MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 15 May 2011

നമുക്ക്‌ വേണോ ഈ കുപ്പിവെള്ളം? (bottled water)

[‘കണ്‍‌സൂമര്‍‌ ഗാര്‍‌ഡില്‍‌‘ പ്രസിദ്ധപ്പെടുത്തിയ ഡോഃ സി.ആര്‍‌. സോമന്റെ ലേഖനം]

ഈയടുത്ത കാലത്ത്‌ എനിക്കുണ്ടായ ഒരനുഭവത്തില്‍ നിന്നും തുടങ്ങട്ടെ. ആഗോളീകരണത്തിന്റെ ഭാഗമായി റീട്ടെയില്‍‌ വ്യാപാര മേഖലയില്‍‌ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നു കയറ്റത്തെ എങ്ങനെ ചെറുക്കാം എന്നു ചര്‍ച്ച ചെയ്യാന്‍‌ വിളിച്ചു കൂട്ടിയ യോഗത്തില്‍‌ ഞാനും പങ്കെടുത്തു. സാമാന്യം വിസ്തൃതമായ വേദിയില്‍‌ ഏതാണ്ട്‌ പത്തു വിശിഷ്ടാതിഥികള്‍‌ ഉപവിഷ്ടരായിരുന്നു. പരവതാനി വിരിച്ച മേശപുറത്ത്‌ ഒരാള്‍‌ക്ക്‌ ഒന്നെന്ന തോതില്‍‌ കിന്‍‌ലേ, അക്വാഫീനാ എന്നീ ശുദ്ധജലകുപ്പികള്‍‌ നിരത്തി വച്ചിരിക്കുന്ന കാഴ്ച എന്നെ അസ്വസ്ഥനാക്കി.

കൊക്കോകോളാ, പെപ്സി കമ്പനികള്‍‌ ഉല്പാദിപ്പിക്കുന്ന കുടിവെള്ളം പാലിനൊപ്പം വിലകൊടുത്ത്‌ വാങ്ങി ഉപയോഗിക്കുന്നതിനു നമ്മുടെ ദേശീയവാദികള്‍‌ക്ക്‌ യാതൊരു വൈകാരിക ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നുള്ളത്‌ എന്നെ അത്ഭുതപ്പെടുത്തി. കുടിവെള്ളത്തിന്റെ കാര്യത്തിലും മറ്റെല്ലാ മേഖലകളിലെന്നപോലെ മലയാളി സ്വീകരിക്കുന്ന ഇരട്ടത്താപ്പ്‌ നയമാണ് ഇവിടെ പ്രകടമായത്‌.

നാം ദാഹശമനത്തിനും പാചക ആവശ്യത്തിനും ഉപയോഗിക്കുന്ന ജലം ശുദ്ധമാവണമെന്ന കാര്യത്തില്‍‌ തര്‍‌ക്കമില്ല. കുടിവെള്ളത്തിനുണ്ടാകേണ്ട ഗുണനിലവാരം എന്താവണമെന്ന്‌ ലോകാരോഗ്യ സംഘടന തുടങ്ങിയ അന്തരാഷ്ട്ര് സംഘടനകളുടെ ചുവടു പിടിച്ച്‌ ഇന്‍‌ഡ്യയിലും ബ്യൂറോ ഒഫ്‌ ഇന്‍‌ഡ്യന്‍‌ സ്റ്റാന്‍‌ഡേര്‍ഡ്സിന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്‌. കാഴ്ചയിലും രാസപരിശോധനയിലും മൈക്രോബയോളജി പരിശോധനയിലും കൂടി ഏറ്റവും കുറഞ്ഞ ഗുണനിലവാര സൂചികകള്‍‌ ദേശീയ തലത്തില്‍‌ നിര്‍വചിച്ചിരിക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും പൊതുജല വിതരണ സബ്രദായങ്ങള്‍‌ ഏര്‍പ്പെടുത്തുബോള്‍‌ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ശുപാര്‍ശയുടെ പരിധിക്കുള്ളില്‍‌ ഉണ്ടാകണമെന്നുള്ളത്‌ നിയമപരമായ ബാധ്യതയാണ്. പൊതുജല വിതരണ സബ്രദായത്തിലൂടെ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്ന കുടിവെള്ളം എല്ലായ്പോഴും മണല്‍‌ ഉപയോഗിച്ച്‌ അരിച്ച്‌ പ്ലവപദാര്‍ത്ഥങ്ങള്‍‌ രാസപ്രയോഗത്തിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്ത്‌ ക്ലോറിന്റെ സഹായത്തോടെ (ബ്ലീച്ചിംഗ് പൌഡര്‍‌ പ്രയോഗത്തിലൂടെ) അണുവിമുക്തമാക്കിയ ശേഷമാകണം വിതരണം ചെയ്യേണ്ടത്‌.

