ്ട്. ചെറിയ മുതല്‍ മുടക്കില്‍ സുരക്ഷിതമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താമെന്നതു തന്നെയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രത്യേകത.

മുത്തൂറ്റ്‌ , മണപ്പുറം , പിന്നെ ....

പണ്ടു Gujarat Inject Kerala എന്ന പാലക്കാട്ടെ കമ്പനി പബ്ലിക് ഇഷ്യൂ നടത്തിയപ്പൊള്‍ ഏറ്റവും വലിയ റിസ്ക്‌ ആയി ആ കമ്പനി ജനങ്ങളോട് പറഞ്ഞതു ഫാക്ടറി കേരളത്തില്‍ ആണ് എന്നതാണ്.അന്ന് അതിനെതിരെ അന്നത്തെ നായനാര്‍ മന്ത്രി സഭ പ്രതികരിക്കുകയും ഉണ്ടായി.എന്നും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഭയമാണ് എല്ലാവര്‍ക്കും .കേരളത്തിലെ ലിസ്റ്റഡ് കമ്പനികളില്‍ നിക്ഷേപം ആകാമോ എന്നാണിവിടെ ചോദ്യം.ആകാമോ എന്നെനിക്കറിയില്ല. ആകാമായിരുന്നു എന്ന് വ്യക്തമായി പറയാനുമാകും. നിക്ഷേപകന്റെ തിരിച്ചറിവായിരുന്നു പ്രധാനം.Manufacturing കമ്പനികള്‍ക്ക് കേരളത്തില്‍ സാദ്ധ്യതകള്‍ വളരെ കുറവാണ്.പച്ച പിടിക്കാന്‍ ജീവന്‍ കൊടുക്കേണ്ടി വന്നാലും ചിലര്‍ അനുവദിക്കില്ല.എന്നാല്‍ സാദ്ധ്യതകള്‍ ഉള്ള പല മേഖലകള്‍ ഇല്ലാതില്ല. അത്തരത്തില്‍ ഉള്ള ഒരു മേഖല ആണ് ഫിനാന്‍സ് . ബാങ്കിംഗ് ,ബ്രോകിംഗ് ലീസിംഗ് എല്ലാം ഉള്‍പ്പെടുന്ന മേഖല ആണ് ഞാന്‍ ഫിനാന്‍സ് എന്ന് ഉദ്ദേശിച്ചത് അത് തിരിച്ചറിയാന്‍ വലിയ ബുദ്ധി ഒന്നും ആവശ്യമില്ല.കഴിഞ്ഞ 5 വര്‍ഷം നാം ഓഹരി വിപണിയില്‍ ഉയര്‍ച്ചകളും തകര്‍ച്ചകളും ഒരുപാടു കണ്ടു .റിലയന്‍സ് ,സത്യം പോലെ പല മറുനാടന്‍ ഭീമന്മാരിലും നിക്ഷേപിച്ചു പണം നഷ്ട്ടപ്പെടുത്തിയ മലയാളികള്‍ ധാരാളം. എന്നാല്‍ നമ്മുടെ പണം വാങ്ങി കേരളത്തില്‍ ബിസിനസ്സ് ചെയ്തു ജീവിക്കുന്ന ചില മലയാളി സ്ഥാപനങ്ങളില്‍ ഓഹരി എടുത്ത നിക്ഷേപര്‍ക്ക് കഴിഞ്ഞ 5 വര്‍ഷം കൊണ്ടു എന്ത് നേട്ടം ഉണ്ടായി എന്ന് നമുക്കൊന്നന്വേഷിക്കാം. 10 ജൂലൈ , 2004 ഇല്‍ താഴെ പറയുന്ന മലബാരി കമ്പനികളില്‍ ഷെയര്‍ നിക്ഷേപം നടത്തിയവര്‍ എന്ത് നേടി ?
1. Federal Bank ഇന്നു വില 223 , അന്ന് 73 രൂപ.(ഒരു ലക്ഷം ഇന്നു 3 ലക്ഷം )
2.South Indian Bank ഇന്നു വില 87 , അന്ന് 37 രൂപ.( ഒരു ലക്ഷം ഇന്നു 2.25 ലക്ഷം )
3.Geojit ഇന്നു വില 40 , അന്ന് 2.50 രൂപ .( ഒരു ലഷം ഇന്നു 16 ലക്ഷം )
4. Manappuram ഇന്നു വില 240, അന്ന് 6.50 രൂപ ( 1 ലക്ഷം ഇന്നു 37 ലക്ഷം )
5. Muthoot ഇന്നു വില 46, അന്ന് 2.20 രൂപ (ഒരു ലക്ഷം ഇന്നു 21 ലക്ഷം )
എപ്പോഴും എല്ലാവരും അറിയുന്ന വലിയ കമ്പനികളിലെ നിക്ഷേപം സുരക്ഷിതമാകാം എങ്കിലും വളരുന്ന കമ്പനികളെ കണ്ടെത്തി നടത്തുന്ന നിക്ഷേപങ്ങള്‍ കണക്കുകള്‍ പിഴക്കാതിരുന്നാല്‍ കൂടുതല്‍ ലാഭകരം ആകും എന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.സെന്‍സെക്സ്‌ അതിന്റെ വഴിക്ക് പോകട്ടെ...ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുകുന്ന നല്ല കമ്പനികളെ അവയുടെ മെറിറ്റ്‌ അനുസരിച്ച് കൈവിടാതിരിക്കുക..തല്‍ക്കാലം ഉണ്ടാകുന്ന വീഴ്ചകള്‍ അവസരമാക്കുക. നിക്ഷേപങ്ങള്‍ എപ്പോഴും പെട്ടെന്ന് ഫലം തരില്ല. ഇന്നു നാം നടുന്ന തെങ്ങില്‍ തയ്യില്‍ നിന്നു നാം നാളെ നാളികേരം കിട്ടുമെന്ന് നാം പ്രതീക്ഷി ക്കാറില്ലല്ലോ . തെങ്ങിന്‍ തയ്യിനു നല്‍കുന്ന നിരന്തര ശ്രദ്ധ തന്നെ നിങ്ങളുടെ നിക്ഷേപങ്ങളോടും ഉണ്ടാകണം.അവന്‍ വാങ്ങിയത് കൊണ്ടു ഞാനും വാങ്ങി എന്ന് പറയാതെ ഇന്ന കാരണങള്‍ കൊണ്ടു വാങ്ങി ഇന്ന കാരണം കൊണ്ടു വീണ്ടും വാങ്ങി എന്ന് സ്വയം വിശദീകരിക്കാന്‍ കഴിയണം.തെറ്റുകള്‍ ഉണ്ടായാല്‍ തിരുത്താന്‍ ദുരഭിമാനം തടസ്സമാകരുത്..

