MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 15 May 2011

തൊഴിലുറപ്പ് പദ്ധതി - 2 : കൂടുതല്‍ ഉള്ളറക്കഥകള്‍

തൊഴിലുറപ്പ് പദ്ധതിയും തദ്ദേശസ്വയംഭരണവും - തുടരുന്നു...

2008 ഏപ്രില്‍ മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. ഇതിന്റെ ഒന്നാം ഭാഗം വായിച്ച് വരുന്നവര്‍ക്ക് കൂടുതല്‍ മനസ്സിലാകും. ഒരു മാധ്യമത്തില്‍ കൂടിയും കിട്ടാത്ത വിവരങ്ങളാണ് ഞാനിവിടെ ശേഖരിച്ച് നിരത്തിയിരിക്കുന്നത്.

ജനപങ്കാളിത്തം
.
നിയമത്തിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്നതിനും രജിസ്ട്രേഷനുള്ള അപേക്ഷകള്‍ സ്വരൂപിക്കുന്നതിനും പരിശോധന നടത്തുന്നതിനും നിയമം നടപ്പായപ്പോള്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ ഒരിടത്തും അതു നടന്നില്ല. തല്‍ഫലമായി പദ്ധതിയുടെ പ്രയോജനത്തെ പറ്റി ഗുണഭോക്താക്കള്‍ക്ക് അറിയാനും കഴിഞ്ഞില്ല.

വീടുവീടാന്തരമുള്ള സര്‍വ്വേ നടത്തിയതേയില്ല.
പദ്ധതിയെപറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധരായവരെ കണ്ടുപിടിക്കുന്നതിനും ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ , പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ , സ്ത്രീകള്‍ , ഗ്രാമതലത്തിലുള്ള ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സംഘം വീടുവീടാന്തരം ഒരു സര്‍വ്വേ നടത്തണമെന്നായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെയൊരു സര്‍വ്വേ 16 ഗ്രാമപഞ്ചായത്തുകള്‍ പരിശോധിച്ചതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ നടത്തിയുള്ളൂ. പദ്ധതികൊണ്ടുള്ള പ്രയോജനത്തെപറ്റി ജനങ്ങള്‍ക്ക് വേണ്ട അറിവു ലഭിക്കാതിരിക്കുന്നതിനു ഇതു കാരണമായി. തൊഴില്‍ ആവശ്യപ്പെടുന്നവര്‍ ഉണ്ടാകാതെപോയി എന്നതായി ഫലം.

രജിസ്ട്രേഷനുള്ള അപേക്ഷ.
സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫാറത്തില്‍ ഈ പദ്ധതിയിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിനു നല്‍കണം. വാക്കാലുള്ള അപേക്ഷപോലും സ്വീകരിക്കണം. അത്ര ലഘുവാണ് നടപടിക്രമങ്ങള്‍. അപേക്ഷ ലഭിച്ചുകഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ പരിശോധിക്കുകയും കുടുമ്പത്തെ രജിസ്റ്റര്‍ ചെയ്യുകയും വേണം. പാലക്കാടും വയനാടും ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പാംഗങ്ങളുടെ എണ്ണം യഥാക്രമം 166200 -ം 101444 -ം , അത് ആ ജില്ലകളിലെ ആകെ ഗ്രാമീണ കുടുമ്പങ്ങളുടെ 36% -ം 63% -ം ആയിരുന്നു.

