MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 15 May 2011

ആനപ്രേമികളേ നിങ്ങൾക്കറിയാമോ?


നാലു് കാലും തുമ്പിക്കൈയ്യുമുള്ള വളരെ വലിയ ശരീരത്തോടുകൂടിയ ഒരു മൃഗം എന്നു മാത്രം ആനയെപറ്റി ധരിച്ചിരുന്ന എന്നെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് നമ്മുടെ ഇടയിലുള്ള , പാർപ്പിടം എന്ന ബ്ലോഗിന്റെ ഉടമയായ, എസ്.കുമാറാണു മറ്റാരുമല്ല.

ഒന്നും രണ്ടുമല്ല ഏഴു ചോദ്യങ്ങൾക്കുത്തരമാണു ഈ മാന്യദേഹം എന്നിൽ നിന്നും ആവശ്യപ്പെട്ടത്. വായനക്കാരുടെ അറിവിലേക്കായി അതിവിടെ പകർത്തുന്നു:

  1. കേരളത്തിൽ jeevichirikkunnathil ഏറ്റവും ഉയരം കൂടിയ ആന ഏത്?
  2. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മന്ദലാംകുന്ന് കർണ്ണൻ,മന്ദലാംകുന്ന് കർണ്ണൻ,പട്ടത്ത് ശ്രീകൃഷ്ണൻ,ചെർപ്ലശ്ശേരി പാർഥൻ, ചുള്ളിപ്പറമ്പിൽ വിഷ്ണു എന്നീ ആനകളുടെ സർക്കാർ റേഖകളിലെ ഉയരവും(സെന്റീമീറ്ററിൽ) അതുപോലെ അതിന്റെ ഇപ്പോളത്തെ ഉടമകളുടെ പേരും
  3. സർക്കാർ രേഖകൾ അനുസരിച്ച്ച്ച് കേരളത്തിൽ എത്ര നാട്ടാനകൾ ഉണ്ട്?
  4. എത്ര ആനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.
  5. അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന് ഏറ്റവും അവസാനം ലൈസൻസ് എടുത്ത് /സർക്കാർ രേഖപ്രകാരം അന്യസംസഥാനത്തുനിന്നും കൊണ്ടുവന്ന അവസാനത്തെആ‍ന ഏത്? അതിന്റെ ഉടമ ആർ?
  6. ആനയെ മതിയായ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വച്ചാൽ ആ വ്യക്തി/വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ എടുക്കാവുന്ന നിയമപരമായ നടപടികൾ എന്തൊക്കെ? എന്തുശിക്ഷയാണ്‌ ഇത്തരക്കാർക്ക്‌ നിയമം അനുശാസിക്കുന്നത്‌?
  7. ലൈസൻസ്‌/ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത എത്ര ആനകൾ ഉണ്ട്‌ കേരളത്തിൽ? ഇത്തരത്തിൽ ഏതെങ്കിലും ആനകൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യത്തിൽ എന്തുനടപടിയാണ്‌ ഇന്നേതിയതിവരെ സ്വീകരിച്ചിട്ടുള്ളത്‌?

ഈ ചോദ്യങ്ങളടങ്ങിയ കുമാറിന്റെ ഈ-മെയിൽ വായിച്ച് അന്തം വിട്ട് കുന്തം വിഴിങ്ങിയിരിക്കുമ്പോഴാണു ഒരു ഫോൺ കാൾ. കുമാറാണു മറുവശത്ത്. വിവരാവകാശനിയമത്തെ പറ്റി വിശദമായ പോസ്റ്റുകൾ പ്രസിദ്ധപ്പെടുത്തിയ തിരുവനന്തപുരത്ത് താമസക്കാരനായ ഞാൻ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ഈ വിവരങ്ങൾ നേടികൊടുക്കണം. ഇതാണാവശ്യം.

