MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday, 1 January 2016

ജര്‍മ്മന്‍ നാഷണല്‍ ബാങ്ക് റോബറി 1995


ബാങ്ക് റോബറികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളവുകള്‍ നടന്നത് ജര്‍മ്മന്‍ ബാങ്കുകളിലായിരുന്നു. അക്കൂട്ടത്തിലെ ഏറ്റവും പ്രസിദ്ധമായ ഒന്നായിരുന്നു 1995 ല്‍ നടന്ന ജര്‍മ്മന്‍ നാഷണല്‍ ബാങ്ക് കവര്‍ച്ച. 1995 ജൂണ്‍ മാസത്തില്‍ ജര്‍മ്മന്‍ നാഷണല്‍ ബാങ്കില്‍ മുഖം മൂടിയ ആയുധധാരികളായ നാലുപേര്‍ കടക്കുകയും ആ സമയം ബാങ്കിലുണ്ടായിരുന്ന മുഴുവന്‍ ആള്‍ക്കാരേയും ബന്ദികളാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിട്ട് ബാങ്കിന്റെ ഷ്ട്ടറുകള്‍ താഴ്ത്തുന്നു. ജീവനക്കാരെ ബന്ദികളാക്കിയ കൊള്ളക്കാരുടെ ആവശ്യം 17 മില്യണ്‍ ജര്‍മ്മന്‍ മാര്‍ക്കും ഒരു കാറും സ്ഥലത്തു നിന്നും സുരക്ഷിതമായി രക്ഷപ്പെട്ടുപോകാനുള്ള ഒരു അവസരവും ആയിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ബാങ്കിനു മുന്നില്‍ ജനങ്ങളും പോലീസുമൊക്കെയായി ഒരു വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ബാങ്കിനുള്ളില്‍ ഉള്ള ആള്‍‍ക്കാരുടെ ജീവന്‍ അപകടത്തിലായതിനാല്‍ തന്നെ കൊള്ളക്കാരുടെ ആവശ്യം അംഗീകരിക്കുകഎന്ന ഒരു വഴിയേ പോലീസിനു മുന്നിലുണ്ടായിരുന്നുള്ളൂ. ബന്ദികളാക്കപ്പെട്ടിരുന്നവരോട് കണ്ണുകള്‍ മൂടിക്കെട്ടി ഏതെങ്കിലും ഒരു മൂലയിലിരുന്നാലപകടമുണ്ടാവുകയില്ലെന്ന്‍ കൊള്ളക്കാര്‍ പറഞ്ഞിരുന്നതിനാല്‍ ബന്ദികളും ജീവനക്കാരും അപ്രകാരം ചെയ്തു ഭീതിയോടെ കാത്തുനിന്നു. കുറേയേറേ സമയം കഴിഞ്ഞിട്ടും കൊള്ളക്കാരുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടാകാത്തതിനാല്‍ ഒടുവില്‍ എന്തും വരട്ടെയെന്ന്‍ കരുതി ബാങ്കിനകത്തുണ്ടായിരുന്ന ജീവനക്കാരിലൊരാള്‍ കണ്ണിലെ കെട്ടഴിച്ചുനോക്കിയിട്ട് ബാങ്കിന്റെ വാതില്‍ തുറന്നു. അകത്തേയ്ക്ക് ഇരച്ചുകയറിയ പോലീസിനു കാണാന്‍ കഴിഞ്ഞത് ആകെ ഭയന്നരണ്ട് നില്‍ക്കുന്ന ആള്‍ക്കാരെയും ബാങ്കജീവനക്കാരെയും മാത്രമായിരുന്നു. അക്രമകാരികളുടെ പൊടിപോലും അവിടെങ്ങുമുണ്ടായിരുന്നില്ല. കുറച്ചധികം നേരത്തെ തിരച്ചിലുകള്‍ക്ക് ശേഷമാണ് ജര്‍മ്മനി ഞെട്ടിപ്പോയ ഒരു വന്‍ ബാങ്ക് കൊള്ളയാണവിടെ നടന്നതെന്ന സത്യം എല്ലാവര്‍ക്കും മനസ്സിലായത്. ആ നാഷണലൈസ്ഡ് ബാങ്കിന്റെ അസ്ഥിവാരമിളക്കുന്നതരത്തില്‍ കള്ളന്മാര്‍ അതിനകത്തുണ്ടായിരുന്നത് മുഴുവന്‍ കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു അതിനകം.