ഓഹരി വ്യാപാരത്തിന് ഒരു ബജറ്റ്

നിങ്ങള്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? ഏതെങ്കിലും ഒരിടത്ത് ഡി.പി എക്കൗണ്ട് തുറന്ന് ഉള്ള പണമ്ലെലാം അവിടെ നിക്ഷേപിച്ച്, പിന്നീട് പണമെല്ലാം പോയോ,,എന്നു വിളിച്ചുപറഞ്ഞു നടക്കുന്ന ആയിരങ്ങളില്‍ ഒരാളാവാതിരിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?
നിക്ഷേപകരെ നമുക്ക് രണ്ടായി തരംതിരിക്കാം. കൈയില്‍ പ്രത്യേകിച്ച് നീക്കിയിരിപ്പൊന്നുമില്ലെങ്കിലും പ്രതിമാസം ഒരു നിശ്ചിതതുക നിക്ഷേപിക്കാന്‍ തയ്യാറുള്ളവരാണ് ആദ്യത്തെ വിഭാഗം.
കൈയിലോ ബാങ്കിലോ കരുതി വച്ചിരിക്കുന്ന പണുളളവരും ഗോള്‍ഡ് ലോണിയിലൂടെയോ ചിട്ടിയിലൂടെയോ തുക സമാഹരിക്കാന്‍ കഴിവുള്ളവരുമാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടത്.
ആദ്യത്തെ വിഭാഗത്തെ നമുക്ക് പരിഗണിക്കാം. ഈ വിഭാഗത്തിന് ഡി.പി എക്കൗണ്ട് തുറന്നതിനുശേഷം വാങ്ങാന്‍ ഏറ്റവും യോജിച്ച രണ്ടോ മൂന്നോ ഷെയറുകള്‍ കണ്ടെത്തണം. ഉദാഹരണത്തിന് 2000 രൂപയാണ് ഒരു മാസം നിക്ഷേപിക്കാന്‍ കഴിയുന്നത് എന്നിരിക്കട്ടെ. ഉദാഹരണത്തിന് ഫെഡറല്‍ ബാങ്കില്‍ ഒരു വര്‍ഷം മുമ്പ് 2000 രൂപ വച്ച് നിക്ഷേപിച്ചു വരുന്ന ഒരാള്‍ക്ക് എത്ര ലാഭം കിട്ടുമെന്ന് നോക്കാം.
ജനുവരിയില വില 256 രൂപയാണെന്നിരിക്കട്ടെ.നമുക്ക് ഏഴ് ഓഹരികളാണ് 2000 രൂപയ്ക്ക് കിട്ടുക. ജൂലൈ വരെ നമുക്ക് പ്രതിമാസം 7 ഏണ്ണം വീതം വാങ്ങാന്‍ പറ്റും. തൊട്ടടുത്ത മൂന്നു മാസം ആറെണ്ണം വീതവും.(കാരണം ഓഹരിയുടെ വില കൂടുന്നുണ്ട്) അതിനടുത്ത മാസങ്ങളില്‍ നാലെണ്ണം വീതവും വാങ്ങി വയ്ക്കാം. 49+18+8=75 ഓഹരികള്‍ കൈയിലായി. ഇനി എത്ര തുക ചെലവായിയെന്ന് നോക്കാം. 12×2000=24000.00rs. ഇനി ഇപ്പോള്‍ ഷെയറിനുള്ള വില നോക്കാം. 495.65 രൂപയാണ്. അപ്പോള്‍ 75 ഓഹരികളുടെ വില 37173.75 രൂപയാണ്. ലാഭം 17173.75 രൂപ. ഇനി ശതമാനകണക്കില്‍ നോക്കിയാല്‍ ലാഭം 52 ശതമാനത്തോളം വരും. ഇത്രയില്ലെങ്കിലും ബാങ്കിലും പോസ്റ്റ് ഓഫിസിലും ഇട്ടാല്‍ കിട്ടുന്ന പണത്തിന്റെ ഇരട്ടിയെങ്കിലും കിട്ടും.
ഇനി രണ്ടാമത്തെ വിഭാഗത്തെ പരിഗണിക്കാം. ഈ ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നത് 50000 രൂപയാണ്. ഈ തുകയെ നമുക്ക് മൂന്നായി തരം തിരിക്കേണ്ടതുണ്ട്. 20000+20000+10000. എന്ന ക്രമത്തില്‍ പണത്തെ ഭാഗിക്കണം. 20000 ദീര്‍ഘകാലനിക്ഷേപത്തിലും 20000 ട്രേഡിങിനും 10000 റിസര്‍വ് മണിയായും മാറ്റി വയ്ക്കുക.
