MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com
Showing posts with label SCIENCE. Show all posts
Showing posts with label SCIENCE. Show all posts

Sunday, 26 June 2011

വരൂ... ഇനി മഴയളക്കാം...


തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്.


നമുക്കും ഒരു മഴമാപിനി നിര്‍മ്മിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
1. താഴെ മുതല്‍ മുകള്‍ ഭാഗം വരെ ഒരേ വലുപ്പമുള്ള ഒരു സിലിണ്‍‌ഡര്‍ ആകൃതിയിലുള്ള കണ്ണാടിക്കുപ്പി
2. ഒരു ചോര്‍പ്പ് (ഫണല്‍)
3. ഇന്‍സ്ട്രമെന്റ് ബോക്സിലെ ഒരു സ്കെയില്‍ (റൂളര്‍)

ചോര്‍പ്പിന്റെ മുകള്‍ഭാഗത്തെ വ്യാസവും (diameter) കണ്ണാടിക്കുപ്പിയുടെ ഉള്ളിലെ വ്യാസവും തുല്യമായിരിക്കാന്‍ ശ്രദ്ധിക്കുക. (ചോര്‍പ്പിന്റെ വായ് ഭാഗത്തിന് വലുപ്പം കൂടുതല്‍ ഉണ്ടെങ്കില്‍ കുറച്ച് വെട്ടിക്കളയുക.)

ചോര്‍പ്പ്, കണ്ണാടിക്കുപ്പിയുടെ വായിലേക്ക് തിരുകി വെക്കുക. ഇനി മഴവെള്ളം അളക്കുവാനുള്ള സ്കെയില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ, കുപ്പിയോട് ചേര്‍ത്ത് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ നമ്മുടെ മഴമാപിനി തയ്യാറായിക്കഴിഞ്ഞു.

ഇനി ഈ മഴ മാപിനി, കെട്ടിടങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്നും മറ്റും മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്ഥാപിക്കുക. കാറ്റില്‍ മറിയാതിരിക്കാന്‍ വല്ല കല്ലോ മറ്റോ ചുറ്റും വെക്കുകയുമാവാം.

ഓരോ ദിവസവും നിശ്ചിത സമയം, സ്കെയിലില്‍ നോക്കി മഴയുടെ അളവ് സെന്റീമീറ്ററില്‍ അളന്നു നോക്കാം. ചാര്‍ട്ടാക്കിയാല്‍ താരതമ്യം ചെയ്യലുമാകാം.

5 ല്‍ അവസാനിക്കുന്ന സംഖ്യകളുടെ വര്‍ഗ്ഗം(square) എളുപ്പത്തില്‍ കാണുന്ന സൂത്രവിദ്യ!!


25 ന്റെ വര്‍ഗ്ഗം 625

35 ന്റെ വര്‍ഗ്ഗം 1225
45 ന്റെ വര്‍ഗ്ഗം 2025
55 ന്റെ വര്‍ഗ്ഗം 3025
65 ന്റെ വര്‍ഗ്ഗം 4225
അങ്ങനെ അങ്ങനെ അങ്ങനെ.....

ഇനി ഇത് എളുപ്പത്തില്‍ പറയുന്ന വിദ്യ പഠിച്ചു കൊള്ളൂ...

അവസാനത്തെ 5 ഒഴിച്ചുള്ള സംഖ്യ പരിഗണിക്കുക. ഉദാഹരണത്തിന്, 35 ന്റെ വര്‍ഗ്ഗം കാണാന്‍ 5 ഒഴിച്ചു നിര്‍ത്തി 3 പരിഗണിക്കുക. ഇനി 3 ന് ശേഷം വരുന്ന എണ്ണല്‍ സംഖ്യ കൊണ്ട് (അതായത് 4) 3 നെ ഗുണിക്കുക.