പ്രശ്നം നിസ്സാരമല്ല. കാരണം, ഞാൻ മനസ്സിലാക്കിയ വിവരാവകാശ നിയമപ്രകാരം ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടുപിടിച്ച് തരാൻ ഫോറസ്റ്റാപ്പീസർമാർ ബാധ്യസ്ഥരല്ല. ഇതേ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിച്ച് ഒരു രേഖയാക്കിയിട്ടുണ്ടെങ്കിൽ ആ രേഖയുടെ പകർപ്പ് ചോദിച്ചാൽ ലഭ്യമാക്കണമെന്നാണു നിയമം. ഫോറസ്റ്റാഫീസിൽ സൂക്ഷിക്കുന്ന ഏത് രേഖയുടെ പകർപ്പ് ചോദിച്ചാലും തരാൻ ബാധ്യസ്ഥരാണു. അതാണു നിയമം അനുശാസിക്കുന്നത്. ഇവിടെ ചോദ്യങ്ങൾക്കുത്തരം റെഡി മണിയായിട്ട് ഏതെങ്കിലും രേഖയിൽ ഉണ്ടാകുമോയെന്നു സംശയം. പല രേഖകളും, ഫയലുകളും, രജിസ്റ്ററുകളും പരിശോധിച്ച് ഉത്തരം കണ്ടെത്തേണ്ടതാണു ചോദ്യങ്ങളത്രയും. ഞാൻ ഇതുവരെ വിവരാവകാശനിയമപ്രകാരം നേടിയിട്ടുള്ളതെല്ലാം അപ്രകാരമുള്ള രേഖകളായിരുന്നു. മടിച്ച് മടിച്ചാണെങ്കിലും, അപേക്ഷ കൊടുക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ നവമ്പർ 30 നു ഈ ചോദ്യങ്ങളെല്ലാം പകർത്തിയെഴുതി, 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും ഒട്ടിച്ച്, ‘വിവരാവകാശ നിയമ പ്രകാരം’ എന്നു വെണ്ടക്കാ അക്ഷരത്തിൽ ഏറ്റവും മുകളിൽ എഴുതിയ ഒരപേക്ഷ വഴുതക്കാട്ടുള്ള ഫോറസ്റ്റാഫീലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ കൈയ്യിൽ ഞാൻ തന്നെ നേരിട്ട് ഏൾപ്പിച്ചു. മറ്റൊരു പകർപ്പിൽ , കൈപ്പറ്റ് രശീതിയും ഒപ്പിട്ട് വാങ്ങി.

30 ദിവസത്തിനകം വിവരം ലഭ്യമാക്കണമെന്നാണു നിയമം. ഉടൻ നൽകാമെന്നതാണെങ്കിൽ പോലും നൽകില്ലെന്നാണു അനുഭവം. കാത്തിരിക്കുക തന്നെ. 18 ദിവസം കഴിഞ്ഞപ്പോൾ ഒന്നന്വേഷിച്ചു പോയി. എന്റെ അപേക്ഷ എവിടെയാണെന്നു പോലും ആർക്കും അറിയില്ല. അപേക്ഷ വാങ്ങിയകാര്യം രേഖപ്പെടുത്തിയ ഒരു പകർപ്പ് കാണിച്ചപ്പോൾ അതുവരെ വാചാലമായിരുന്നവർക്ക് മിണ്ടാട്ടമില്ലാതായി. അടുത്ത ദിവസം ടെലഫോണിൽ അന്വേഷിച്ചാൽ വിവരം പറയാമെന്നായി.