ബാങ്കിലുണ്ടായിരുന്ന ഏകദേശം മുഴുവന്‍ പണവും കൊള്ളയടിക്കപ്പെട്ടിരുന്നു. സുരക്ഷിതമാക്കിവച്ചിരുന്ന സേഫുകളില്‍ ഒട്ടുമിക്കതും തകര്‍ക്കപ്പെട്ടിരുന്നു. വിശദമായ പരിശോധന നടത്തിയ പോലീസ് സംഘം ബാങ്കിന്റെ സ്ട്രോങ്ങ് റൂമില്‍ 170 മീറ്ററില്‍ കൂടുതല്‍ നീളമുള്ള ഒരു തുരങ്കം കണ്ടെത്തുകയുണ്ടായി. ആ തുരങ്കത്തിലൂടെ തിരഞ്ഞു ചെന്ന പോലീസ് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ ഒരു പുരയിടത്തിലുള്ള ഒരു ഗാരേജിലാണെത്തിചേര്‍ന്നത്. തുരങ്കത്തിനകത്ത് സീലിംഗ് ഒക്കെ ചെയ്തിരിക്കുന്നതും വൈദുതിലൈന്‍ വലിച്ച് ട്യൂബുകല്ള്‍ ഫിറ്റ് ചെയ്തിരിക്കുന്നതും കണ്ട പോലീസ് അത്ഭുതപരതന്ത്രരായി. ആളൊഴിഞ്ഞ ആ ഗാരേജ് കണ്ട പോലീസുകാര്‍ സമീപസ്ഥരോടൊക്കെ അന്വോഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏകദേശം 6 മാസങ്ങള്‍ക്ക് മുന്നേ ഒരു യുവാവ് ആ ഗാരേജ് വാടകയ്ക്കെടുത്തു എന്ന ഒരു ഓര്‍മ്മ മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. പകല്‍ സമയത്തൊക്കെ പല പലസാധനങ്ങള്‍ കൊണ്ട് വന്ന്‍ ഗാരേജിനകത്ത് സൂക്ഷിക്കുന്നതും മറ്റും കണ്ടിരുന്ന നാട്ടുകാര്ക്ക് ഗാരേജ് വാടകയ്ക്കെടുത്ത ആളിനെക്കുറിച്ചു ഒരു ധാരണയുമില്ലായിരുന്നു.‍
സമര്‍ത്ഥരായ കൊള്ളക്കാര്‍ പകല്‍ സമയങ്ങളില്‍ ഗാരേജ് ഒരു സ്റ്റോര്‍ പോലെ ഉപയോഗിക്കുകയും രാത്രി കാലങ്ങളില്‍ തുരങ്കത്തിന്റെ പണി നടത്തുകയും ചെയ്തു. കുഴിച്ചെടുക്കുന്ന മണ്ണ് ചാക്കുകളിലാക്കി വളരെ ദൂരെ സ്ഥലങ്ങളില്‍ കൊണ്ട് കളഞ്ഞിരുന്നു.‍ അയല്‍ക്കാര്‍ക്ക് ഒരു സംശയം പോലും തോന്നാതിരുന്ന തരത്തിലായിരുന്നു ഈ ചെയ്തികള്‍. കൊള്ളക്കാര്‍ മൊത്തം ആറുപേരായിരുന്നു. നാലുപേര്‍ മുഖം മൂടി ധാരികളായി ബാങ്കില്‍ കടന്ന്‍ ഭീതി പരത്തിയ സമയം രണ്ട് പേര്‍ തുരങ്കത്തിലൂടെ വന്ന് തങ്ങളുടേ ജോലി ഭംഗിയായി ചെയ്തു. ബന്ദികളേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി കണ്ണുകെട്ടിച്ച നാലുപേര്‍ പിന്നീട് മറ്റു രണ്ടുപേര്‍ക്കൊപ്പം ചേര്‍ത്ത് തുരങ്കത്തിലൂടേ രക്ഷപ്പെടുകയും ചെയ്തു. പോലീസ് വളരെ താമസിച്ചുമാത്രമാണ് ഈ തുരങ്കം കണ്ടെത്തിയത്. അപ്പോഴേക്കും കള്ളന്മാര്‍ പമ്പ കടന്നിരുന്നു.
ഊര്‍ജ്ജിതമായി അന്വോഷണം ആരംഭിച്ച ജര്‍മ്മന്‍ പോലീസ് 1996 ല്‍ കൊള്ളയില്‍ പങ്കെടുത്ത 5പേരെയും അറസ്റ്റു ചെയ്തു. വളരെ പെട്ടന്നു നടന്ന വിചാരണയ്ക്കു ശേഷം അവര്‍ക്ക് 12-13 വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിക്കപ്പെട്ടു. കൊള്ളയടിക്കപ്പെട്ട തുകയില്‍ ഏകദേശം 16 മില്യണോളം മാര്‍ക്ക് കണ്ടെടുക്കുകയുണ്ടായി. എന്നാല്‍ 10 മില്യണോളം തുക ഒരിക്കലും റിക്കവര്‍ ചെയ്യാന്‍ പോലീസിനു കഴിഞ്ഞതേയില്ല.കൊള്ളയില്‍ പങ്കുണ്ടായിരുന്ന ആറാമനേയും പിന്നീട് പോലീസ് പിടിക്കുകയുണ്ടായി. സ്വീഡനില്‍ നിന്നാണ് ഇയാല്‍ പോലീസ് പിടിയിലായത്..
വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയക്കും പണ്ട് കൌമുദി ആഴ്ചപ്പതിപ്പില്‍ വായിച്ച ഒരു ലേഖനത്തിന്റെ ഓര്‍മ്മയ്ക്കും

No comments:

Post a Comment