രജിസ്ട്രേഷനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം.
പദ്ധതിയനുസരിച്ച വര്‍ഷത്തിലെ എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കേ , ഗ്രാമവികസന കമ്മീഷ്ണര്‍ 2006 ഫെബ്രുവരി 2 നും 16 നും മദ്ധ്യേ അപേക്ഷകള്‍ സ്വീകരിക്കുവാനാണ് ജില്ലാ പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശമനുസരിച്ച പാലക്കാട് ജില്ലയില്‍ അപേക്ഷകള്‍ സ്വീകരിച്ചത് ഈ ദിവസങ്ങളില്‍ മാത്രമായിരുന്നപ്പോള്‍ വയനാട്ടില്‍ വര്‍ഷം മുഴുവനും അപേക്ഷ സ്വീകരിച്ചു. പിന്നീട് പാലക്കാട് ജില്ലയില്‍ 2006 സെപ്റ്റമ്പര്‍ മുതലാണ് തുടര്‍ച്ചയായി രജിസ്ട്രേഷന്‍ പുനരാരംഭിച്ചത്. ഇതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമായതു കൂടാതെ നിയമം ഉറപ്പു നല്‍കുന്ന ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ തടയുകയും ചെയ്തു.

രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയില്ല.
അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം ഗ്രാമപഞ്ചായത്തുകള്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പത്തിനു തൊഴില്‍ കാര്‍ഡ് നല്‍കണമായിരുന്നു. ക്രിത്രിമങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉള്ള ഒരു നിര്‍ണ്ണായക നിയമരേഖയാണ് തൊഴില്‍കാര്‍ഡ്. ഫോട്ടോയുള്‍പ്പടെ തൊഴില്‍കാര്‍ഡിന്റെ ചെലവ് പദ്ധതിയുടെ ഭാഗമായി വഹിക്കണമായിരുന്നു. പക്ഷേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കിയില്ല. ആകെ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 213840 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ കാര്‍ഡ് നല്‍കിയത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരല്ലാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങളോട് തൊഴില്‍ കാര്‍ഡില്‍ പതിക്കുന്നതിനുവേണ്ടി ഫോട്ടോകള്‍ അവരവരുടെ ചെലവില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത് വയനാട്ടില്‍ കാര്‍ഡുകള്‍ തയ്യാറാക്കാന്‍ കാലതാമസത്തിനിടയാക്കി. ഫോട്ടോ എടുക്കുന്നതിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടുമ്പങ്ങള്‍ക്ക് തൊഴില്‍കാര്‍ഡ് ലഭിച്ചതുമില്ല. ഈ നടപടി ക്രമരഹിതമായിരുന്നു.

തൊഴില്‍ കാര്‍ഡിന്റെ കാലാവധി, നല്‍കിയ തീയതി, കുടുമ്പാഗംങ്ങളുടെ ഒപ്പ്/വിരലടയാളം എന്നിവ തൊഴില്‍ കാര്‍ഡുകളില്‍ പലതിലും രേഖപ്പെടുത്താത്തതുകൊണ്ട് , ക്രിത്രിമം തടയുംക സുതാര്യത ഉറപ്പ് വരുത്തുക മുതലായവ അസാധ്യമായിരുന്നു.

തൊഴില്‍ ആവശ്യപ്പെടലും നല്‍കലും.
ഗ്രാമപഞ്ചായത്തില്‍ ജോലി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിക്കുന്ന തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴില്‍ ലഭിക്കുന്നതിനു അര്‍ഹരാണ്. തൊഴില്‍ കാര്‍ഡിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, എന്നുമുതലാണ് തൊഴില്‍ ആവശ്യമുള്ളത്, എത്ര ദിവസം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാണ് എന്നീ വിവരങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി പല ദിവസങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഒരൊറ്റ അപേക്ഷ മതിയാകും. അപേക്ഷ ലഭിച്ചു എന്നതിനു തെളിവായി തീയതി വച്ച ഒരു രസീത് അപേക്ഷകനു നല്‍കണം. തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷര്‍ക്ക തൊഴില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് ബാദ്ധ്യസ്ഥരാണ്. ഒരു ഗ്രാമ പഞ്ചായത്തിനു തൊഴില്‍ നല്‍കാന്‍ കഴിയാതെ വന്നാല്‍ , കാര്‍ഡ് ഉടമക്ക് ജോലി കൊടുക്കാനുള്ള ചുമതല പ്രോഗ്രാം ഓഫീസര്‍ക്കാണ്. ഈ ഓഫീസര്‍ തൊഴില്‍ നല്‍കാന്‍ പരാജയപ്പെടുകയാണെങ്കില്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തൊഴില്‍ നല്‍കുന്നതിനു വേണ്ടി ഇടപെടണം. മറിച്ച്, ഗ്രാമ പഞ്ചായത്തോ, പ്രോഗ്രാം ഓഫീസറോ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ നിയമത്തില്‍ അനുശാസിക്കുന്ന തൊഴില്‍ ചെയ്യാന്‍ അപേക്ഷകനും ബാദ്ധ്യസ്ഥനാണ്.

