പ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ് അമിതാഭ് ബച്ചൻ. (ജനനം: ഒക്ടോബർ 11, 1942).
ആദ്യ ജീവിതം
പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ചു. അമ്മ തേജി ബച്ചൻ പഞ്ചാബിൽ നിന്നുള്ള സിഖു വംശജയും അച്ഛൻ ഉത്തർപ്രദേശിൽ നിന്നുള്ള കയസ്ത സമുദായാംഗവുമായിരുന്നു.
നൈനിത്താൾ ഷെയർവുഡ് കോളജിലും ഡൽഹി യൂണിവേഴ്സിറ്റിയുടെ കൈറോറിമാൽ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിൽ കുറച്ചുകാലം ജോലി നോക്കി.
അഭിനയജീവിതം.
1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. 1971-ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.
1971ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജീ സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ചീർ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
1975-ൽ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വൻജനപ്രീതി നേടി. അമർ അക്ബർ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ൽ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.
രാഷ്ട്രീയജീവിതം
രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മറ്റ് പ്രവർത്തനങ്ങൾ
1997-ൽ അമിതാബ് ബച്ചൻ കലാപ്രവർത്തനങ്ങൾക്കായി എ.ബി.സി.എൽ. എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വൻ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. സ്റ്റാർ പ്ളസ് ടെലിവിഷനിൽ അവതരിപ്പിച്ച കോൻ ബനേഗ കരോർപതി എന്ന പരിപാടിയുടെ വൻ വിജയം ഇദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി. 1982-ൽ കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടവും 2005-ൽ ഉണ്ടായ രോഗബാധയും ആരാധകരെ ഉൽകണ്ഠാകുലരാക്കി.
ഈ രണ്ട് അവസരങ്ങളിലും രാജ്യത്തുടനീളം ആരാധകർ ഇദ്ദേഹത്തിനായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുകയുണ്ടായി. 2005 മുതൽ യൂണിസെഫ് പോളിയോ ക്യാമ്പെയിനിന്റെ ഗുഡ്‌വിൽ അമ്പാസഡറായി ഇദ്ദേഹം പ്രവർത്തിക്കുന്നു.
പുരസ്കാരങ്ങൾ;
2010-ലെ ചിത്രം
ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. 1999-ൽ ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങൾ ഇദ്ദേഹത്തെ സ്റ്റാർ ഓഫ് ദ മില്ലനിയം ആയി തിരഞ്ഞെടുത്തു. ഭാരത സർക്കാർ ഇദ്ദേഹത്ത പത്മശ്രീ(1982), സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ (2001) എന്നിവ നൽകി ആദരിച്ചു.
നിരവധി ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുള്ള 'ബിഗ്ബി' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബച്ചൻ ബി.ബി.സിയുടെ വോട്ടെടുപ്പിൽ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിനിമ, ടെലിവിഷൻ, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളിൽ ബച്ചൻ സജീവസാന്നിധ്യമാണ്.
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1991-ൽ അഗ്നീപഥ്, 2006-ൽ ബ്ലാക്ക്, 2010-ൽ പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ബച്ചന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
അഭിനേത്രിയായ ജയഭാധുരിയാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്, ശ്വേത എന്നിവർ മക്കളും, ബോളിവുഡ് ചലച്ചിത്ര നടി ഐശ്വര്യ റായ് മരുമകളുമാണ്.
വിമർശനങ്ങൾ
ഗുജറാത്ത് സംസ്ഥാനത്തിന്റെ ടൂറിസം ബ്രാൻഡ് അംബാസിഡർ പദവി ഏറ്റെടുത്തതിനു ശേഷം നിരവധി വിമർശനങ്ങൾക്ക് അമിതാഭ് ബച്ചൻ വിധേയനായി.
അമിതാഭ് ബച്ചനെ കേരളത്തിന്റെ ടൂറിസം അംബാസിഡർ പദവിയിലേക്ക് നിയോഗിക്കാനുള്ള നീക്കത്തെ സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം എതിർക്കുകയും തുടർന്ന് കേരള ടൂറിസം വകുപ്പ് ഈ തീരുമാനത്തിൽ നിന്നും പിൻ വാങ്ങുകയും ചെയ്തു[3]. മുംബൈയിലെ ബാന്ദ്ര-വർളി കടൽപ്പാതയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടും സമാനമായ ആരോപണം നേരിടേണ്ടി വന്നു. ഉദ്ഘാടനത്തിന് ക്ഷണിച്ചതിലും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ ബച്ചനുമൊരുമിച്ച് വേദി പങ്കിട്ടതും മഹാരാഷ്ട്ര കോൺഗ്രസ് ഘടകത്തിൽ വിവാദങ്ങൾ ഉണ്ടാക്കി..
No comments:
Post a Comment