3 x 4 = 12

5 ല്‍ അവസാനിക്കുന്ന സംഖ്യകളുടെ വര്‍ഗ്ഗം 25 ല്‍ ആയിരിക്കും അവസാനിക്കുന്നത്. അതുകൊണ്ട് 35 ന്റെ വര്‍ഗ്ഗം കാണാന്‍ 12 ന്റെ കൂടെ 25 കൂടെ ചേര്‍ത്തെഴുതുക. അതായത് 1225!

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
പൊതുവേ പറഞ്ഞാല്‍...
K5 ന്റെ വര്‍ഗ്ഗം K(K+1) കണ്ടുപിടിച്ചതിന് ശേഷം 25 എന്നു കൂടി വെറുതെ ചേര്‍ത്ത് എഴുതുക.
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

75 ന്റെ വര്‍ഗ്ഗം 7 x 8 & 25 = 5625ഇനി 85 ന്റെ വര്‍ഗ്ഗം തനിയെ പറയൂ....
എന്താ സൂത്ര വിദ്യ ഇഷ്ടമായോ

സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ?


ഒരു തയ്യല്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ - പൊങ്ങിക്കിടക്കും.


സാധാരണ ഗതിയില്‍ സൂചി വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു മുകളില്‍ വെച്ചു നോക്കൂ. അത്ഭുതം! സൂചി വെള്ളത്തിനു മുകളില്‍ തന്നെയിരിക്കുന്നു. മെഴുകോ എണ്ണയോ മറ്റോ അല്പം പുരട്ടിയ സൂചിയാണെങ്കില്‍ ഇത് എളുപ്പമായിരിക്കും. ഇനി ഇങ്ങനെ സാവധാനം വെച്ചിട്ടും താഴ്ന്നു പോകുന്നുണ്ടെങ്കില്‍ മറ്റൊരു സൂത്രവിദ്യയിലൂടെ സൂചി വെള്ളത്തില്‍ പൊക്കി നിര്‍ത്താം. വെള്ളത്തിനു മുകളില്‍ കുറച്ചു ഒപ്പുകടലാസ് അല്ലെങ്കില്‍ ടിഷ്യൂ പേപ്പര്‍ വെക്കുക. അതിനു മുകളില്‍ ഇനി സൂചി നന്നായി തുടച്ചിട്ട് വെക്കുക. ടിഷ്യൂ പേപ്പര്‍ നനയുമ്പോള്‍ ഒരു പെന്‍സില്‍ കൊണ്ട് കുത്തി വെള്ളത്തിലേക്ക് പതുക്കെ താഴ്ത്തുക. സൂചി മാത്രം വെള്ളത്തില്‍ പൊങ്ങിക്കിടക്കും.
തീര്‍ച്ചയായും ഇരുമ്പു കൊണ്ടുണ്ടാക്കിയ തയ്യല്‍ സൂചിക്ക് ജലത്തെ അപേക്ഷിച്ച് പല മടങ്ങ് സാന്ദ്രത കൂടുതലാണ്. പക്ഷേ എങ്ങനെയാണ് സൂചി പൊങ്ങിക്കിടക്കുന്നത്? പ്രതലബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍ കൊണ്ട് ജലതന്മാത്രകള്‍ ഒരുക്കുന്ന മെത്തയില്‍ വിശ്രമിക്കുകയാണ് നമ്മുടെ തയ്യല്‍ സൂചി.
ദ്രാവക തന്മാത്രകള്‍ പലരീതിയിലുള്ള ബലങ്ങള്‍കൊണ്ട് പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. ദ്രാവകത്തിന്റെ അന്തര്‍ഭാഗത്ത് ഓരോ തന്മാത്രയുടേയും നാലുവശത്തു നിന്നും മുകളില്‍ നിന്നും താഴെ നിന്നും മറ്റു തന്മാത്രകള്‍ ആകര്‍ഷിച്ച് വലിക്കുന്നതിനാല്‍ തന്മാത്രകള്‍ ഏകദേശം സന്തുലിതമായിരിക്കും. എന്നാല്‍ ദ്രാവകത്തിന്റെ മുകള്‍ഭാഗത്തെ സ്ഥിതി ഇതല്ല. അവിടെ മുകളിലേക്ക് വലിക്കാന്‍ മറ്റു തന്മാത്രകള്‍ ഇല്ലല്ലോ! താഴേക്കുള്ള വലിയെ പ്രതിരോധിക്കാന്‍ അതിനും മുകളില്‍ തന്മാത്രകള്‍ ഇല്ലാത്തതിനാല്‍ ദ്രാവകത്തിന്റെ മുകള്‍ ഭാഗം താഴെയുള്ള തന്മാത്രകള്‍ പിടിച്ച് വലിച്ച് ഒരു ഇലാസ്റ്റിക് പാളി പോലെ ആക്കുന്നു. ഇതാണ് പ്രതല ബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍!