പിന്നീടങ്ങോട്ട് ദിവസവും ടെലഫോണിൽ കൂടിയുള്ള അന്വേഷണമാണു. എന്റെ അപേക്ഷ കണ്ടെത്തിയോ എന്നെങ്കിലും അറിയണ്ടേ. ഒരു രക്ഷയുമില്ല. ദിവസവും ഞാൻ വിളിക്കുമെന്നു ഉറപ്പായാപ്പോൾ ഫോറസ്റ്റാഫീസർക്കും ക്ഷമകെട്ടു. വിവരാവകാശനിയമപ്രകാരം 30 ദിവസങ്ങൾക്കുള്ളീൽ ചോദിച്ച വിവരം ലഭ്യമാക്കിയാൽ മതിയെന്നും, അതനുസരിച്ച് 30 ദിവസത്തിനുള്ളിൽ വിവരം ലഭിക്കുമെന്നും ദിവസേന ഈ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആയിരുന്നു അവരുടെ അവസാന പ്രതികരണം. അങ്ങനെ എന്റെ അപേക്ഷ കണ്ടെത്തി കാണുമെന്ന് ഉറപ്പായി. അല്ലെങ്കിൽ ഇങ്ങനെയൊരു മറുപടി പറയില്ലല്ലോ.

ഡിസമ്പർ 30 കഴിഞ്ഞിട്ടും ആവശ്യപ്പെട്ട വിവരം ലഭിക്കാത്തപ്പോൾ ആശ കൈവെടിഞ്ഞു. എന്നാലും എന്തെങ്കിലും ഒരു മറുപടി കിട്ടണ്ടേ. ആവശ്യപ്പെട്ട വിവരം ഇല്ലാഞ്ഞിട്ടാണോ, തരാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ, തരാൻ ബാധ്യസ്ഥരല്ലാത്തതു കൊണ്ടാണോ. ഒന്നും അറിയില്ല. അടുത്ത നടപടി സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷ്ണറുടെ മുമ്പാകെ അപ്പീൽ സമർപ്പിക്കുകയെന്നതാണു. അതിനു വേണ്ടുന്ന ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുമ്പോഴാണു, ജനുവരി 3നു ഒരു രജിസ്റ്റേർഡ് കത്തു കിട്ടുന്നത്. സംഗതി അതു തന്നെ. ഫോറസ്റ്റാഫീസറുടെ മറുപടി.

മറുപടി വായിച്ചിട്ട് അതിശയം തോന്നി. വിവരാവകാശനിയമത്തെപറ്റിയുള്ള എന്റെ ധാരണ മുഴുവൻ തലകീഴായി മറിഞ്ഞു. ഞാനാവശ്യപ്പെട്ട ചോദ്യങ്ങൾക്ക് ഒന്നിനൊഴികെ ബാക്കിയെല്ലാത്തിനും വ്യക്തമായ മറുപടി തന്നിരിക്കുന്നു. പലയിടത്തുനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഞാനാവശ്യപ്പെട്ട രീതിയിൽ മറുപടി ശരിയാക്കി തരാൻ ബാധ്യതയുണ്ടോ എന്നകാര്യം ഇനി വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. തൽക്കാലം എനിക്ക് കിട്ടിയ വിവരം വായനക്കാർക്ക് വേണ്ടി ഇവിടെ സമർപ്പിക്കുന്നു.


ചോദ്യം1. കേരളത്തിൽ jeevichirikkunnathil ഏറ്റവും ഉയരം കൂടിയ ആന ഏത്?

ഉത്തരം: തൃശ്ശൂർ ജില്ലയിലെ ശിവശങ്കരൻ - പൊക്കം 322 സെ.മി.

ചോദ്യം 2.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മന്ദലാംകുന്ന് കർണ്ണൻ,മന്ദലാംകുന്ന് കർണ്ണൻ,പട്ടത്ത് ശ്രീകൃഷ്ണൻ,ചെർപ്ലശ്ശേരി പാർഥൻ, ചുള്ളിപ്പറമ്പിൽ വിഷ്ണു എന്നീ ആനകളുടെ സർക്കാർ റേഖകളിലെ ഉയരവും(സെന്റീമീറ്ററിൽ) അതുപോലെ അതിന്റെ ഇപ്പോളത്തെ ഉടമകളുടെ പേരും
ഉത്തരം:

  • തെച്ചിലോട്ട് രാമചന്ദ്രൻ - 317 സെ.മി. - പ്രസിഡന്റ് തെച്ചിലോട്ട് കാവ് ദേവസ്വം
  • മംഗലാംകുന്നു കർണ്ണനെന്നൊരാനയില്ല. മംഗലാംകുന്നു കണ്ണ്ണൻ - 296 സെ.മി. - ഗീത.പി.ഡി
  • പട്ടത്ത് ശ്രീകൃഷ്ണൻ - 315 സെ.മി. - അശോക് കുമാർ പി.കെ.
  • ചെർപ്പുളശ്ശേരി പാർത്ഥൻ - 305 സെ.മി. - സുനിൽ കുമാർ.പി
  • ചുള്ളിപ്പറമ്പിൽ വിഷ്ണുവല്ല, വിഷ്ണു ശങ്കർ - 293 സെ.മി. - ശശിധർ.സി.എസ്.

ചോദ്യം 3.സർക്കാർ രേഖകൾ അനുസരിച്ച്ച്ച് കേരളത്തിൽ എത്ര നാട്ടാനകൾ ഉണ്ട്?

ഉത്തരം: 702 നാട്ടാനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചോദ്യം 4.എത്ര ആനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

ഉത്തരം: 702 ആനകൾക്ക്

ചോദ്യം 5.അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന് ഏറ്റവും അവസാനം ലൈസൻസ് എടുത്ത് /സർക്കാർ രേഖപ്രകാരം അന്യസംസഥാനത്തുനിന്നും കൊണ്ടുവന്ന അവസാനത്തെആ‍ന ഏത്? അതിന്റെ ഉടമ ആർ?

ഉത്തരം: ആലപ്പുഴ പാണ്ടനാട്ടുള്ള ശ്രീ.പി.ജി. കേശവപിള്ളയുടെ ഉടമസ്ഥതയിലുള്ള വിജയലക്ഷ്മി എന്ന ആനയാണു അവസാനം രജിസ്റ്റർ ചെയ്തിട്ടുള്ളത്: 29-6-2009

ചോദ്യം 6.ആനയെ മതിയായ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വച്ചാൽ ആ വ്യക്തി/വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ എടുക്കാവുന്ന നിയമപരമായ നടപടികൾ എന്തൊക്കെ? എന്തുശിക്ഷയാണ്‌ ഇത്തരക്കാർക്ക്‌ നിയമം അനുശാസിക്കുന്നത്‌?

ഉത്തരം: 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ നിയമത്തിലെ വ്യവസ്ഥകളോ, ഈ നിയമത്തിൻ കീഴിൽ പുറപ്പെടുവിക്കുന്ന ചട്ടങ്ങളോ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും 25000 രൂപ വരെ പിഴയോ 3 വർഷം വരെയുള്ള കഠിന തടവോ ഇതു രണ്ടും കൂടെയോ ശിക്ഷയായി ലഭിക്കാവുന്നതാണു.

ചോദ്യം 7.ലൈസൻസ്‌/ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത എത്ര ആനകൾ ഉണ്ട്‌ കേരളത്തിൽ? ഇത്തരത്തിൽ ഏതെങ്കിലും ആനകൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യത്തിൽ എന്തുനടപടിയാണ്‌ ഇന്നേതിയതിവരെ സ്വീകരിച്ചിട്ടുള്ളത്‌?

