MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday, 1 January 2016

പഞ്ചാംഗം നോക്കാന്‍ പഠിക്കാം

പഞ്ചാംഗമെന്നാല്‍ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നത് എന്നര്‍ത്ഥം.

ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ചലനങ്ങള്‍ കണ്ടുപിടിക്കാന്‍ അനേകം ഗണിത രീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് അറിയാമല്ലോ. എല്ലാദിവസവും ഇവയൊക്കെ കണക്കുകൂട്ടിയെടുക്കുന്നത് വളരെ ദുഷ്കരമാണ്. തന്മൂലം ഗണിതത്തില്‍ പാണ്ഡിത്യമുള്ള വിദഗ്ദര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള കണക്കുകള്‍ മുന്‍കൂട്ടി ഗണിച്ച് പഞ്ചാംഗരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.

ഇത്തരത്തില്‍ ഗവര്‍മെന്റ് അംഗീകരിച്ചും അല്ലാതെയും തയാറാക്കുന്ന അനേകം പഞ്ചാംഗങ്ങള്‍ നിലവിലുണ്ട്. കൂടാതെ നൂറിലധികം വര്‍ഷത്തെ കണക്കുകള്‍ ഒന്നിച്ചുള്ള ശതവര്‍ഷപഞ്ചാംഗവുമുണ്ട്. മലയാള പഞ്ചാംഗങ്ങളില്‍ പുതുവര്‍ഷം തുടങ്ങുന്നത് ചിങ്ങമാസത്തോടെയാണ്. ഇംഗ്ലീഷ്, മലയാളം, ശക, കലി, മുഹമ്മദീയ തുടങ്ങി മിക്കവാറുമെല്ലാ വര്‍ഷഗണനരീതികളും പഞ്ചാംഗത്തിലുണ്ടാകും.

സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ ദിവസവും രാശിചക്രത്തിലൂടെ സഞ്ചരിക്കുന്ന ദൂരം നല്‍കുന്ന പേജ്. ഉദയ സമയത്തെ സ്ഫുടങ്ങളാണിവിടെ കൊടുത്തിരിക്കുന്നത്.

ഇടതുവശത്ത് മലയാളം തീയതിയും വലത്തോട്ട് ഓരോ ഗ്രഹങ്ങളുടെ സ്ഫുടവും ഉണ്ട്. സൂര്യന്‍ 3 29 48 രാ: ഭാ: ക: എന്നെഴുതിയാല്‍, ഒന്നാം തീയതി ഉദയത്തിന് രവി 3 രാശി 29 ഭാഗ 48 കല (3 എസ് 29 ഡിഗ്രി 48 മിനിറ്റ്) സഞ്ചരിച്ചു എന്നര്‍ത്ഥം.




ഇവിടെ ഉദയം മുതല്‍ അസ്തമനം വരെയുള്ള സമയം (ദിനമാനം), അന്നത്തെ ഉദയവും അസ്തമനവും തുടങ്ങിയവ കൊടുത്തിരിക്കുന്നു. ഉദയാസ്തമങ്ങള്‍ മണിക്കൂര്‍ മിനിറ്റിലും, ദിനമാനം നാഴികവിനാഴികകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഓരോ ഗ്രഹങ്ങളും ഏതൊക്കെ ദിവസങ്ങളിലാണ് ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നതെന്ന് ഇവിടെപ്പറയുന്നു.

ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവ ഇവിടെ കാണാം.

ഓരോ ദിവസത്തേയും കാര്യങ്ങളറിയാന്‍ സാധാരണ പരിശോധിക്കുന്ന പേജാണിത്.

പേജിന്റെ മുകളില്‍ വര്‍ഷവും മാസവും കൊടുത്തിട്ടുണ്ട്. അതിനു തൊട്ടുതാഴെ എപ്പോള്‍ ‍ഏതുസമയത്താണ് ഈ മാസമായ മകരം തുടങ്ങിയതെന്ന് വിശദീകരിച്ചിരിക്കുന്നു. മകരരവിസംക്രമം എന്നാല്‍ മകരത്തിലേക്ക് സൂര്യന്‍ കടന്ന സമയം. ഒരു രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണല്ലോ ആ മാസം ആരംഭിക്കുന്നത്.

ഇടതുവശത്ത് ഇംഗ്ലീഷ് തീയതിയും മാസവും കൊടുത്തിരിക്കുന്നു. അവിടെ ഫെബ്രുവരി 12 ഏറ്റവും താഴെ കാണാം. അടുത്ത കോളത്തില്‍ ശകമാസമാണ് കൊടുത്തിരിക്കുന്നത്. അതിനടുത്തത് മലയാളമാസം തീയതിയാണ്. ഇന്ന് മകരം 29. അടുത്തത് ആഴ്ച്ച. ആഴ്ച്ചയുടെ പേരിന്റെ ആദ്യാക്ഷരമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ‘കു’എന്നാല്‍ കുജവാരം. അതായത് ചൊവ്വാഴ്ച്ച.(ര - ഞായര്‍, ച - തിങ്കള്‍, കു - ചൊവ്വ, ബു - ബുധന്‍, ഗു - വ്യാഴം, ശു - വെള്ളി, മ - ശനി)
അടുത്ത കോളത്തില്‍ നക്ഷത്രമാണ് നല്‍കിയിരിക്കുന്നത്. ഇവിടേയും നക്ഷത്രത്തിന്റെ പേരിന്റെ ആദ്യാക്ഷരമാണ് കൊടുത്തിരിക്കുന്നത്. ഇവിടെ ‘അ’ എന്നാല്‍ അശ്വതി. അത്തം, അനിഴം, അവിട്ടം എന്നിവയുടേയും ആദ്യാക്ഷരം ‘അ’ ആണെങ്കിലും ഇവിടെ സൂചിപ്പിക്കുന്നത് അശ്വതിയെയാണെന്ന് ഇതിനു മുന്‍പും പിന്‍പുമുള്ള നക്ഷത്രങ്ങളെ നോക്കുകയും നക്ഷത്രങ്ങളുടെ ക്രമം ഓര്‍ക്കുകയും ചെയ്താല്‍ മനസിലാകും.

‘അ’ 51 36 എന്നതിന്റെ അര്‍ത്ഥം, അന്ന് സൂര്യനുദിച്ച് 51 നാഴികയും 36 വിനാഴികയും കഴിഞ്ഞാല്‍ അശ്വതി നക്ഷത്രം കഴിഞ്ഞ് ഭരണി ആരംഭിക്കുമെന്നാണ്. അല്ലെങ്കില്‍ ആ സമയത്ത് ചന്ദ്രന്‍ ഭരണിയിലേക്ക് കടക്കുമെന്നാണ്. (ഭരണി നക്ഷത്രമാണേ)

തിഥിയാണ് അടുത്തത്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് തിഥി പറയുന്നത്. ‘ഷ’ എന്നാല്‍ ഷഷ്ഠി.

കരണങ്ങളാണ് അടുത്ത കോളത്തില്‍. ‘പ’ എന്നാല്‍ പന്നിക്കരണം. കരണത്തിന്റെ പകലും രാത്രിയിലുമുള്ള സമയങ്ങള്‍ ഇവിടെയുണ്ട്. അടുത്തത് നിത്യയോഗം. ‘ശു’ എന്നാല്‍ ശുഭയോഗം.

അടുത്ത പേജില്‍ ഗുളികന്‍ ഓരോ ദിവസവും രാത്രിയിലും പകലും ഉദിച്ച് അസ്തമിക്കുന്ന സമയങ്ങള്‍ കാണാം.

തിഥി, കരണം, നിത്യയോഗം, ഗുളികന്‍, ഗ്രഹങ്ങളുടെ മൌഢ്യം, വക്രം എന്നിവയെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

താഴെപ്പറയുന്ന കാര്യങ്ങളും സാധാരണ പഞ്ചാംഗത്തില്‍ കാണാം.


അക്ഷാംശമനുസരിച്ചുള്ള സൂര്യാസ്തമനങ്ങള്‍.
ചില പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സമയം.

പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഓരോ രാശികള്‍ക്കുമുള്ള ദൈര്‍ഘ്യം.

No comments:

Post a Comment