ദ്രാവക തന്മാത്രകളുടെ ഈ പരസ്പര ആകര്‍ഷണ ബന്ധം ഇല്ലായിരുന്നുവെങ്കില്‍..... തന്മാത്രകള്‍ ദ്രുതഗതിയില്‍ ചലിച്ച് ചൂടുപിടിക്കുകയും വറ്റിപ്പോകുകയും മറ്റും ചെയ്തേനെ! ദൈവാനുഗ്രഹം.....

നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാം


താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം.

ആവശ്യമായ സാധനങ്ങള്‍
1. ഒരു ഇടത്തരം വലുപ്പമുള്ള ബലൂണ്‍
2. ഒരു പത്തു തുടം കുപ്പി
3. കുറച്ചു ചുണ്ണാമ്പ്
4. കുറച്ചു അലൂമിനിയം കടലാസ് (സിഗരറ്റിന്റെ കവറില്‍ നിന്നും ശേഖരിക്കാം)
5. കുറച്ചു അലക്കു കാരം

പത്തു തുടക്കുപ്പിയിലേക്ക് ചുണ്ണാമ്പ്, അലൂമിനിയം കടലാസ്, അലക്കു കാരം എന്നിവ ഇടുക. അതിലേക്ക് കുപ്പിയുടെ പകുതിയോളം ചെറു ചൂടുവെള്ളം ഒഴിക്കുക. അതിനു ശേഷം, ചിത്രത്തില്‍ കാണുന്നതു പോലെ, കുപ്പിയുടെ വായിലേക്ക് ബലൂണ്‍ കയറ്റിയിടുക.

കുറച്ചു സമയത്തിനു ശേഷം ബലൂണ്‍ അല്പാല്പമായി വീര്‍ത്തു വരുന്നതുകാണാം. ബലൂണ്‍ നന്നായി വീര്‍ത്തതിനു ശേഷം, ചെറിയ നൂല്‍ കൊണ്ട് നന്നായി കെട്ടി കുപ്പിയില്‍ നിന്നും മാറ്റുക. ഇനി ഈ ബലൂണ്‍ കൈപ്പത്തിയില്‍ വെച്ചു നോക്കൂ, അത് അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നു.

കലണ്ടര്‍ മാജിക്ക്


ഇന്ന് കലണ്ടര്‍ കൊണ്ടൊരു മാജിക്ക് നടത്തി കൂട്ടുകാരുടെ മുന്നില്‍ വിലസാം.


കൂട്ടുകാരനെ ഒരു കലണ്ടറിന് അഭിമുഖമായി നിര്‍ത്തുക. നിങ്ങള്‍ കൂട്ടുകാരനഭിമുഖമായി കലണ്ടര്‍ കാണാനകാതെയും നില്‍ക്കുക. സുഹൃത്തിനോട് കലണ്ടറിലെ ഏതെങ്കിലും തുടര്‍ച്ചയായ മൂന്നു സംഖ്യകള്‍ മനസ്സില്‍ വിചാരിച്ച് അവയുടെ തുക കണ്ടുപിടിച്ച് ഉറക്കെ പറയാന്‍ ആവശ്യപ്പെടുക. അത്ഭുതം! സുഹൃത്ത് മനസ്സില്‍ കണ്ട മൂന്നു സംഖ്യകള്‍ നിങ്ങള്‍ പറയുന്നു!