ഉത്തരം: ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളുടെ കണക്ക് ഈ ഓഫീസിൽ ലഭ്യമല്ല. ഇത്തരത്തിലുള്ള ആനകളെ സംബന്ധിച്ചെടുത്തിട്ടുള്ള നടപടികളെ സംബന്ധിച്ചും ഈ ഓഫീസിൽ വിവരങ്ങളില്ല. ആയത് താങ്കൾക്ക് നേരിട്ട് നൽകാൻ കൺസർവേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വിശ്വസ്തതയോടെ,
ഒപ്പ്
പബ്ലീക്ക് ഇൻഫർമേഷൻ ഓഫീസർ &
Dy.Forest Conservator (Wild Life)
30-12-2009
ആ ഉത്തരങ്ങളുടെ നിജസ്ഥിതിയെപറ്റി എസ്.കുമാറിൽ നിന്നും അറിഞ്ഞ വിവരങ്ങൾ കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയിരിക്കയാണു ഞാൻ വീണ്ടും. കുമാർ എന്നെ അറിയിച്ചിരിക്കുന്നതെന്തെന്നാൽ:

ഒന്നാം ചോദ്യത്തിനു അവർ നൽകിയ ഉത്തരം തെറ്റാണ്‌. ശിവശങ്കരൻ(പഴയ കണ്ടമ്പുള്ളീ ബാല നാരായണൻ) ചരിൻഞ്ഞിട്ട്‌ വർഷം ഒന്നാകാറായി.പാലക്കാട്‌ ജില്ലയിൽ വച്ച്‌ ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞുവീണ്‌ മരിക്കുകയാണുണ്ടയത്‌.ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ചില പ്രശനങ്ങൾ ഉണ്ടായിരുന്നതിനാൽ അതിന്റെ കൊമ്പ്‌ സർക്കാരിൽ വന്നു ചേരുകയും ചെയ്തു എന്നാണറിവ്.

(1970 കളിൽ പട്ടാമ്പിയിൽ ഉള്ള ഒരു വക്കീലാണ്‌ (ഉദയവർമ്മൻ) ഈ ആനയെ ബീഹാറിൽ നിന്നും കൊണ്ടുവരുന്നത്‌. അന്നത്തെ പേർ പട്ടാമ്പി നാരായണൻ. കലാപകാരിയായിരുന്ന ഇവനെ വക്കീൽ കണ്ടമ്പുള്ളി ഫാമിലിക്ക്‌ വിറ്റു. കാലങ്ങളോളം കണ്ടമ്പുള്ളി ഫാമിലിയുടേതായിരുന്നു ആന. കണ്ടമ്പുള്ളി ബാലനാരയണൻ എന്നു പേരും മാറ്റി. പിന്നീട്‌ പാലക്കാട്‌ ജില്ലയിൽ ഒരുത്സവത്തിനിടയിൽ ആനത്തെറ്റിയ സമയത്ത്‌ ഉടമ് ബാലേട്ടൻ അവിടെ എത്തി.തെറ്റിനിൽക്കുന്ന ആനയെ കണ്ട്‌ ബാലേട്ടൻ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയും മരിക്കുകയുമാണുണ്ടായത്‌. ബാലേട്ടൻ മരിച്ചപ്പോൾ മക്കൾ അതിനെ നാണു എഴുത്തശ്ശൻ ഗ്രൂപ്പിനു കൈമാറി.അവരാണ്‌ അതിനു കണ്ടമ്പുള്ളീ ബാലനാരായണൻ എന്നപേരുമാറ്റി നാണു എഴുത്തശ്ശൻ ശങ്കരനാരായണൻ എന്ന പേരിട്ടത്‌)
മറ്റൊന്നു, മന്ദലാം കുന്ന് കർണ്ണൻ എന്ന ആനയില്ല എന്ന വിവരം.കാരണം ഇന്ന് കേരളത്തിൽ ഉത്സവപ്പറമ്പുകളിൽ (ഗുരുവായൂർ പത്മനാഭൻ,തിരുവമ്പാടി ശിവസുന്ദർ-പഴ്യ പൂക്കോടൻ ശിവൻ- എന്നിവരെ ഒഴിവാക്കിയാൽ) തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കഴിഞാൽ ഏറ്റവും പ്രിയങ്കരൻ മന്ദലാം കുന്ന് കർണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ആനയാണ്. ഔദ്യോഗികമായി ഇവന്റെ പേര് കർണ്ണൻ എന്നല്ല കണ്ണൻ എന്നതു പുതിയ അറിവാണ്. ഒരു പക്ഷെ ആനപ്രേമികളിൽ പലർക്കും അറിയില്ലയിരിക്കാം. [കണ്ണന്റെ മുകളിൽ കാണുന്ന പടം ഞാൻ ഇവിടുന്നു അടിച്ച് മാറ്റിയതാണു.]