ഏറ്റവും മികച്ച ഓഹരികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതില്‍ ഏറ്റവും മികച്ചതേതെന്ന് കണ്ടെത്തി വേണം ദീര്‍ഘകാലനിക്ഷേപത്തിനൊരുങ്ങാന്‍. ഇവിടെ നിങ്ങള്‍ക്ക് ഒരു ഓഹരി വിദഗ്ധന്റെ സേവനം തേടാം. ഉദാഹരണത്തിന് ഡിഷ് ടിവിയുടെ ഓഹരിയിലാണ് നിങ്ങള്‍ ഒരു വര്‍ഷം മുമ്പ് പണം നിക്ഷേപിക്കുന്നതെങ്കില്‍ ഒരു വര്‍ഷം കൊണ്ട് അത് വളര്‍ന്ന് 37390 രൂപയായിട്ടുണ്ടാവും. നിങ്ങള്‍ക്ക് അധികം ലഭിക്കുന്നത് 17390 രൂപയാണ്.
ഇനി ട്രേഡിങിനായി മാറ്റിവച്ച തുകയെ കുറിച്ച് പരിശോധിക്കാം. ഒരു ഓഹരി വാങ്ങി കഴിഞ്ഞാല്‍ അതില്‍ ഒരു വളര്‍ച്ചാനിരക്കും നിങ്ങള്‍ കാണണം. അത് ചുരുങ്ങിയത് 1 ശതമാനമായികൊള്ളട്ടെ. ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ പ്രതിമാസംം ഏറ്റവും ചുരുങ്ങിയത് നമുക്ക് അഞ്ച് ട്രേഡിങുകള്‍ നടത്താന്‍ കഴിയും. അത് ഉയര്‍ന്ന വിപണിയിലായാലും താഴ്ന്ന വിപണിയിലായാലും. കാരണം എപ്പോഴും ലാഭം മാത്രം പ്രതീക്ഷിക്കരുത്. സ്‌റ്റോപ്പ് ലോസ് വച്ചുവേണം ഓഹരികള്‍ കൈകാര്യം ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ 20000 ഒരു മാസം അഞ്ച് ട്രേഡിങ് നടത്തിയാല്‍ ഒരു ലക്ഷത്തിന്റെ വാങ്ങല്‍ നടന്നുവെന്ന് കരുതാം. ഒരു ലക്ഷത്തിന്റ 1 ശതമാനമായി നമ്മള്‍ മനസ്സില്‍ കണക്കുകൂട്ടിനോക്കിയാല്‍ ലഭിക്കുന്ന പണം 1000 രൂപ. പ്രതിവര്‍ഷം 12000 രൂപ.
ഇനി റിസര്‍വ് പണം എന്തിനാണെന്ന് നോക്കാം. നമ്മള്‍ മികച്ച ഓഹരികള്‍ വാങ്ങിയാലും ചിലപ്പോള്‍ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ വില കുറഞ്ഞേക്കും. ഇത്തരം സാഹചര്യത്തില്‍ ഓഹരിയെ കുറിച്ച് നമുക്ക് ഉറച്ചവിശ്വാസമുണ്ടെങ്കില്‍ 10000 രൂപയ്ക്ക് കൂടി അതു തന്ന വാങ്ങാം. അങ്ങനെ വരുമ്പോള്‍ നേരത്തെ വാങ്ങിയ ഉയര്‍ന്നവിലയും രണ്ടാമത് വാങ്ങിയ താഴ്ന്ന വിലയും ചേര്‍ന്ന് ഓഹരി വില ആവറേജ് ചെയ്യപ്പെടും. മികച്ച ഓഹരിയായതുകൊണ്ട് വില പെട്ടെന്ന് ഉയരുകയും ആ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. ആദ്യം വാങ്ങിയ വിലയിലെത്തികഴിഞ്ഞാല്‍ 10000 വീണ്ടും റിസര്‍വ് മണിയാക്കി മാറ്റിവയ്ക്കാം.
ഇത്തരത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്ന വരുമാനം 17390+12000. ലാഭം ഇവിടെ 60 ശതമാനത്തോളം. ഇത് മുന്നോട്ടു വയ്ക്കുന്ന ഒരു ആശയം മാത്രമാണ്. ഇതില്‍ വ്യക്തിപരമായ മാറ്റങ്ങള്‍ വരുത്തി ഓരോരുത്തര്‍ക്കും അവരുടെതായ ഒരു രീതി കണ്ടെത്താവുന്നതാണ്.