വിദ്യ നിസ്സാരമാണ്. സുഹൃത്ത് പറഞ്ഞ തുകയെ 3 കൊണ്ട് മനസ്സില്‍ ഹരിക്കുക. ഹരണഫലമാണ് മൂന്നു സംഖ്യകളില്‍ രണ്ടാമത്തെ സംഖ്യ. ഇതില്‍ നിന്ന് ഒന്നു കുറച്ചാല്‍ ആദ്യത്തെ സംഖ്യയും ഒന്നു കൂട്ടിയാല്‍ മൂന്നാമത്തെ സംഖ്യയും ലഭിക്കാന്‍ പ്രയാസമില്ലല്ലോ!

ആള്‍ജിബ്രായെ വിളിക്കാം.
ആദ്യത്തെ സംഖ്യ A എന്നിരിക്കട്ടെ
അപ്പോള്‍ രണ്ടാമത്തെ സംഖ്യ A+1 ഉം
മൂന്നാമത്തെ സഖ്യ A+2 ഉം ആയിരിക്കുമല്ലോ!

മൂന്നു സഖ്യകളുടെ തുക = A + (A+1) + (A+2) = 3A + 3
ഈ തുകയെ 3 കൊണ്ട് ഹരിച്ചാല്‍ നമുക്ക് A+1 ലഭിക്കും. അതായത് നമ്മുടെ രണ്ടാമത്തെ സംഖ്യ!

ഹൈഡ്രജനും ഓക്സിജനും വീട്ടില്‍ ഉണ്ടാക്കാമോ


രണ്ടു ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നാണ് ജലമുണ്ടായിരിക്കുന്നത് എന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? ഏതെങ്കിലും ഒരു രീതിയില്‍ ജലം വിഘടിപ്പിച്ച് എടുത്താല്‍ ഈ രണ്ടു വാതകങ്ങളും നമുക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമല്ലോ.


വൈദ്യുത വിശ്ലേഷണ പ്രക്രിയയിലൂടെ ജലത്തെ വിഘടിപ്പിക്കുന്ന വിദ്യ മനസ്സിലാക്കിക്കൊള്ളൂ.

ആവശ്യമായ സാധനങ്ങള്‍
1. ഒരു ചിരട്ട
2. പഴയ ഡ്രൈസെല്ലില്‍ നിന്നും വേര്‍പെടുത്തിയെടുത്ത വൃത്തിയാക്കിയ ഒരു കാര്‍ബണ്‍ ദണ്ഡ്.
3. കുറച്ച് അലക്കു കാരം
4. മൂന്ന് ഡ്രൈസെല്‍ ബാറ്ററി
5. ബന്ധിപ്പിക്കാനുള്ള വയറുകള്‍
6. പശ
7. വാതകം സംഭരിക്കാനുള്ള രണ്ടു ടെസ്റ്റ് ട്യൂബ്
8. വെള്ളം
ചിരട്ടക്കടിയില്‍ രണ്ട് ദ്വാരങ്ങള്‍ ഇടുക. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കാര്‍ബണ്‍ ദണ്ഡ് രണ്ടായിമുറിച്ച് ഓരോ ദണ്ഡും കുറച്ച് വെളിയിലേക്ക് തള്ളിയിരിക്കുന്ന രീതിയില്‍ ഓരോ ദ്വാരത്തിലും കയറ്റി വെച്ച് പശയുപയോഗിച്ച് സീല്‍ ചെയ്യുക. രണ്ട് വയറുകള്‍ അഗ്രത്തുള്ള ഇന്‍സുലേഷന്‍ നീക്കി ഓരോ ദണ്ഡിന്റേയും തള്ളിയിരിക്കുന്ന ഭാഗത്ത് നന്നായി ചുറ്റി ഉറപ്പിക്കുക. ചിരട്ടയിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം ഒരു നല്ല വൈദ്യുത ചാലകമല്ലാത്തതിനാല്‍ ചിരട്ടയിലെ വെള്ളത്തിലേക്ക് കുറച്ച് അലക്കുകാരം ഇട്ട് ഇളക്കുക.