ഇത്തരത്തില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, ആ കുടുമ്പത്തിനു തൊഴിലില്ലായ്മാ ബത്ത നല്‍കേണ്ടി വരുന്നു. ഈ ബത്ത കേന്ദ്രം തരില്ല, സംസ്ഥാനം വഹിക്കണം.

ഭൂരിഭാഗം തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴിലിനു വേണ്ടി അപേക്ഷിച്ചില്ല.
സംസ്ഥാനത്തെ 213840 തൊഴില്‍കാര്‍ഡ് ഉടമകളില്‍ 104920 പേര്‍ മാത്രമാണ് തൊഴില്‍ ആവശ്യപ്പെട്ടത്. അതായത് തൊഴിലിനുവേണ്ടി അപേക്ഷിക്കാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങള്‍ 61% ത്തോളം മാത്രം. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ 4700 തൊഴില്‍ കാര്‍ഡുടമകളില്‍ 950 പേര്‍ മാത്രമാണ് തൊഴിലിനപേക്ഷിച്ചതെന്ന് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

തൊഴില്‍ കാര്‍ഡുടമകളെ തൊഴിലിനു അപേക്ഷിക്കുന്നതില്‍ നിന്ന് നിയന്ത്രിച്ചു.
തൊഴിലിനുള്ള അപേക്ഷ ചുരുങ്ങിയത് തുടര്‍ച്ചയായി 14 ദിവസത്തേക്കെങ്കിലും വേണ്ടിയായിരിക്കണം. കുടുമ്പത്തിന്റെ ആകെയുള്ള അര്‍ഹതക്ക് വിധേയമായി ഒരാള്‍ അപേക്ഷിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ അയാള്‍ക്ക് നല്‍കിയ തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ പരിധിയില്ല. ആഴ്ചയില്‍ 6 ദിവസത്തില്‍ കവിയാതെ ചുരുങ്ങിയത് 14 ദിവസം തുടര്‍ച്ചയായിട്ടണ് സാധാരണ തൊഴില്‍ നല്‍കുന്ന കാലയളവ്.

വയനാട് ജില്ലയിലെ പരിശോധനക്ക് ശേഷം, സി.ഏ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടുത്തെ ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍ അനുവദിക്കുന്നതില്‍ സത്യസന്ധവും നീതിയുക്തവുമായ ഒരു മാനദണ്ഢവും പാലിച്ചിരുന്നില്ലെന്നാണ്. ധാരാളം ഉദാഹരണങ്ങളും എടുത്തു കാണിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചതിനു തെളിവായി തീയതി രേഖപ്പെടുത്തിയ രസിത് നല്‍കിയതേയില്ല.

തൊഴിലുറപ്പു ദിനം.
തൊഴിലിനുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും വിവരങ്ങള്‍ വെളിപ്പെടുത്തുക, തൊഴില്‍ അനുവദിക്കുക, വേതനവും തൊഴിലില്ലായ്മാ ബത്തയും വിതരനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരു നിശ്ചിതദിവസം തൊഴിലുറപ്പുദിനമായി നീക്കിവക്കണമായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിലും അങ്ങനെയൊരു ദിവസം ഉണ്ടായില്ല. അതായത് പദ്ധതി നടത്തികൊണ്ടിരുന്നത് സുത്യാര്യമായിട്ടേ ആയിരുന്നില്ല.