ഓഹരി - ഒരു ആമുഖം

ഈ ബ്ലോഗ് നിക്ഷേപത്തെക്കുറിച്ചാണ്, കൃത്യമായി പറഞ്ഞാല്‍, ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള നിക്ഷേപമാര്‍ഗ്ഗമെന്ന് വിശേഷിക്കാവുന്ന ഓഹരിയെക്കുറിച്ചാണ്. 
എന്താണ് ഓഹരി? ലളിതമായി പറഞ്ഞാല്‍ കമ്പനിയുടെ ഉടമസ്ഥത എന്നാണ്. ചലനാത്മകവും മികച്ച നേട്ടമുണ്ടാക്കിത്തരുന്നതും ഗൌരവമേറിയതുമായ നിക്ഷേപമാര്‍ഗ്ഗമാണ് ഓഹരി നിക്ഷേപം. 100 വര്‍ഷത്തിലേറെയായി ഓഹരി നിക്ഷേപം ഒരു ആസ്തിയെന്ന നിലയില്‍ മറ്റെല്ലാ ആസ്തികളെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. നാണ്യപ്പെരുപ്പത്തേക്കാള്‍ വളരെ മെച്ചപ്പെട്ട വരുമാനം സ്ഥിരമായി നേടിത്തരുന്ന ഏക ആസ്തിയും ഓഹരിയാണ്. 
ഓഹരി വിപണിയെ ചൂതാട്ടകേന്ദ്രമായിട്ടാണ് കേരളത്തിലെ മിക്ക നിക്ഷേപകരും കാണുന്നത്. അതിന് കാരണവുമുണ്ട്. 1990കളില്‍ നിക്ഷേപകര്‍ക്ക്, പ്രത്യേകിച്ച് വിദേശ ഇന്ത്യക്കാരായ നിക്ഷേപകര്‍ക്ക് ഓഹരിവിപണിയിലും, തേക്ക്, ആട്, മാഞ്ചിയം, ആട് നിക്ഷേപപദ്ധതികളിലുമായി ധാരാളം പണം നഷ്ടമായി, അതുപോലെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നോനോ എക്സല്‍, ബിസയര്‍ തുടങ്ങി അനേകം നിക്ഷേപമാര്‍ഗത്തില്‍ പണമിറക്കി നഷ്ടമായി. 
ഓഹരിയില്‍ നിന്നും പണമുണ്ടാക്കാന്‍ നിക്ഷേപകര്‍ സെന്‍സെക്സ് സൂചിക പ്രവചിക്കാനൊന്നും ശ്രമിക്കേണ്ടതില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം ദീര്‍ഘകാലത്തേക്ക്  വാങ്ങുമ്പോള്‍ സെന്‍സെക്സിനൊന്നും അതില്‍ യാതൊരു പങ്കുമില്ല.സെന്‍സെക്സ് സൂചികയുടെ നീക്കമനുസരിച്ച് കമ്പനിയുടെ വളര്‍ച്ചയും വരുമാനസാധ്യതയും മാറിമറിയുന്നില്ല. സെന്‍സെക്സ്, വിപണിയുടെ പൊതുവികാരത്തെ, പൊതുമനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നേയുള്ളു. അതും 30 വന്‍കിട ഓഹരികളെ അടിസ്ഥാനമാക്കി മാത്രം. 
തീര്‍ച്ചയായും വിപണിയുടെ പൊതുമനോഭാവം അറിഞ്ഞിരിക്കുന്നത് നല്ലതുതന്നെ. ഇടപാട് നടത്തുന്നതിനുള്ള സമയത്തെക്കുറിച്ച് ഏകദേശധാരണ കിട്ടാന്‍ ഇതു സഹായിക്കും. ഓരോ കമ്പനിയുടെയും മൂല്യം നിക്ഷേപകന്‍ പരിശോധിക്കണം. കമ്പനിയുടെ ആന്തരീകമൂല്യത്തെക്കാള്‍ മാര്‍ക്കറ്റ് വില വളരെ കുറവാണെങ്കില്‍ അതു വാങ്ങുക. വിപണിവില ആന്തരീകമൂല്യത്തിനടുത്തെത്തുംവരെ അത് സൂക്ഷിച്ചു വയ്ക്കുക. ഇതിനെ പറയുന്നതാണ് വാല്യൂ ഇന്‍വെസ്റ്റിഗ്. 
ഓഹരി വിലയിലെ കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ചെറുകിട നിക്ഷേപകര്‍ പലപ്പോഴും നിരാശരാവുന്നത്. വിപണിയിലെ വന്‍വ്യതിയാനങ്ങളും, വിപണിയോടൊത്ത് നീങ്ങുന്നതും മിടുക്കരായ നിക്ഷേപകര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കും. 
വിപണിയില്‍ മൂല്യം എവിടെയാണെന്ന് കണ്ടെത്തുവാന്‍ പഠിക്കുക. സുരക്ഷിതത്വം, മികച്ച വരുമാ‍നം, ദീര്‍ഘകാലത്തില്‍ മൂല്യവര്‍ദ്ധന നേടാനുള്ള വലിയ സാധ്യത തുടങ്ങിയയെല്ലാം ഒരു നിക്ഷേപത്തെ മൂല്യമുള്ളവയുടെ വിഭാഗത്തില്‍പ്പെടുത്തുന്നു. 
ദീര്‍ഘകാല സാമ്പത്തികവളര്‍ച്ചയ്ക്ക് അനുഗുണമായ വിധത്തില്‍ ജനസംഖ്യയുടെ പകുതിയിലധികവും യുവാക്കളാണ് ഇന്ത്യയില്‍. മാത്രവുമല്ല അവര്‍ ഇന്ത്യയില്‍ ഉപഭോഗകേന്ദ്രികൃതമായ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുന്നു. സര്‍ക്കാരുകളാകട്ടെ സാമ്പത്തിക രംഗത്തെ ഈ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ അടിസ്ഥാനസൌകര്യമേഖലയില്‍ വന്‍നിക്ഷേപമാണ് നടത്തുന്നത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നില നിര്‍ത്താന്‍ സഹായിക്കും. 

