ലോകത്ത് ഏറ്റവും കൂടുതല്‍ അണുപ്രസരണം (റേഡിയേഷന്) ഉള്ളത് കരുനാഗപ്പള്ളിതാലൂക്കിലാണെന്ന് ഭാഭാ അണുശക്തി കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. 12 പഞ്ചായത്തുകളിലെ 76000 വീടുകളിലായി നാലര ലക്ഷം ജനസംഖ്യയുള്ള ഇവിടെ ജീവിച്ചിരിക്കുന്ന 2000 അര്‍ബുദ രോഗികള്‍ക്ക് പുറമേ ഓരോ വര്‍ഷവും 450 പേര് രോഗികളായി മാറികൊണ്ടിരിക്കുന്നു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ നീണ്ടകരയിലുള്ള നാചുറല്‍ ബാക്ക് ഗ്രൗണ്ട് റേഡിയേഷന് ക്യാന്‍സര്‍ റജിസ്റ്റ്രി താലൂക്കിലെ മുക്കാല്‍ ലക്ഷം വീടുകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ജില്ലയിലെ നീണ്ടകരമുതല്‍ ഓച്ചിറ വരെയുള്ള തീരപ്രദേശത്ത് അണുപ്രസരണം കൂടുതലാണെന്നും അര്‍ബുദരോഗികളുടെ എണ്ണം പെരുകുന്നുവെന്നും മുമ്പ് നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ടെങ്കിലും പത്തുവര്‍ഷത്തിലേറെയെടുത്ത് വീടുവീടാന്തരം നടത്തിയ സമഗ്രപഠനം ഇതാദ്യമാണ്. കരുനാഗപ്പള്ളിതാലൂക്കിലെ 12 പഞ്ചായത്തുകളെ അണുപ്രസരണത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിട്ടുണ്ട്. നീണ്ടകര, ചവറ, പന്മന, ആലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അണുപ്രസരണം ഏറ്റവും കൂടുതല്‍. കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം, ചവറതെക്കുംഭാഗം എന്നീ പഞ്ചായത്തുകളില്‍ അണുപ്രസരണം അത്ര കൂടുതലോ കൂറവോ അല്ല. അതേസമയം ഓച്ചിറ, തഴവ, തൊഴിയൂര്‍, തേവലക്കര പഞ്ചായത്തുകളില്‍ താരതമ്യേന കുറവാണ്. ഗാമാ റേഡിയേഷന്റെ ലോകശരാശരി ഒരു മില്ലിഗ്രാം ആണെന്നിരിക്കേ കരുനാഗപ്പള്ളി താലൂക്കില്‍ ഇത് 500% മുതല്‍ 800% വരെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള നീണ്ടകര പഞ്ചായത്തിലിത് 76 ഇരട്ടിവരും (7600%)
No comments:
Post a Comment