MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday, 1 January 2016

കത്തോലികാസഭയുടെ അവസാന ഇൻക്വിസിഷനും മൊർറ്റാര ഫാമിലിയും.




കത്തോലിക്കാസഭാ നിയമങ്ങൾ തെറ്റിക്കുന്നവരെയോ അനുസരിക്കാത്തവരെയോ ശിക്ഷിച്ചിരുന്നതിനെ സൂചിപ്പിക്കുന്ന പദമാണ് ഇന്ക്വിസിഷൻ എന്നത്. ഇന്ക്വിസിഷൻ എന്ന് കേൾക്കുമ്പോൾ മദ്ധ്യ കാലഘട്ടത്തിലെ കത്തോലിക്കാ സഭയുടെ എതിരാളികൾക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങൾ ആകും ഒരു പക്ഷെ ഓർമയിലേക്കെത്തുക അല്ലെങ്കിൽ സ്പാനിഷ് ചക്രവർത്തിമാർ യഹൂദരെയും മുസ്ലിങ്ങളെയും സ്‌പെയിനിൽനിന്ന് പുറത്താക്കാൻ നടത്തിയ ഇൻക്വിസിഷൻ ആകും. മറ്റ് കത്തോലിക്കാ യൂറോപ്യൻ രാജ്യങ്ങളെല്ലാം നെപ്പോളിയൻ ഒന്നാമനും നെപ്പോളിയൻ മൂന്നാമനും അവതരിപ്പിച്ച മതേതര ഗവെണ്‍മെന്റുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഈ ക്രൂരമായ മതപീഡന നിയമങ്ങളെല്ലാം 18ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിരോധിച്ചിരുന്നെങ്കിലും ഇറ്റലിയിൽ 19ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഇൻക്വിസിഷൻ നിലനിന്നിരുന്നു. 1858 ജൂണ്‍ 23ന് പേപൽ സ്റ്റെറ്റിലെ (മാർപാപ്പയുടെ അധികാരത്തിൻ കീഴിലുള്ള പ്രദേശങ്ങൾ) പോലീസ് ഷ്ലോമോ, മരിയാന മൊർറ്റര എന്നീ യഹൂദ ദമ്പതികളുടെ ആറുവയസുകാരൻ പുത്രൻ എഡ്ഗ്വാർദൊയെ അന്വേഷിച്ച് മൊർറ്റാര കുടുംബത്തിലെത്തുകയും എഡ്ഗ്വാർദൊയെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുത്ത് റോമിലേക്ക് കടത്തുകയും ചെയ്തു.മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കനായ ഒരു കുട്ടിയെ അകത്തോലിക്കരായ മാതാപിതാക്കൾ വളർത്താൻ പാടില്ല എന്ന ഒരു പള്ളിനിയമത്തിന്റെ മറവിലായിരുന്നു കുട്ടിയെ പിടിച്ചെടുത്തത്. കൈകുഞ്ഞായിരിക്കുമ്പോൾ എഡ്ഗ്വാർദൊയ്ക്ക് ഒരു മാരക രോഗം വരികയും കുഞ്ഞ് മരിച്ചുപോയേക്കും എന്ന് കരുതിയ മൊർട്ടാര കുടുംബത്തിലെ ഒരു കത്തോലിക്കാ വേലക്കാരി കുഞ്ഞിനു രഹസ്യമായി മാമ്മോദീസ നല്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ വിവാഹത്തിന് ധനസഹായം നൽകിയതിന് പ്രത്യുപകാരമായി അവർ ഈ വിവരം സഭയെ ധരിപ്പിക്കുകയും കുഞ്ഞിനെ പിടിച്ചെടുക്കുകയുമാണുണ്ടായത്. കുഞ്ഞിനെ വിട്ടുകിട്ടാനായി മൊർട്ടാര കുടുംബം നിരവധി ശ്രമങ്ങൾ നടത്തുകയും അന്നത്തെ പോപ്പായിരുന്ന പയസ് ഒൻപതാമനുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർന്ന് യൂറോപ്പിലെ അക്കാലത്തെ പ്രമുഖരായിരുന്ന നെപ്പോളിയൻ മൂന്നാമനും ഓസ്ട്രിയൻ ചക്രവർത്തിയായിരുന്ന ഫ്രാൻസ് ജോസെഫും പോപിനോട് കുഞ്ഞിനെ വിട്ടു നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് മൊർട്ടാര കുടുംബത്തോട് കത്തോലിക്കരായി മാറിയാൽ കുഞ്ഞിനെ നൽകാമെന്ന് അറിയിച്ചെങ്കിലും അവർ അത് നിരസിക്കുകയാണുണ്ടായത്. പിന്നീട് നിയമപരമായി പ്രായപൂർത്തി എത്തിയപ്പോൾ എഡ്ഗ്വാർദൊ തനിക്ക് കത്തോലിക്കാ സഭയിൽ തന്നെ നിൽക്കുവാനാണ് താത്‌പര്യം എന്ന് അറിയിക്കുകയും പിന്നീട് 1872ൽ ഒരു വൈദികനായിതീരുകയും ചെയ്തു. വ്യക്തിപരമായി മൊർട്ടാര കുടുംബത്തിന് നഷ്ടം നേരിട്ടെങ്കിലും ഈ സംഭവം യൂറോപ്പിലെമ്പാടും ചർച്ചചെയ്യപ്പെടുകയും സഭയ്ക്കെതിരായി പൊതുജനാഭിപ്രായം രൂപപ്പെടുകയും ചെയ്തു. ഐക്യ ഇറ്റലിക്കുവേണ്ടി ശ്രമിച്ചിരുന്ന ഇറ്റാലിയൻ ദേശീയ വാദികൾ ഈ സംഭവതെതുടർന്നു ഇറ്റലിക്കു മേൽ പോപ്പിനുണ്ടായിരുന്ന അധികാരം നീക്കം ചെയ്യുവാനും പേപ്പൽ സ്റെറ്റുകളെ ഇറ്റലിയോട് കൂട്ടിച്ചേർക്കുവാനും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. എങ്കിലും ഫ്രഞ്ച് സൈന്യം ഈ സ്റ്റെറ്റുകലുടെ സംരക്ഷണത്തിനുണ്ടായിരുന്നതിനാൽ ഒരു തുറന്ന പോരാട്ടത്തിന് ദേശീയവാദികൾ തയ്യാറായില്ല. 1870ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിന് വേണ്ടി ഫ്രഞ്ച് സൈന്യത്തെ ഇറ്റലിയിൽ നിന്നും പിൻവലിച്ചതിനെ തുടർന്ന് ഇറ്റാലിയൻ സൈന്യം റോമിലെത്തുകയും ഇറ്റലിക്കുമേൽ കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്ന അധികാരവും ഇൻക്വിസിഷനുള്ള അധികാരവും നീക്കം ചെയ്യുകയും ചെയ്തു.പിന്നീട് 1929ൽ ലാട്ടെറൻ ട്രീറ്റി അനുസരിച്ച് ഇറ്റലിയൻ ഗവണ്മെന്റ് 144 ഏക്കർ സ്ഥലം കത്തോലിക്കാ സഭയ്ക്ക് നല്കുകയും അത് പിന്നീട് വത്തിക്കാൻ എന്ന സ്വതന്ത്ര രാജ്യം ആയി മാറുകയും ചെയ്തു. 1870ൽ ഇൻക്വിസിഷൻ വിഭാഗം പ്രവർത്തനം അവസാനിപ്പിച്ചു.

No comments:

Post a Comment