വാതകം സംഭരിക്കുവാനായി നമ്മള്‍ കരുതിയ രണ്ട് ടെസ്റ്റ് ട്യൂബുകളിലും നിറയേ വെള്ളം നിറച്ച് തള്ളവിരല്‍ കൊണ്ടമര്‍ത്തി തലകീഴായി ചിരട്ടക്കുള്ളിലെ വെള്ളത്തില്‍ കാര്‍ബ്ബണ്‍ ദണ്ഡുകള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുക. ടെസ്റ്റ് ട്യൂബ് കിട്ടാത്തവര്‍ രണ്ട് ചെറിയ വെളുത്ത കുപ്പികള്‍ സംഘടിപ്പിച്ചാലും മതി.

വൈദ്യുതവിശ്ലേഷണത്തിനുള്ള സംവിധാനം തയ്യാറായിക്കഴിഞ്ഞു. ഇനി കാര്‍ബ്ബണ്‍ ദണ്ഡില്‍ ബന്ധിപ്പിച്ചിരിക്കുന്ന വയറുകളുടെ മറ്റു രണ്ടഗ്രങ്ങള്‍ ബാറ്ററിയുമായി ഘടിപ്പിക്കുക. ഇപ്പോള്‍ വൈദ്യുത വിശ്ലേഷണം ആരംഭിക്കുകയായി! ജലം വിഘടിച്ച് ഗുമിളകളായി ഓരോ ടെസ്റ്റ് ട്യൂബുകളിലും നിറയാന്‍ തുടങ്ങുന്നു. വാതകം നിറയുന്ന മുറക്ക് ടെസ്റ്റ് ട്യൂബില്‍ നിന്നും ജലം ഇറങ്ങിത്തുടങ്ങുന്നു.

വൈദ്യുതവിശ്ലേഷണപ്രക്രിയയില്‍ വൈദ്യുതി മൂലം വെള്ളത്തിന്റെ ഹൈഡ്രജന്‍-ഓക്സിജന്‍ രാസബന്ധത്തെ തകര്‍ത്ത് അവ തമ്മില്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. മുമ്പു സൂചിപ്പിച്ചതു പോലെ, വെള്ളത്തിന്റെ ഒരു തന്മാത്ര രണ്ടു് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നാണു് ഉണ്ടായിരിക്കുന്നതു്. അതിനാല്‍ ടെസ്റ്റ് ട്യൂബില്‍ നിറയുന്ന ഹൈഡ്രജന്റെ അളവ് ഓക്സിജനെ അപേക്ഷിച്ച് ഇരട്ടിയായിരിക്കും. നെഗറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (കാഥോഡ്) നിന്നും ഹൈഡ്രജനും പോസിറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (ആനോഡ്) നിന്നും ഓക്സിജനുമാണ് ഉണ്ടാകുന്നതു്.

കണ്ണിനുമുണ്ട് കഥ പറയാന്‍..



ഈ കാണുന്ന ചിത്രത്തിലേക്ക് 10-20 സെക്കന്‍ഡ് നേരം തുറിച്ചുനോക്കുക. ഇനി അടുത്തുള്ള വെളുത്ത ഏതെങ്കിലും പ്രതലത്തിലേക്ക് കണ്ണു പായിക്കുക. ചിത്രത്തിന്റെ അയഥാര്‍ത്ഥമായ മറ്റൊരു പ്രതിബിംബം ഇപ്പോള്‍ ദര്‍ശിക്കാന്‍ സാധിക്കുന്നു.