പദ്ധതി വ്യപനത്തിലുള്ള ന്യൂന്നത
തൊഴില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. പക്ഷേ സംസ്ഥാനത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 99107 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അതില്‍ തന്നെ പദ്ധതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ 100 ദിവസത്തെ തൊഴില്‍ നല്‍കിയത് വെറും 537 കുടുമ്പങ്ങള്‍ക്ക് മാത്രം. എന്നിട്ട് മുക്കിലും മൂലയിലും സഖാക്കള്‍ പ്രസംഗിക്കുത്, കേരളത്തില്‍ 30% തോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു പോലും.

തൊഴില്‍ അനുവദിച്ച വിവരം തൊഴില്‍കാര്‍ഡ് ഉടമകളെ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍‌വിലാസത്തില്‍ കത്തുവഴി അറിയിക്കുകയും ഗ്രാമപഞ്ചായത്തുകളുടേയും പ്രോഗ്രാം ഓഫീസറുടെയും ഓഫീസ്സുകളില്‍ പരസ്യം ചെയ്യുകയും വേണം. അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച ഏതെങ്കിലും ഗ്രാമപഞ്ചായത്തോ, ബ്ലോക്കോ തൊഴില്‍ അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് കത്തയച്ചിട്ടില്ല, പരസ്യപ്പെടുത്തിയിട്ടും ഇല്ല. അതെങ്ങനെ ചെയ്യും. (തൊഴില്‍ നല്‍കുന്ന്ത് തങ്ങള്‍ ചെയ്തു കൊടുക്കുന്ന ഔദാര്യമായിട്ടല്ലേ ഈ ഉദ്ദ്യോഗസ്ഥര്‍ കാണുന്നത്.)

ഒരപേക്ഷയില്‍ തന്നെ വിവിധ കാലയളവിലേക്ക് തൊഴില്‍ ആവശ്യപ്പെടാമെന്നും ജോലി കഴിഞ്ഞ് 15 ദിവസത്തിനകം വേതനം വിതരണം ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നും നിയമത്തില്‍ ഉള്ള കാര്യം പഞ്ചായത്ത് ഓഫീസിലുള്ളവര്‍ക്ക് പോലും അറിയില്ലായിരുന്നു. നിയമം അനുശാസിക്കുന്ന അവകാശങ്ങളേയും അര്‍ഹതകളേയും സംബന്ധിച്ച ഗുണഭോക്താക്കളുടെ അറിവില്ലായ്മ തൊഴില്‍ ആവശ്യപ്പെടുന്ന തോത് കുറക്കാനിടയാക്കി. (ഗുണഭോക്താക്കള്‍ക്ക് അറിവ് കൂടിയാല്‍ അപേക്ഷകള്‍ കൂടും, ഓഫീസില്‍ പണി കൂടും, എന്തിനാ വേണ്ടാത്ത തൊന്തരവിനൊക്കെ പോണത്, അല്ലേ)

വേതന വിതരണം.
ഈ പദ്ധതിയുടെ ഏറ്റവും പ്രധാനമായ ഒരു ഘടകമാണ് വേതനവിതരണം. കര്‍ഷകതൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതന നിരക്കായ 125 രൂപ ഈ പദ്ധതിക്കും ബാധകമാക്കി. ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു കാരണവശാലും 125 രൂപയില്‍ താഴ്ന്ന വേതനം നല്‍കാവുന്നതല്ല. തുല്യവേതനത്തിനു സ്ത്രീയും പുരുഷനും ഒരു പോലെ അര്‍ഹരാണ്. സമയബന്ധിത നിരക്കിലോ, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനമാക്കിയുള്ള നിരക്കിലോ വേതനം നല്‍കാവുന്നതാണ്. സമയബന്ധിത നിരക്കിലാണെങ്കില്‍ ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ചെയ്ത ജോലിയുടെ അളവു നോക്കാതെ മുഴുവന്‍ വേതനത്തിനും അര്‍ഹതയുള്ളപ്പോള്‍, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനത്തിലുള്ള നിരക്കിലാണെങ്കില്‍ ഓരോരുത്തരും ചെയ്ത ജോലി എത്രയാണെന്നു അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം അതിന്റെ അടിസ്ഥാനത്തിലായിരിക്കും വേതനം ലഭിക്കുന്നത്. ഇതൊക്കെയാണ് നിയമം.