ഉദാരവത്കരണം ഭയപ്പെട്ടിരുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ന് ആഗോളമത്സരത്തെ നേരിടാനുള്ള കരുത്ത് നേടിയെന്ന് മാത്രമല്ല സ്വപ്നങ്ങളും കണ്ടുതുടങ്ങിയിരിക്കുന്നു. ഇന്ന് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശകമ്പനികള്‍ വാങ്ങിക്കൂട്ടുന്നത് ഇന്ത്യന്‍ കമ്പനികളാണ്. ആഗോളവലുപ്പമുള്ള കമ്പനികള്‍ ഇന്ന് ഇന്ത്യന്‍ വ്യവസായികള്‍ക്ക് സ്വപ്നമല്ല യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ചാമ്പ്യന്മാരായിരുന്ന പല രാജ്യങ്ങളും ഇന്ന് അല്‍പ്പം ഭയത്തോടെയാണ് ഇന്ത്യന്‍ കമ്പനികളെ വീക്ഷിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. 

ഇന്ത്യയിലെ പ്രമുഖകമ്പനികളെല്ലാം ഉല്പാദനക്ഷമമാവുകയും, ആഗോളതലത്തില്‍ വളരുവാന്‍ ശ്രമിക്കുകയുമാണ്. ചെറുകിട, ഇടത്തരം കമ്പനികളും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. അവയും ആഭ്യന്തര, ആഗോളതലത്തില്‍ ഉയരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ കാര്യക്ഷമവും, നൂതനവുമായിരിക്കുകയാണ്. ഈ സ്വപ്നത്തിന്റെ തുടക്കം ഐ.റ്റി മേഖലയുടെ കയറ്റുമതിവളര്‍ച്ചയോടെയായിരുന്നു. ഇന്ന് ലോകമെങ്ങും ഇന്ത്യന്‍ ഐ.റ്റി പ്രഫഷണലുകളും, ഇന്ത്യന്‍ കമ്പനികളും ബഹുമാനം നേടിയിരിക്കുന്നു. ഈ ബഹുമാനം പതിയെപ്പതിയേ മറ്റു മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഫാര്‍മ, ഓട്ടോ അനുബന്ധ ഘടകവസ്തുക്കള്‍, എന്‍ജിനീയറിംഗ്, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ ഇനി വലിയ സാധ്യതകളാണ് വരാന്‍ പോവുന്നത്. 

ഓഹരി വിപണി ഇഷ്ടപ്പെടുന്നുവെങ്കില്‍ അതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനുബന്ധവാര്‍ത്തകളും, ലോകത്ത് നടക്കുന്ന വിവരങ്ങളും സസൂക്ഷ്മം പരിശോധിക്കേണ്ടതാണ്. ഉദാഹരണം ഇപ്പോള്‍ കുറഞ്ഞകാലത്തേക്ക് ടാറ്റ സ്റ്റീലിന്റെ ഓഹരി വാങ്ങിയാല്‍ ലാഭം കിട്ടുമെന്ന് പറയുന്നത് വെറുതെയാണ്. കാരണം ഇപ്പോള്‍ ഇന്ത്യയില്‍ മഴക്കാലമാണ്. ഈ മഴക്കാലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതുവേ നീര്‍ജ്ജീവമായിരിക്കും അതിനാല്‍ തന്നെ സ്റ്റീല്‍, സിമന്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ വില്പന കുറവായിരിക്കും, അതിനാല്‍ തന്നെ അതിന്റെയൊക്കെ ഓഹരി വിലയും താഴെയായിരിക്കും പക്ഷെ ദീര്‍ഘകാലത്തെക്കാണെങ്കില്‍ ഇപ്പോള്‍ കുറഞ്ഞ സമയത്ത് അതു വാങ്ങുന്നതു നന്നായിരിക്കും. 

ഓഹരിയില്‍ ഒരിക്കലും ടിപ്പുകളുടെയും, റെക്കമെന്റേഷനുകള്‍ക്കൊപ്പം പോവുന്നത് നല്ലതല്ല. പിന്നെ ഓഹരി വിപണിയില്‍ പൈസ നിക്ഷേപിച്ച് പിന്നെ അതിനെക്കുറിച്ച് ശ്രദ്ധിക്കാതെയിരുന്നാല്‍ അത് വിപരീതഫലമാവും ചെയ്യുക. ഒരു ചെടി നട്ടാല്‍ അത് വളര്‍ന്ന് പൂ‍വായി, കായായി, അത് വിളവെടുപ്പിനു പാകമാവുമ്പോള്‍ പറിച്ചെടുക്കുന്നപോലെതന്നെയാണ് നമ്മുടെ നിക്ഷേപവും. നമ്മുടെ നിക്ഷേപത്തിന് ലാഭം കിട്ടിയെന്ന് കരുതുമ്പോള്‍ അത് വില്‍ക്കുക.