കേരളത്തിലെ നഗരങ്ങളില്‍‌ വാട്ടര്‍‌ അതോറിട്ടി വിതരണം ചെയ്യുന്ന ജലം ഇപ്പറയുന്ന എല്ലാ പ്രക്രീയകള്‍ക്കും ശേഷമാണ് കുഴലിലൂടെ എത്തിച്ചു കൊടുക്കുന്നതെന്ന്‌ എനിക്കു ബോധ്യമുണ്ട്‌. പക്ഷേ ഇങ്ങനെ വിതരണം ചെയ്യുന്ന ജലം സ്ഥിരമായി യാതൊരു മുന്നറിയിപ്പുമില്ലാതെ പൊട്ടുന്ന പൈപ്പിലൂടെ ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കുബോള്‍‌ ശുദ്ധജലത്തിനുണ്ടാകുന്ന അപകടകരമായ മാറ്റങ്ങള്‍‌ നമ്മുടെ ജലവിതരണ അതോറിറ്റിയില്‍‌ കാര്യമായ ആകാംക്ഷയൊന്നും ജനിപ്പിക്കുന്നതായി തോന്നുന്നില്ല. ഈ ദുരവസ്ഥക്ക്‌ പരിഹാരമുണ്ടാക്കുവാന്‍‌ ജലവിതരണ അതോറിറ്റി കൂടുതല്‍‌ ഫലപ്രദമായ ഗുണപരിപാലനം നടത്തണം.

പൊതുജല വിതരണ സബ്രദായത്തിലൂടെ വീട്ടിലും പ്രവൃത്തി സ്ഥലങ്ങളിലും ലഭിക്കുന്ന ജലം സുരക്ഷിതമല്ല എന്നൊരു ധാരണ നാട്ടിലെങ്ങും പരന്നിട്ടുണ്ട്‌. ജലവിതരണ കംബനികളെ പ്രതിക്കൂട്ടിലാക്കാനുള്ള ലേഖനങ്ങളും പൊതു വിമര്‍ശനങ്ങളും പത്രങ്ങള്‍‌ സ്പോണ്‍സര്‍‌ ചെയ്ത ഗവേഷണങ്ങളുമെല്ലാം ഈ അവിശ്വാസത്തിനു ആക്കം കൂട്ടിയിട്ടുണ്ട്‌. ഫലമോ, വലിയ സാബത്തിക ച്ചെലവുവരുന്ന രാസപദാര്‍ത്ഥങ്ങളും സാങ്കേതികവിദ്യമും ഉപയോഗിച്ച്‌ ശുദ്ധമാക്കി വീട്ടിലെ പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളത്തെ നാം അവിശ്വസിക്കുന്നു. ഫലമോ വീട്ടില്‍‌ കിട്ടുന്ന ശുദ്ധമായ ജലം വീണ്ടും ശുദ്ധീകരിക്കുന്നതിനായി നാം പലതരത്തിലുള്ള യന്ത്രങ്ങള്‍‌ വാങ്ങി ഉപയോഗിക്കുന്നു. ഓസോണ്‍‌ ശുദ്ധീകരണം, അയോണ്‍‌ എക്സ്ചേഞ്ച്‌ ശുദ്ധീകരണം, റിവേര്‍സ്‌ ഓസ്മോസ്സിസ്സ്‌ ശുദ്ധീകരണം എന്നിങ്ങനെ ഓരോ നൂതന ടെക്നോളജിയും കുടിവെള്ള ശുദ്ധീകരണത്തിനു വേണ്ടി നാം ഭീമമായ വിലകൊടുത്ത്‌ വീട്ടില്‍‌ സ്ഥാപിച്ചിരിക്കുന്നു. ഈ വഴിപിഴച്ച പോക്കിനു കടിഞ്ഞാണിടാന്‍‌ സമയമായി എന്നെനിക്കു തോന്നുന്നു.