പരിശോധിച്ച 16 ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടത് ശരാശരി വേതനം 60 രൂപയായിരുന്നു. തല്പരകക്ഷികള്‍ ഇതിനെ ചൂഷണമെന്നു വിളിച്ചേക്കാം. ഇക്കാരണവും തൊഴില്‍ ആവശ്യപ്പെടുന്നതില്‍ നിന്നും തൊഴിലാളികളെ പിന്‍‌തിരിപ്പിച്ചു.

ഏറ്റവും കുറഞ്ഞത് 125 രൂപയെന്നത് ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നത് നിയമപ്രകാരം ആവശ്യമായിരുന്നു. പക്ഷേ ഒരിടത്തും അങ്ങനെ ചെയ്തില്ല. പകരം തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നേരിട്ട് വരവു വയ്ക്കുകയായിരുന്നു. തല്‍ഫലമായി ഗുണഭോക്താക്കള്‍ കുറഞ്ഞ കൂലിയെപറ്റി അജ്ഞരും അത്രത്തോളം അതു സുതാര്യതെയെ ബാധിക്കയും ചെയ്തു.

നിയമം അനുസരിച്ച് വേതന വിതരണം പ്രതിവാരാടിസ്ഥാനത്തിലോ അല്ലെങ്കില്‍ തൊഴില്‍ ചെയ്ത തീയതി മുതല്‍ ഒരു കാരനവശാലും 14 ദിവസത്തില്‍ കവിയാതെയോ ആകണം. എന്നാല്‍ വയനാടു ജില്ലയില്‍ അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പ്രവൃത്തികളില്‍ വേതനവിതരണം 56 ദിവസം വരെ വൈകിയിരുന്നു. ഏറ്റവും കൂടുതല്‍ വൈകിയത് മേപ്പാടി ഗ്രാമപഞ്ചായത്തിലായിരുന്നു. നിയമമനുസരിച്ചുള്ള (1936 ലെ വേതന വിതരണ നിയമം) നഷ്ടപരിഹാരം ആരും നല്‍കിയില്ല. അന്നന്നുള്ള അഷ്ടിക്കുള്ള വക കാണാനാണ് തൊഴിലും തേടി പഞ്ചായത്തിനെ സമീപിച്ചതും, സര്‍ക്കാര്‍ നിയമമുണ്ടാക്കിയതും. ഈ കാലതാമസത്തിനിടയാക്കിയ ഏമാന്മാര്‍ക്ക് ഒന്നാം തീയതി ശമ്പളം കിട്ടിയില്ലെങ്കില്‍ പുകിലെന്താകുമായിരുന്നു. ക്രിമിനല്‍ കുറ്റമല്ലേ അവര്‍ കാണിച്ചത്.

മസ്റ്റര്‍ റോളിലും തൊഴില്‍ കാര്‍ഡുകളിലും വിതരണം നടത്തിയ് വേതനത്തിന്റെ വിവരം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ മസ്റ്റര്‍ റോളില്‍ മാത്രം രേഖപ്പെടുത്തിവിട്ടു. വിതരണം ചെയ്ത തൊഴില്‍ കാര്‍ഡുകളില്‍ വേതനം രേഖപ്പെടുത്താനുള്ള സ്ഥലം പോലും ഉണ്ടായില്ല. ആരെങ്കിലും വന്നു മസ്റ്റര്‍ റോളില്‍ കുടി എഴുതിയെടുത്തതു തന്നെയാണ് തൊഴിലാളിക്ക് കൊടുത്തതെന്ന് പരിശോധിച്ച് കണ്ടുപിടിക്കുന്നതൊഴിവാക്കണ്ടേ; പരിശോധിക്കുന്നത് അക്കൌണ്ടന്റ് ജനറലല്ല, ദൈവം തമ്പുരാന്‍ വന്നാലും പിടികൊടുക്കാതിരിക്കാനുള്ള വേലകളെല്ലാം നമ്മുടെ ഏമാന്മാര്‍ക്കറിയാം.

