MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday, 1 January 2016

പറമ്പിക്കുളംചാലക്കുടി ട്രാം വേ ലൈന്‍





പറമ്പിക്കുളംചാലക്കുടി ട്രാം വേ ലൈന്‍ എന്ന എഞ്ചിനീയറിങ്ങ്‌ വിസ്‌മയം ചരിത്രത്തില്‍ വിശ്രമിക്കുകയാണിന്ന്‌. പറമ്പികുളം കാടുകളില്‍ നിന്ന്‌ തേക്കും വീട്ടിയും മഹാഗണിയും അടക്കമുള്ള വന്‍മരങ്ങള്‍ ചാലക്കുടിയിലെത്തിക്കാനായി കൊച്ചി മഹാരാജാവിന്‌ വേണ്ടിയാണ്‌ ട്രാംവേ രൂപകല്‍പ്പന ചെയ്യുന്നത്‌- 1907ല്‍.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി അഗമ്യമായതും ചൂഷണം ചെയ്യപ്പെടാത്തതുമായ 50,000 ഹെക്ടര്‍ വനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെട്ടു. ഇതിലേറെയും ചാലക്കുടിയിലെ വനങ്ങളിലായിരുന്നു. വിലപിടിപ്പുള്ള ഈ മരങ്ങള്‍ ശേഖരിക്കുക ഏറെകുറെ അസാധ്യമായിരുന്നു. ഇരിനുള്ള മാര്‍ഗ്ഗത്തിനായി 1894ല്‍ ആനപ്പാണ്ടന്തം എന്ന സ്‌ഥലം വരെ 20 കി.മീ. ദൂരത്തില്‍ തടി കൊണ്ടുള്ള ട്രാം വേ നിര്‍മ്മിക്കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും അത്‌ പ്രാവ?ത്തികമായില്ല. ചാലക്കുടിപ്പുഴയില്‍ നിന്നും ചങ്ങാടം വഴി തടികള്‍ കൊണ്ടുപോകാനാകുമോ എന്ന അന്വേഷണവും പരാജയപ്പെട്ടു. കനത്ത ചിലവും വര്‍ഷത്തില്‍ എല്ലാ കാലത്തു ഇതു സാധ്യമാകില്ലെന്ന തിരിച്ചറിവും പദ്ധതിക്കു തിരിച്ചടിയായി.
തടി മുറിച്ച്‌ ട്രാമുകളിലൂടെ കടത്താനായി ചാലക്കുടിയില്‍ ആര്‍.വി. ഹാറ്റ്‌ഫീല്‍ഡ്‌ എന്ന യൂറോപ്യന്‍ നിര്‍മ്മാണവിദഗ്‌ദന്‍ രൂപകല്‌പന ചെയ്‌തത പാതയാണ്‌ ഈ ട്രാംവേ. ഇത്രയും നീളമുള്ള, ഭൂഗുരുത്വം കൊണ്ട്‌ സ്വയം പ്രവര്‍ത്തിക്കുന്ന ഈസിക്ലൈനോടു കൂടിയതുമായ ട്രാംവേ ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു. 1905 ഒക്‌ടോബര്‍ 3ന്‌ ട്രാംവേയിലൂടെ ആദ്യമായി ഓടിയ തീവണ്ടി മദ്രാസ്‌ ഗവര്‍ണ്ണര്‍ സര്‍ ആര്‍തര്‍ ഒലിവര്‍ വില്ലിയേഴ്‌സ്‌ ആണ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. 1951 ഏപ്രില്‍ 24 ഇത്‌ ഡീകമ്മീഷന്‍ ചെയ്യുകയും ചെയ്‌തു.
അനായാസമായ മറ്റു കടത്തു സൗകര്യങ്ങള്‍ വന്നതോടെ ട്രാംവേ ഉപയോഗിക്കാതായിരുന്നു. അടുത്തകാലത്ത്‌ വരെ അത്‌ സംരക്ഷിതമായി നിലകൊണ്ടിരുന്നു. ഇന്ന്‌ തൃശൂരിലെ കാഴ്‌ചബംഗ്ലാവില്‍ ട്രാമിന്റെ ഒരു മാതൃക പ്രദര്‍ശനത്തിന്‌ വച്ചിട്ടുണ്ട്‌.
പറമ്പിക്കുളത്ത്‌ നിന്ന്‌ 80 കിലോമീറ്ററോളം താണ്ടി ഉരുക്കുപാളങ്ങളിലൂടെ വടത്തില്‍ കെട്ടി നിയന്ത്രിക്കുന്ന തടി നിറച്ച വാഗണുകള്‍ താഴെ ചാലക്കുടിയിലെത്തുമ്പോള്‍ ഒഴിഞ്ഞ വാഗണുകള്‍ മറുപാളത്തിലൂടെ മുകളിലേക്കെത്തും. ഇടയ്‌ക്ക്‌ താവളങ്ങളും ഇന്‌ധനമുപയോഗിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഭാഗങ്ങളുമുണ്ടായിരുന്നു. ചാലക്കുടിയിലെത്തുന്ന ഉരുപ്പടികള്‍ അവിടെ നിന്ന്‌ ചരക്കുതീവണ്ടികളിലൂടെ കൊച്ചിയിലും പിന്നീട്‌ കടലുകടന്ന്‌ റെയില്‍പാളങ്ങളുടെ നിര്‍മ്മാണത്തിനും കപ്പല്‍ നിര്‍മ്മാണത്തിനുമൊക്കെയായി ലോകത്തിന്റെ പലഭാഗത്തുമെത്തി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ ഈ മരത്തടികള്‍ നിര്‍വ്വഹിച്ച പങ്ക്‌ ചരിത്രമാണ്‌. കൊച്ചിയുടെ ഖജനാവു നിറച്ചിരുന്നതും ഈ കാട്ടുതടികളാണ്‌. ലോകപ്രശസ്‌ത പക്ഷി നീരീക്ഷനായ ഡോ. സലീം അലി തന്റെ കേരള സന്ദര്‍ശന വേളയില്‍ ഈ ട്രാംവേ ഉപയോഗപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്നു ഉപയോഗ ശൂന്യമാണെങ്കിലും ട്രാംവേ പുനഃസ്ഥാപിക്കുന്നത്‌ ടൂറിസംമേഖലയില്‍ വന്‍ കുതിപ്പിനു വഴിവയ്‌ക്കുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. അത്‌ ചരിത്രത്തോടുള്ള ഒരു നീതിപുലര്‍ത്തലുമായിരിക്കും.

No comments:

Post a Comment