MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Friday, 1 January 2016

രാശിചക്രം ജ്യോതിഷത്തില്‍

ആധുനിക ജ്യോതിശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്ഥമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് ജ്യോതിഷത്തിനുള്ളതെന്ന് പറഞ്ഞല്ലോ. ഭൂമി സ്ഥിരമായി നില്‍ക്കുകയും രാശിചക്രം ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. ഇതിനെ ത്രിമാനരൂപത്തില്‍ ചിന്തിച്ചാല്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും.

കിഴക്കു ദിക്കിലേക്ക് നോക്കിനില്‍ക്കുന്നയൊരാളുടെ മുന്‍വശത്ത് രാശികള്‍ ഉദിച്ച് തലയ്ക്കുമുകളിലൂടെ സഞ്ചരിച്ച് പുറകില്‍ പടിഞ്ഞാറുവശത്തായി അസ്തമിക്കുന്നു. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കറങ്ങുന്നതിനാലാണ് ഇങ്ങനെ തോന്നുന്നത്. ഇപ്രകാരം 24 മണിക്കൂറുകൊണ്ട് രാശിചക്രം ഒരു പ്രാവശ്യം കറങ്ങുന്നുണ്ട്.


ഈ രാശിചക്രത്തെ മേടം മുതല്‍ മീനം വരെ 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. മേടം രാശിയെയാണ് രാശിചക്രത്തിന്റെ തുടക്കമായി കണക്കാക്കിയിരിക്കുന്നത്. കിഴക്കേ ചക്രവാളത്തില്‍ ആദ്യം മേടം രാശി പ്രത്യക്ഷപ്പെട്ട് മുകളിലേക്ക് ഉയരുന്നു. ഏകദേശം രണ്ട് മണിക്കൂറാണ് ഒരു രാശിയുടെ ദൈര്‍ഘ്യം. ഈ സമയം കഴിയുമ്പോള്‍ അടുത്ത രാശിയായ ഇടവം ചക്രവാളത്തിലെത്തും.

1) മേടം 2) ഇടവം 3) മിഥുനം 4) കര്‍ക്കിടകം 5) ചിങ്ങം 6) കന്നി 7) തുലാം 8) വൃഛികം 9) ധനു 10) മകരം 11) കുംഭം 12) മീനം എന്നതാണ് രാശികളുടെ ക്രമം.
ഇങ്ങനെ രാശിയുടെ തുടക്കം ചക്രവാളത്തിലെത്തുമ്പോള്‍ ആ രാശി ഉദിച്ചു എന്നാണ് പറയുക. ഒരു രാശി ഉദിച്ചുകഴിഞ്ഞ് അടുത്ത രാശി ചക്രവാളത്തിലെത്തുന്നതു വരെയുള്ള സമയത്തിനെ രാശി ഉദിച്ചു നില്‍ക്കുന്ന സമയം എന്ന് പറയുന്നു. ഇങ്ങനെ ഉദിച്ചു നില്‍ക്കുന്ന രാശിയെയാണ് ഉദയരാശിയെന്ന് വിളിക്കുന്നത്. രാശി ഉദിച്ചുനില്‍ക്കുന്ന സമയത്തെ രാശിമാനം എന്നു പറയും. സാധാരണ
നാഴിക വിനാഴികകളിലാണ് രാശിമാനം പറയാറുള്ളത്.

60 വിനാഴികകള്‍ ചേര്‍ന്നതാണ് ഒരു നാഴിക. 24 മിനിറ്റാണ് ഒരു നാഴികയെന്നും പറയാം. രണ്ട് നാഴികയും 30 വിനാഴികയും (രണ്ടര നാഴിക) ചേരുന്നതാണ് ഒരു മണിക്കൂര്‍. അപ്പോള്‍ ഒരു മിനിറ്റ് എന്നത് രണ്ടര വിനാഴികയായിട്ടുവരും. 24 മണിക്കൂര്‍ 60 നാഴികയാണല്ലോ അതിനാല്‍ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 60 നാഴികയെന്ന് പറയുന്നു.
ഭൂമിയുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ രാശി ഉദിച്ചു നില്‍ക്കുന്ന സമയത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം. സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും അറിഞ്ഞാല്‍ ഓരോ രാശിയും കൃത്യമായി എത്ര സമയം അവിടെ ഉദിച്ചുനില്‍ക്കും എന്ന് കണ്ടുപിടിക്കാനാവും.
ദൂരവ്യത്യാസമുള്ളതിനാല്‍ കേരളത്തില്‍പ്പോലും വിവിധ സ്ഥലങ്ങളിലെ രാശിമാനം ഒരേപോലെയാവില്ല. എങ്കിലും കണക്കു കൂട്ടാനുള്ള സൌകര്യത്തിന് കേരളത്തിന്റെ ഏതാണ്ട്
മദ്ധ്യഭാഗമായ തൃശൂരിലെ രാശിമാനമാണ് പഞ്ചാംഗങ്ങളില്‍ കൊടുത്തിരിക്കുന്നത്. കൃത്യമായ രാശിമാനമാവശ്യമുള്ളവര്‍ക്ക് സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങളുടെ സഹായത്താല്‍ അത് ഗണിച്ചെടുക്കാന്‍ കഴിയും.

ഗ്രഹനിലയില്‍ രാശികളെ അടയാളപ്പെടുത്താന്‍ താഴെക്കാണിച്ചിരിക്കുന്നതുപോലെയുള്ള ചതുരമാണുപയോഗിക്കുന്നത്. ഉത്തരേന്ത്യയിലും മറ്റും വൃത്തത്തില്‍ ഗ്രഹനില അടയാളപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്.

No comments:

Post a Comment