വേതന വിതരണം സുഗമമാക്കുന്ന് അടിസ്ഥാന രേഖകളില്‍ സുപ്രധാനമാണ് മസ്റ്റര്‍ രോള്‍. ഹാജരായതും വിട്ടുനിന്നതും ആയ തൊഴിലാളികളുടെ വിവരങ്ങള്‍, വിതരണം നടത്തിയ വേതനം, വേതനം പറ്റിയ ആളുടെ ഒപ്പ്/ വിരലടയാളം എന്നിവ രേഖപ്പെടുത്തിയതും സമാനമല്ലാത്ത തിരിച്ചറിയല്‍ നമ്പരുകളുള്ളതുമായ പ്രത്യേകം മസ്റ്റര്‍ റോള്‍ ഓരോപ്രവര്‍ത്തിക്കും സൂക്ഷിക്കേണ്ടതുണ്ട്. എങ്കിലല്ലേ, കണക്കുകള്‍ എല്ലാം ശരിയാണെന്ന് ആര്‍ക്കെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്താന്‍ കഴിയൂ. എന്നാല്‍ ഓരോ ഗ്രാമപഞ്ചായത്തും അവര്‍ക്ക് തോന്നിയ വിധത്തില്‍, ആരു വന്നാലും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തില്‍ മസ്റ്റര്‍ റോള്‍ എഴുതി സൂക്ഷിച്ചു.

പുതിയ സംവിധാനമല്ലേ, ഞങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ, സാര്‍.
അവര്‍ക്ക പറഞ്ഞു കൊടുക്കാനല്ലേ ഏമാര്‍ മാര്‍. അവര്‍ക്കും അറിയില്ല, സാര്‍.
ഇവിടെ ജനപ്രതിനിധകളല്ലേ പഞ്ചായത്തംഗങ്ങള്‍? അവരൊന്നും ചോദിക്കാറില്ലേ? കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ട്യ പദ്ധതിയുടെ ഇംഗ്ലീഷിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരെല്ലാം കാണുന്നുണ്ട്, സാര്‍.
പോരേ, പൂരം.

തൊഴിലില്ലായ്മ ബത്ത:
തൊഴിലിനപേക്ഷിച്ച ഒരു തൊഴിലാളിക്ക് തൊഴില്‍ ആവശ്യപ്പെട്ട തീയതി മുതല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. അങ്ങനെ നിശ്ചയിക്കുന്ന നിരക്ക് ആദ്യത്തെ മുപ്പത് ദിവസത്തേക്ക് വേതനനിരക്കിന്റെ നാലിലൊന്നില്‍ കുറയാന്‍ പാടില്ലാത്തതും പിന്നീടുള്ള ദിവസങ്ങള്‍ക്ക് വേതനനിരക്കിന്റെ പകുതിയില്‍ കുറയാന്‍ പാടില്ലാത്തതും ആകുന്നു. ഇത് നിയമം.

സംസ്ഥാനത്ത് 213840 തൊഴില്‍ കാര്‍ഡുടമകള്‍ ഉള്ളതില്‍ 104927 പേര്‍ തൊഴിലിനപേക്ഷിച്ചു. എന്നാല്‍ നിയമം ഉറപ്പുനല്‍കിയതു പ്രകാരം 537 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് 100 ദിവസത്തെ തൊഴില്‍ നല്‍കാനായത്. ഒരുത്തര്‍ക്കും തൊഴിലില്ലായ്മാ ബത്ത നല്‍കിയതേയില്ല. 30% പേര്‍ ദാരിദ്ര്യ രേഖക്ക് താഴ്യുള്ളവര്‍ പാര്‍ക്കുന്ന സംസ്ഥാനമാണിതെന്നോര്‍ക്കണം. കൊടുക്കുന്ന വേതനം മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരിയെ കിട്ടുന്നതാണെന്നും ഓര്‍ക്കണം.