ഓഹരി ഇടപാടു തുടങ്ങാന്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം.

ഓഹരിയില്‍ നിക്ഷേപം നടത്തി ആകര്‍ഷകമായ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണം കയ്യാളുന്ന സെക്യുറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെബിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇന്ത്യയില്‍ നിക്ഷേപം സാധ്യമാകൂ.

വ്യക്തിഗത നിക്ഷേപകരെ ചെറുകിട നിക്ഷേപകര്‍ അഥവാ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് നിക്ഷേപം നടത്താന്‍ ആവശ്യമായ നിബന്ധനകള്‍ താഴെ പറയുന്നവയാണ്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമേ വ്യക്തികള്‍ക്ക് ഇടപാടു നടത്താനാകൂ. അതിനായി ആദ്യം വേണ്ടത് ബ്രോക്കര്‍മാരുടെ അടുത്ത് ട്രേഡിങ് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും (ഡീമാറ്റ്) ആരംഭിക്കുകയാണ്.

ഇത് തുറക്കാനായി വിശ്വാസ്യതയുള്ള ബോക്കറെ തിരഞ്ഞെടുക്കുകയാണ് നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത്. അതു കഴിഞ്ഞാല്‍ നിങ്ങളും ബ്രോക്കറും തമ്മിലുള്ള ബന്ധം ഉറപ്പാക്കാനുള്ള നടപടി ക്രമങ്ങളാണ്. ഇതിനായി നോ യുവര്‍ ക്ലയന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. ഫോട്ടോ, ഇടപാടുകാരന്റെ വിശദവിവരങ്ങള്‍ , തിരിച്ചറിയല്‍ രേഖകള്‍ , പാന്‍ നമ്പര്‍ എന്നിവയെല്ലാം ഇവിടെ ആവശ്യമാണ്. ക്ലയന്റ് ബ്രോക്കര്‍ എഗ്രിമെന്റ്, റിസ്‌ക് ഡിസ്‌ക്ലോഷര്‍ ഡോക്യുമെന്റ് എന്നിവയും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്.
ഇതെല്ലാം പൂര്‍ത്തിയായാല്‍ ബ്രോക്കര്‍ നിങ്ങള്‍ക്കായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡിങ് അക്കൗണ്ട് ആണിത്. തുടര്‍ന്ന് ബ്രോക്കര്‍ ഒരു യുണീക്ക് ക്ലയന്റ് കോഡ് നിങ്ങള്‍ക്കായി അനുവദിക്കും. ആ കോഡ് വഴി നിങ്ങള്‍ക്ക് ആ ബ്രോക്കര്‍ വഴി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.

നിങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ പേപ്പര്‍ രൂപത്തിലല്ല, ഇലക്‌ട്രോണിക് രൂപത്തിലാണ് ഇപ്പോള്‍ സൂക്ഷിക്കുക. അതിനായാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനു സമാനമാണിത്. എസ് ബി അക്കൗണ്ടില്‍ പണം ആണ് സൂക്ഷിക്കുന്നതെങ്കില്‍ ഡീമാറ്റില്‍ ഓഹരികളാണ് എന്നുമാത്രം. വാങ്ങുന്ന ഓഹരികള്‍ ഈ അക്കൗണ്ടിലേയ്ക്ക് കൂട്ടി ചേര്‍ത്തുകൊണ്ടിരിക്കും. വില്‍ക്കുന്ന ഓഹരികള്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും. ഫലത്തില്‍ നിങ്ങളുടെ ഓഹരികളുടെ കൃത്യമായ വിവരം ഡീമാറ്റ് അക്കൗണ്ടില്‍ ഉണ്ടായിരിക്കും.

സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ പേരു ചേര്‍ത്തിട്ടുള്ള അഥവാ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് നമ്മള്‍ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുക. എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) , ബിഎസ്ഇ (ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്നീ രണ്ട് പ്രധാന എക്‌സ്‌ചേഞ്ചുകളാണ് ഇപ്പോള്‍ ഉള്ളത്. ഇവയുടെ ടെര്‍മിനലുകളില്‍ നിന്ന് നിങ്ങള്‍ക്കായി നടത്തുന്ന ഇടപാടുകളില്‍ പണം നല്‍കേണ്ട ഉത്തരവാദിത്വം നിങ്ങളുടെ ബ്രോക്കര്‍ക്കാണ്. അതിനായി നിങ്ങള്‍ ബ്രോക്കറുടെ പേരില്‍ അക്കൗണ്ട് പേയി ചെക്ക് നല്‍കണം.
ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ബ്രോക്കറോട് ആവശ്യപ്പെടാം. നേരിട്ട് ചെന്നോ ഫോണ്‍ വഴിയോ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാം. ഇതുപ്രകാരമാണ് ബ്രോക്കര്‍ നിങ്ങള്‍ക്കായി ഇടപാടു നടത്തുന്നത്.