ഇതെങ്ങനെയാണ് സംഭവിക്കുന്നത്? കണ്ണിന്റെ ഒരു പ്രത്യേകതകൊണ്ടാണ് ഇതുണ്ടാകുന്നത്. ഈ ദൃശ്യത്തെ അനന്തരദൃശ്യം (ആഫ്റ്റര്‍ ഇമേജ്) എന്നു വിളിക്കാം. പരിധിയില്‍ കവിഞ്ഞ നേരം അനന്തരദൃശ്യം ദൃഷ്ടിയില്‍ തങ്ങിനിന്നാല്‍ അതൊരു അസുഖമായി ഗണിക്കപ്പെടും.

അനന്തരദൃശ്യങ്ങള്‍ രണ്ടു തരത്തിലുണ്ട്. പോസിറ്റീവ് അനന്തരദൃശ്യവും നെഗറ്റീവ് അനന്തരദൃശ്യവും. ചിത്രം അതേനിറത്തില്‍ ദൃഷ്ടിയില്‍ തങ്ങിനില്‍ക്കുന്നതാണ് പോസിറ്റീവ് അനന്തരദൃശ്യം. സിനിമയും കാര്‍ട്ടൂണും മറ്റും തടസ്സം അറിയാതെ കാണുന്നത് ഈ പ്രത്യേകതകൊണ്ടാണ്
(തുടരെ വീഴുന്ന ചിത്രങ്ങളാണല്ലോ വാസ്തവത്തില്‍ ചലിക്കുന്നതായി തോന്നുന്നത്). കണ്ണിന്റെ ഈ പ്രത്യേകത സമജ്ഞനക്ഷമത (പെഴ്സിസ്റ്റന്‍സ് ഓഫ് വിഷന്‍) എന്നറിയപ്പെടുന്നു. റെറ്റിനയുടെ കോശങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ തിരികെയാക്കാനുള്ള താമസമാണിതിനു കാരണം.

നെഗറ്റീവ് അനന്തരദൃശ്യം ഫോട്ടോയുടെ നെഗറ്റീവ് പോലെ നിറം തിരിഞ്ഞിരിക്കും. അവിടെ ചുവപ്പ് പച്ചയായും, പച്ച ചുവപ്പായും, നീല മഞ്ഞയായും മഞ്ഞ നീലയായും, കറുപ്പ് വെളുപ്പായും, വെളുപ്പ് കറുപ്പായും മാറിയുള്ള പ്രതിബിംബമാവും നാം കാണുക. മുകളിലെ ചിത്രത്തിലും ഈ പ്രതിഭാസം തന്നെയാണ് കാണാനായത്. റോഡോസ്പിന്‍ എന്ന രാസവസ്തുവാണ് റെറ്റിനയിലെ കോശങ്ങള്‍ക്ക് പ്രകാശസംവേദനക്ഷമത നല്‍കുന്നത്. പ്രകാശം പതിക്കുമ്പോള്‍ ഈ രാസവസ്തു അപ്രത്യക്ഷമാകുന്നു. പ്രകാശം ഏറിയാല്‍ പെട്ടെന്നാണതുണ്ടാകുക. തുറിച്ച് നോക്കുമ്പോള്‍ അങ്ങനെ നമ്മുടെ ചിത്രത്തിലെ നക്ഷത്രമുള്ള ഭാഗത്തെ റോഡോസ്പിന്‍ പെട്ടെന്ന് നഷ്ടമാകുകയും ആ ഭാഗം പ്രകാശത്തോട് നല്ലനിലയില്‍ പ്രതികരിക്കാതാവുകയും ചെയ്യും. പിന്നീട് നാം ഏതെങ്കിലും വെളുത്തപ്രതലത്തിലേക്ക് നോക്കുമ്പോള്‍, നക്ഷത്രം പതിഞ്ഞ റെറ്റിനയുടെ ഭാഗം പ്രകാശത്തോട് നല്ലനിലയില്‍ പ്രതികരിക്കാതാവുകയും കറുപ്പു നിറത്തില്‍ അനുഭവവേദ്യമാകുകയും ചെയ്യുന്നു.

കണ്ണിനും കഥ പറയാനുണ്ടെന്ന് ബോധ്യമായില്ലേ?