അക്കൌണ്ട്ന്റ് ജനറല്‍ കണക്കാക്കിയിരിക്കുന്നത്, 105.53 കോടി യുടെ വേതനമാണ് ബത്തയായി കൊടുത്തിട്ട് കേന്ദ്രത്തില്‍ നിന്നും ചോദിച്ച് വാങ്ങേണ്ടിയിരുന്നത്. ഒരു പൈസ കൊടുത്തതുമില്ല, കിട്ടിയതുമില്ല.

പ്രവൃത്തി നിര്‍വഹണം.
ജലസംരക്ഷണം, വറള്‍ച്ചനിവാരണം, ജലസേചനത്തിനുള്ള കനാലുകള്‍, മുന്‍‌ഗണനാവിഭാഗത്തിലുള്ള ഗുണഭോക്താക്കളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തുക , പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ഭൂവികസനം, വെള്ളപ്പൊക്ക നിയന്ത്രണം , ഗ്രാമീണ പാതകള്‍ എന്നീ എട്ടു വിഭാഗങ്ങളില്‍ പെട്ട പ്രവൃത്തികള്‍ക്കാണ് ഈ നിയമത്തിന്‍ കീഴില്‍ പ്രാമുഖ്യം. സംസ്ഥാനത്ത് എല്ലാ പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുകയും കരാറുകാരെ പ്രവൃത്തി നിര്‍വഹണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യണം. ഇതു നിയമം.

ഈ നിയമം വയനാട് ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയതെങ്ങനെയെന്നരിയണ്ടേ? ഇവിടുത്തെ രണ്ട് ഗ്രാമപഞ്ചായത്തുകളായ നെന്മേനിയിലും വെള്ളമുണ്ടയിലും അവയുടെ പ്രദേശത്തുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍കളിസ്ഥലങ്ങള്‍ ഉണ്ടാക്കികൊടുത്തു. ചെലവായ 2.20 ലക്ഷം രൂപ മുഴുവന്‍ തൊഴിലുറപ്പുപദ്ധതി വഴി ചെലവഴിച്ചു. നിയമത്തിനു ഘടകവിരുദ്ധം. പക്ഷേ ആര്‍ ചോദിക്കാന്‍ ?.

തൊഴില്‍ ചെയ്യുവാന്‍ സാധനസാമഗ്രികള്‍ ആവശ്യമെങ്കില്‍, അതും ഈ പദ്ധതിയില്‍ വകവച്ചുതന്നെ വാങ്ങികൊടുക്കണം. എന്നാല്‍ പദ്ധതിവേണ്ടി അനുവദിക്കുന്ന തുകയുടെ 60% എങ്കിലും അവിദഗ്ദതൊഴില്‍ നല്‍കുന്നതിനുവേണ്ടി വിനിയോഗിക്കപ്പെടണം. ഇതു നിയമം.

പാ‍ലക്കാടു ജില്ലയില്‍ പരിശോധന നടത്തിയ പുതിശ്ശേരി ഗ്രാമത്തില്‍ നടപ്പാക്കിയ 20 പ്രവൃത്തികളില്‍ ഒന്നിലും ഈ നിയമം നോക്കാതെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി.

പ്രീയ വായനക്കരേ, ഇപ്പോള്‍ മനസ്സിലായില്ലേ, നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയുടെ 30% പേരെ ദാരിദ്ര്യരേഖക്ക് താഴെ നിലനിറുത്താന്‍ നാം പെടുന്ന പാട്.

ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട് (2008)

No comments:

Post a Comment