ഇടപാട് നടത്തിയാല്‍ ബ്രോക്കര്‍ ഒരു ട്രേഡ് കണ്‍ഫര്‍മേഷന്‍ സ്ലിപ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ ഇടപാടു സംബന്ധിച്ച കോണ്‍ട്രക്ട് നോട്ടും ബ്രോക്കര്‍ നല്‍കേണ്ടതുണ്ട്. ഓര്‍ഡര്‍ നമ്പര്‍, സമയം, വില, ബോക്കറേജ് എന്നിവയടക്കം ഇടപാടു സംബന്ധിച്ച എല്ലാ വിവരങ്ങളും വ്യക്തമാക്കിയിട്ടുള്ള ഈ കോണ്‍ട്രാക്ട് നോട്ട് നിയമപരമായ രേഖയാണ്. ഒരു ദിവസം നിങ്ങള്‍ക്കായി നടത്തിയ ഇടപാടിന്റെ രേഖയാണ് കോണ്‍ട്രക്ട് നോട്ട്. ഇടപാടു സംബന്ധിച്ചുള്ള പരാതികളും ക്ലെയിമുകളും സെറ്റില്‍ ചെയ്യാനുള്ള രേഖയാണിത്. ബ്രോക്കര്‍ക്ക് എതിരായി പരാതി സമര്‍പ്പിക്കേണ്ട ആവശ്യം വന്നാല്‍ അതിനുള്ള തെളിവും ഈ നോട്ടാണ്.

കോണ്‍ട്രക്ട് നോട്ടിലെ വിവരങ്ങള്‍ സംബന്ധിച്ച് സംശയം നിങ്ങള്‍ക്കുണ്ടായാല്‍ എക്‌സ്‌ചേഞ്ചുകളുടെ സൈറ്റുകളില്‍ അവ പരിശോധിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. ഇടയ്ക്ക് ഇത്തരത്തില്‍ പരിശോധന നടത്തി ബ്രോക്കറെ കുറിച്ചുള്ള വിശ്വാസ്യത ഉറപ്പിക്കാവുന്നതാണ്.

ഇടപാടു നടത്തി 24 മണിക്കൂറുകള്‍ക്കുള്ളില്‍ അതു സംബന്ധിച്ച പണം ഇടപാടുകളും സെറ്റില്‍ ചെയ്തിരിക്കണമെന്നാണ് സെബിയുടെ നിബന്ധന. അതിനാണ് ടി പ്ലസ് ടു എന്നു പറയുന്നത്. ഓഹരി വാങ്ങിയാല്‍ രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കും. വില്‍ക്കുമ്പോഴാകട്ടെ അതിനുള്ള തുക അത്രയും സമയത്തിനുള്ളില്‍ അക്കൗണ്ടില്‍ വരും. ആവശ്യാനുസരണം ആ പണം ബ്രോക്കര്‍ വഴി പിന്‍വലിക്കാം.

ഇന്റര്‍നെറ്റ് ട്രേഡിങ് വഴി എപ്പോള്‍ എവിടെയിരുന്നും നേരിട്ട് ഇടപാടു നടത്താനും ഇപ്പോള്‍ സാധിക്കും. പക്ഷേ അതിനും ബ്രോക്കറുടെ പക്കല്‍ നിന്ന് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ ആവശ്യമാണ്.

ട്രേഡിങ് അക്കൗണ്ട് തുടങ്ങാനും മറ്റുമായി 2000 രൂപ മുതല്‍ 5000 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം ബ്രോക്കിങ് ഹൗസുകളും ഇപ്പോള്‍ സൗജന്യമായാണ് ട്രേഡിങ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത്. ഓഹരിയിടപാടില്‍ ലഭിക്കുന്ന ബ്രോക്കറേജ് ആണ് ബ്രോക്കിങ് ഹൗസുകളുടെ വരുമാനം. പരമാവധി 2.5 ശതമാനം വരെ ബ്രോക്കറേജ് ആയി ഈടാക്കാന്‍ സെബി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ വളരെ ചെറിയ ശതമാനമേ ഇപ്പോള്‍ ബ്രോക്കര്‍മാര്‍ ഈടാക്കുന്നുള്ളൂ. ബ്രോക്കറേജിനു പുറമെ സര്‍വീസ് ചാര്‍ജ്, ടാക്‌സ് എന്നിവയും ഇടപാടുകാരില്‍ നിന്ന് ഈടാക്കും.

വിദേശ മലയാളികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോള്‍

വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താമോ? ഏതൊരു വിദേശ ഇന്ത്യക്കാരനും തോന്നാവുന്ന സംശയമാണിത്. എന്‍.ആര്‍.ഐകള്‍ക്ക് ഇന്ത്യയില്‍ ഓഹരി നിക്ഷേപം നടത്താനായുള്ള പദ്ധതിയാണ് പി.ഐ.എസ് അഥവാ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ്് സകീം. ഈ സ്‌കീമില്‍ ഓഹരിവ്യാപാര സൗകര്യമുള്ള ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

പി.ഐ.എസ് പദ്ധതി അനുസരിച്ച് ദൈനംദിന വ്യാപാരം നടത്താന്‍ കഴിയില്ല. അതായത് തിങ്കളാഴ്ചയാണ് എന്‍ആര്‍ഐ നിക്ഷേപകന്‍ ഓഹരി വാങ്ങുന്നതെങ്കില്‍ ഇത് വില്‍ക്കാനായി ബുധനാഴ്ച വരെ കാത്തു നില്‍ക്കേണ്ടി വരും. ഈ പദ്ധതി അനുസരിച്ചുള്ള വ്യാപാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലായിരിക്കും.