സംഗതി ഇങ്ങനെയൊക്കെയാണെങ്കിൽ , പൊക്കത്തിൽ ഒന്നാമൻ ആരായിരിക്കാം?.
ഫോറസ്റ്റുകാർ പറഞ്ഞ ആന ചരിഞ്ഞിട്ട് കാലം കുറച്ചായില്ലേ. ഇനി ഒരു പക്ഷെ സൂര്യൻ എന്നാണ് പറയുന്നതെങ്കിൽ അതും തെറ്റാണ്.കാരണം ചുള്ളിപ്പറമ്പിൽ സൂര്യൻ എന്നറിയപ്പെട്ടിരുന്ന വാര്യമ്പാട്ട് സൂര്യൻ ചരിഞിട്ട് 5 മാസത്തോളം ആയി.ഇത് തൃശ്ശൂരിലെ നാണു എഴുത്തശ്ശൻ ഗ്രൂപ്പിൽന്നിന്നും ചുള്ളിപ്പറമ്പിൽ ശശിയേട്ടൻനും (വിഷ്ണുശങ്കരിന്റെ ഉടമ) വാര്യമ്പാട്ട് തറവാട്ടിലെ ഒരു വ്യക്തിയും ചേർന്ന് ഏതാനും വർഷം മുമ്പ് വാങ്ങിയതാണ്.ഇവരുടെ കൈവശം ഇരിക്കുമ്പോൾ ആണ് ആന ചരിഞത്.

അതിനാൽ ഇവർ കഴിഞാൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഉയരക്കൂടുതൽ തെച്ചിക്കോട്ടുകാവിനാണ് എന്നാണു നമ്മുടെ ആനപ്രേമി കുമാർ ഊഹിക്കുന്നത് (പടം ഇടതു വശം, പാപ്പാന്മാരോടൊപ്പം- രാമചന്ദ്രൻ). ഇനിയൊരപവാദം ഉണ്ടകുവാൻ കഴിയുക ഗുരുവായൂർ ആനക്കോട്ടയിൽ ഉള്ള ഒരു വളരെ പ്രായം ചെന്ന പൊതുപരിപാടികളൊ പുറം യാത്രകളോ ഇല്ലാത്ത ഒരാനക്കാണ്. അതിന്റെ തല ഇടിഞും ഉയരം നോക്കുന്ന ഇരിക്കസ്ഥാനം/മുതുക് ഉയർന്നുമാണ്.ആ ഒരു സാങ്കേതികത്വം മാത്രമേ ഉണ്ടാകുവാൻ ഇടയുള്ളൂ.

ഫോറസ്റ്റുകാർക്ക് പറ്റിയ തെറ്റു പത്രക്കാർക്ക് കൊടുക്കില്ലെന്നേ ഞാൻ വാക്കു കൊടുത്തിട്ടുള്ളൂ. ബ്ലോഗ് വായനക്കാരെ അറിയിക്കുന്നതു കൊണ്ട് ഞാൻ ഒരു വാഗ്ദാന ലംഘനവും നടത്തുന്നില്ലല്ലോ. അതു കൊണ്ട് വായനക്കാരേ, ആന പ്രേമികളേ നിങ്ങൾ വായിച്ചാർമാദിക്കൂ. ഈ വിവരങ്ങൾ ആധികാരികമാണു.


കടപ്പാട്: 1) വിവരാവകാശ നിയമം; 2) ആനപ്രേമി എസ്.കുമാർ.


By ajay

No comments:

Post a Comment