ജോലിത്തിരക്കുള്ള ഒരു വൈകുന്നേരമാണ് ഡോക്ടറുടെ കുറിപ്പടിയുമായി ഈജിപ്ഷ്യനായ ആ വൃദ്ധൻ എൻറ്റെ അരികിലെത്തുന്നത്. സൗഹൃദ സംഭാഷണങ്ങൾക്കിടെ വർഷങ്ങൾ അദ്ധേഹം ഇന്ത്യയിൽ ചിലവഴിച്ചിട്ടുണ്ടെന്ന് മനസ്സിലായി. എൻറ്റെ പേര് പറഞ്ഞപ്പോൾ അഫ്സൽ ഖാനെ അറിയുമോ എന്നു ചോദിച്ചു. തൊട്ടടുത്തു നിന്ന പാക്കിസ്ഥാനി ചിരിച്ചു കൊണ്ടു തലയാട്ടി. എനിക്കറിയില്ല എന്നു തോന്നിയ അദ്ദേഹം എൻറ്റെ നാട്ടിലെ ചരിത്രം ഇളിഭ്യനായി നിന്ന എന്നോടു പറഞ്ഞു..
ആരായിരുന്നു അഫ്സൽ ഖാൻ..??
ഏഴടിയിലേറെ പൊക്കമുള്ള ആജാനുബാഹു. നിരവധി പട്ടാളക്കാർ ശ്രമിച്ചിടും ഉയർത്താൻ കഴിയാതിരുന്ന പീരങ്കിയുണ്ട ഒരു കൈ കൊണ്ട് കിടങ്ങിൽ നിന്ന് പൊക്കിയെടുത്ത ആൾ. കർണാടകയിലെ ബിജാപൂരിൽ നിലവിലുണ്ടായിരുന്ന അദിൽഷാഹി രാജവംശത്തിൻറ്റെ സർവ സൈന്യാധിപനായിരുന്നു അഫ്സൽ ഖാൻ. കരുത്തനായ ചത്രപതി ശിവാജിയുടെ മറാഠാ സാമ്രാജ്യവുമായി ബിജാപൂർ യുദ്ധം പ്രഖ്യാപിച്ചു. ചുമതലയേറ്റ ഖാൻ തൻറ്റെ വലിയ സൈന്യവുമായി പ്രതാപ്ഗഡ് ലക്ഷ്യമാക്കി നീങ്ങി. രക്ത കലുഷിതമായ പോരാട്ടത്തിനൊടുവിൽ ശിവജിയുടെ സൈന്യം പ്രതാപ്ഗഡിലെ കോട്ടയിലേക്ക് പിൻമാറി. മലമുകളിൽ കാടിനുള്ളിലെ കോട്ടയിലുള്ള, ഒളി യുദ്ധത്തിൽ സമർത്ഥരായ ശിവാജിയേയും സൈന്യത്തേയും വീണ്ടും സമതല മേലയിലെത്തിക്കാൻ അദ്ദേഹം ശ്രമം തുടങ്ങി. അല്ലാതെ ജയം അസാധ്യമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സമതലങ്ങളിൽ ജയിക്കാനാവില്ലെന്ന് ഉറപ്പുണ്ടായിരുന്ന ശിവാജി മഹാരാജാവ് കോട്ടയിൽ തന്നെ തമ്പടിച്ചു. സമതലങ്ങളിലെ ക്ഷേത്രങ്ങൾ തകർത്തും അവിടെ നിലവിലുണ്ടായിരുന്ന ചെറു രാജ വംശങ്ങളുടെ സഹായം ഉപയോഗിച്ചും ശിവജിയെ പ്രകോപിതനാക്കി പുറത്തു ചാടിക്കാൻ ഖാൻ ശ്രമം തുടങ്ങി. ഒന്നും ഫലം കണ്ടില്ല. പിന്നീട് മധ്യസ്ഥർ മുഖേന സമാധാന ചർച്ചക്ക് ഇരു കൂട്ടരും തയ്യാറായി. പേർഷ്യൻ ചരിത്രകാരൻമാർ ശിവാജിയുടെ ചതിയായി ഇതിനെ രേഖപ്പെടുത്തി. ഇതു കാരണമാവണം ഈജിപ്ഷ്യനായ ആ വൃദ്ധ സുഹൃത്ത് ശിവാജിയെ വെറുത്തിരുന്നു. പൊതുവേയുള്ള അഭിപ്രായത്തിൽ ഇരു കൂട്ടരും ചതിക്കാൻ തയ്യാറായിരുന്നു. അരയിൽ ഒളിപ്പിച്ച കത്തിയുമായി ഖാൻ കോട്ടയ്ക്കരികിലെത്തി. ധാരണ പ്രകാരം ഇരുഭാഗത്തും അഞ്ച് അംഗരക്ഷകർ ആകാമായിരുന്നു. നാലു പേർ ദൂരം മാറിയും ഒരാൾ വീതം കൂടാരത്തിന് പുറത്തും നിൽക്കണം. സഹോദരൻറ്റെ കൊലയാളിയായ ഖാനോട് കൊടും ശത്രുതയായയിരുന്നു ശിവജിക്ക്. സമാധാന ചർച്ചക്കിടെ രാജാ കസ്തൂരി രംഗനെ കൊലപ്പെടുത്തിയ ഖാനെ അദ്ദേഹം സംശയത്തോടെ നോക്കിക്കണ്ടു. ഉടുപ്പിനടിയിൽ പടച്ചട്ടയും തലപ്പാവിനടിയിൽ ഉരുക്കു കവചവും ശിവാജി ധരിച്ചു. കയ്യിൽ ഒളിപ്പിച്ച മൂർച്ചയേറിയ നഖവും കഠാരയും കരുതി. പരസ്പരം കണ്ടു മുട്ടിയ ഇരുവരും മുറ പ്രകാരം ആലിംഗനം ചെയ്തു. പൊടുന്നനെ അഫ്സൽ ഖാൻ ശിവജിയുടെ തല കൈകൾക്കുള്ളിലാക്കി ഞെരിച്ചു. ആ കരുത്തിൽ ശിവാജിയുടെ ബോധം മങ്ങിയത്രെ. ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ഖാൻ ആഞ്ഞു കുത്തി. പടച്ചട്ടയിൽ തട്ടി കത്തി തെറിച്ചു. കരുത്ത് വീണ്ടെടുത്ത മറാഠ സിംഹം നഖവും കത്തിയുമുപയോഗിച്ച് ഖാൻറ്റെ വയറു പിളർത്തി. ശിവജിയെ തള്ളി മാറ്റി വയറു പൊത്തിപ്പിടിച്ച് ഖാൻ പല്ലക്കിൽ കുതിച്ചെത്തി. അംഗ രക്ഷകർ വധിക്കപ്പെട്ടു. ശിവജിയുടെ കഴുത്ത് ലക്ഷ്യമാക്കി ഖാൻറ്റെ അംഗ രക്ഷകനായ സയ്യിദ് ബന്ദ വാൾ വീശി. ബന്ദയുടെ കയ്യും ശേഷം തലയുമരിഞ്ഞ് ശിവജിയുടെ അംഗരക്ഷകൻ ജീവ നിലയുറപ്പിച്ചു. ഖാനുമായി മുന്നോട്ടാഞ്ഞ പല്ലക്ക് തടഞ്ഞ മറാഠാ പോരാളികൾ വാഹകരെ വധിക്കുകയും ഖാൻറ്റെ തല വെട്ടിയെടുക്കുകയും ചെയ്തു. തല പിന്നീട് ശിവാജിയുടെ അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു. മകനെ കൊന്നവനോടുള്ള പ്രതികാരം. പൊടുന്നനെ മറാഠാ സൈന്യം ബിജാപൂർ സൈനികരെ അമ്പരപ്പ് മാറും മുമ്പ് ആക്രമിച്ചു നിലം പരിശാക്കി. ബംഗളുരുവിൽ കാത്തു നിന്ന പിതാവിൻറ്റെ സൈന്യത്തിനൊപ്പം ശിവജി മഹാരാജാവ് ബിജാപൂർ പിടിച്ചടക്കി. തൻറ്റെ മകനെ അഫ്സൽ ഖാൻ വധിച്ചാൽ ബിജാപൂർ സാമ്രാജ്യത്തിൻറ്റെ കല്ലുകൾ പോലും ബാക്കി വയ്ക്കില്ലെന്ന് ശിവാജിയുടെ പിതാവ് ഷാഹാജി ബിജാപൂർ റാണിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഖാൻറ്റെ മരണ ശേഷം ശത്രുവിനേയും ബഹുമാനിക്കുക എന്ന തത്വം വിശ്വസിക്കുന്ന ശിവാജി ധീര പോരാളിയായ അഫ്സൽ ഖാനെ ആദരിച്ചു. സ്മാരകവും പള്ളിയും നിർമിച്ചു. ഒരു വിദേശി പറഞ്ഞു തന്ന നമ്മുടെ ചരിത്രം അങ്ങനെ എൻറ്റെയുള്ളിൽ പതിഞ്ഞു.
No comments:
Post a Comment