എന്‍.ആര്‍.ഐകള്‍ക്കും മറ്റ് നിക്ഷേപകരെപ്പോലെ വ്യാപാരത്തിനായി ഡീമാറ്റ് അക്കൗണ്ട്( ഇലക്ട്രോണിക്ക് ട്രേഡിങ് അക്കൗണ്ട്) തുറക്കേണ്ടതുണ്ട്. ഇതിനായി ബ്രോക്കിങ് ഏജന്‍സികളുടെ സഹായം തേടുകയാവും അഭികാമ്യം. ബ്രോക്കിങ് ഏജന്‍സികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകൃത ഏജന്‍സി തന്നെയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലവില്‍ താമസിക്കുന്ന രാജ്യത്ത് സേവന കേന്ദ്രങ്ങളുള്ള ഏജന്‍സി തിരഞ്ഞെടുക്കുകയായിരിക്കും നല്ലതെന്ന് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജെ.ആര്‍.ജി സെക്യൂരിറ്റീസിലെ സീനിയര്‍ മാനേജര്‍ രാധാകൃഷ്ണന്‍ ഭട്ട് അഭിപ്രായപ്പെടുന്നു.

സ്വന്തം പോര്‍ട്ട്‌ഫോളിയോ സംബന്ധിച്ചുള്ള സംശയങ്ങളും മറ്റും ലഘൂകരിക്കാന്‍ ഇത് കൂടുതല്‍ സഹായകമാവും. ജെ.ആര്‍.ജി സെക്യൂരിറ്റീസ്, ജിയോജിത് ബി.എന്‍.പി പാരിബ, ഡി.ബി.എഫ്.എസ്, ഷേര്‍ഖാന്‍ എന്നിങ്ങനെയുള്ള ബ്രോക്കിങ് ഏജന്‍സികള്‍ക്ക് നിലവില്‍ വിദേശരാജ്യങ്ങളില്‍ സേവന കേന്ദ്രങ്ങളുണ്ട്.

ബ്രോക്കിങ് ഏജന്‍സി തിരഞ്ഞെടുക്കുമ്പോള്‍ ഏജന്‍സിയുടെ നിലവാരവും സേവനവും മനസ്സിലാക്കുക അത്യാവശ്യമാണ്. ഏജന്‍സിക്ക് സ്വന്തം രാജ്യത്തുള്ള സാന്നിധ്യം, കമ്പനിയുടെ ആസ്തി, കടബാധ്യത സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അറിയാന്‍ കഴിഞ്ഞാല്‍ ഏജന്‍സിയുടെ നിലവാരമളക്കാന്‍ കഴിയും. അതുപോലെ സെബിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മുന്‍പ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

വ്യാപാരം തുടങ്ങുന്നതിന് മുന്‍പ് ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും നഷ്ട സാധ്യതയും മനസിലാക്കിയിരിക്കണം. നേട്ടം സ്വന്തം രാജ്യത്തെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതി വേണോ അതൊ വിദേശത്തെ അക്കൗണ്ടില്‍ സൂക്ഷിക്കുന്ന രീതിയില്‍ വേണോ എന്നും തീരുമാനിക്കണം. നിലവിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ ഓഹരി വ്യാപാരം നടത്താന്‍ കഴിയുമെങ്കില്‍ അങ്ങനെയുമാവാം. എന്നാല്‍ ഇത് ബാങ്കുമായി ബന്ധപ്പെട്ടതിന് ശേഷം തീര്‍ച്ചപ്പെടുത്തേണ്ടതാണ്. ഇനി പുതിയ അക്കൗണ്ട് തുറക്കുന്ന സാഹചര്യത്തില്‍ മിക്ക ബാങ്കുകളുടെയും വെബ്‌സൈറ്റില്‍ നിന്ന് തന്നെ ഇതിനായുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഓര്‍ക്കണം. അപേക്ഷ ഒപ്പിട്ട് നല്‍കുന്നതിന് പേജുകളില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. അക്കൗണ്ട് തുറക്കുന്നതിനായി ബാങ്കുകള്‍ വ്യത്യസ്ഥമായ ഫീസാണ് ഈടാക്കുന്നത്.

ഇന്ത്യയിലെ ഒരു ബ്രോക്കിങ് ഏജന്‍സി വഴി മാത്രമേ വിദേശ ഇന്ത്യക്കാര്‍ക്ക് ഓഹരി വ്യാപാരം നടത്താന്‍ സാധിക്കൂ. ഇനി ഇന്ത്യയില്‍ ഉള്ള ഒരു ബന്ധുവാണ് നിങ്ങള്‍ക്കായി വ്യാപാരം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും സൗകര്യമുണ്ട്. പക്ഷെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ബന്ധുവിന് അവകാശ പത്രം ഒപ്പിട്ടു നല്‍കണമെന്ന് മാത്രം.

പിന്നെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യം ഓഹരി നിക്ഷേപം മറ്റേതൊരു വ്യാപാരത്തിലെ നിക്ഷേപം പോലെയും ലാഭ-നഷ്ടങ്ങള്‍ക്ക് വിധേയമാണ് എന്നതാണ്. അതുകൊണ്ട് തന്നെ വലിയ നേട്ടങ്ങളില്‍ മാത്രം ലക്ഷ്യം വെക്കാതെ സ്ഥിരതയുള്ള നിക്ഷേപത്തിനായിരിക്കണം ഊന്നല്‍ കൊടുക്കേണ്ടത്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.