കുപ്പിവെള്ളത്തിന്റെ കഥ പറഞ്ഞാണ് ഈ ലേഖനം തുറങ്ങിയത്‌. എവിടെ ഏത്‌ സമ്മേളനം ഉണ്ടെങ്കിലും അവിടെയെല്ലാം ഡസന്‍‌ കണക്കിനു കുപ്പിവെള്ളം ഇന്നു അവിഭാജ്യഘടകമാണ്. ഗുണനിലവാരം ഉറപ്പുവരുത്തുമെന്നു നാം വിശ്വസിക്കുന്ന ബഹുരാഷ്ട്ര ദേശീയ കുത്തകകളോടൊപ്പം വര്‍ണ്ണ ലേബലുകളുമൊട്ടിച്ച്‌ നല്ലൊരു പേരും നല്‍കി അധികമാരും അറിയാത്ത ചെറിയ കംബനികളുടെ വരെ കുടിവെള്ളകുപ്പികള്‍‌ ഇന്നു കംബോളത്തില്‍‌ സുലഭമാണ്. ഒരു ലിറ്ററിനു 12 രൂപയാണ് ശരാശരി വില. ഇന്‍ഡ്യയിലെ ജലവിതരണ കംബനികള്‍‌ ജലസുരക്ഷിതത്തിനാവശ്യമായ എല്ലാ പ്രക്രിയകളും നിര്‍വഹിച്ച്‌ വീട്ടിലെത്തിക്കുന്ന വെള്ളത്തിനു കൊടുക്കേണ്ടി വരുന്ന വില ആയിരം ലിറ്ററിനു 10 രൂപയില്‍‌ താഴെയാണ് എന്നറിയുംബോള്‍‌ കുടിവെള്ള മേഖലയിലെ ഈ ഭീമന്‍‌ സാംബത്തിക ചൂഷണത്തെ പറ്റി നമുക്കൊരു രൂപം കിട്ടും. അതായത്‌ കൈയ്യിലൊരു കുപ്പി വെള്ളവുമായി യാത്ര ചെയ്യുംബോള്‍‌ അര്‍ഹിക്കുന്നതിന്റെ ആയിരം ഇരട്ടി വിലയാണ് നാം നല്‍കുന്നത്‌. ആ വെള്ളത്തിന്റെ സുരക്ഷിതത്വം ടെലിവിഷന്‍‌ ജോത്സ്യന്മാര്‍‌ നല്‍കുന്ന പ്രവചനങ്ങളെപോലെതന്നെ അസ്ഥിരമാണെന്നറിയുക. പ്രമുഖ കംബനികളുള്‍പാദിപ്പിക്കുന്ന വെള്ളം മൈക്രോബയോളജി , രാസഘടന എന്നിവയില്‍‌ ഗുണനിലവാരം പുലര്‍ത്തുന്നതും ശ്രദ്ധിക്കുംബോള്‍‌ അവയിലടങ്ങിയിരിക്കുന്ന കീടനാശിനിയുടെ കാര്യത്തില്‍‌ യാതൊരു നിഷ്കര്‍ഷയും പാലിക്കുന്നില്ലെന്നത്‌ നാമറിയണം. നമുക്ക്‌ വീട്ടില്‍ ജീരകമോ, കൊത്തമല്ലിയോ അതുമല്ലെങ്കില്‍‌ കരിങ്ങാലിയോ പതിമുഘമോ ചേര്‍ത്തു തിളപ്പിച്ചാറ്റി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അഞ്ചയലത്തെങ്ങും സുരക്ഷിതത്വം നല്‍കുന്ന വെള്ളമല്ല ഭീമമായ വില കൊടുത്ത്‌ ഫാഷനായി നാം കൊണ്ടു നടക്കുന്ന കുപ്പിവെള്ളം എന്നറിയുക. ഈ കുപ്പിവെള്ളത്തിന്റെയെല്ലാം ഗുണനിലവാരം നിരന്തരമായി നിരീക്ഷിച്ച്‌ ആവശ്യമായ മുന്നറിയിപ്പ്‌ നല്‍കുവാന്‍‌ പര്യാപ്തമായ ഒരു സംവിധാനവും രാജ്യത്ത്‌ ഒരു സര്‍ക്കാരിന്റേയും കീഴിലില്ല എന്നതും നാമറിയണം. വിശ്വാസം മാത്രമാണ് നമ്മുടെ കൈമുതല്‍‌. പെറ്റ്‌ബോട്ടിലില്‍‌ അടക്കം ചെയ്ത കുപ്പി വെള്ളം ഇടതു കൈയ്യിലൊരു മൊബൈല്‍ഫോണ്‍‌ എന്നതു പോലെ അനുപേക്ഷ്ണിയമാണെന്ന്‌ നാമെല്ലാം കരുതുന്നുണ്ടെങ്കില്‍‌ എനിക്ക്‌ നിര്‍ദ്ദേശിക്കാനുള്ളത്‌ ഇതാണ്. വീട്ടില്‍ തന്നെ തയ്യാര്‍‌ ചെയ്ത ജീരകവെള്ളമോ വര്‍ണ്ണഭംഗിയുള്ള പതിമുഖ വെള്ളമോ വൃത്തിയാ‍യ ഒരു പെറ്റ്‌ബോട്ടിലില്‍‌ അടക്കം ചെയ്ത്‌ നമ്മുടെ സഞ്ചാരസഹായിയായി കൊണ്ടു പോകുക. എല്ലാ സമ്മേളനങ്ങളിലും തിളപ്പിച്ചറ്റിയ ജീരകവെള്ളമോ പതിമുഖ വെള്ളമോ ആകട്ടെ നാം കുടിക്കാന്‍‌ നല്‍കുക. ഇതു കൊണ്ടുണ്ടാകുന്ന സാംബത്തിക ലാഭവും അധിക സുരക്ഷിതത്വവും എത്രയെന്നത്‌ വായനക്കാര്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.

ഈയവസരത്തിലാണ് കേരളജല അതോറിറ്റി കുപ്പിവെള്ള വ്യ്‌വസായം ആരംഭിക്കുവാര്‍ പോകുന്നുവെന്ന പ്രസ്താവം ദുഃഖകരമായി മാറുന്നത്‌. തങ്ങള്‍‌ വിതരണം ചെയ്യുന്ന വെള്ളത്തില്‍‌ തങ്ങള്‍ക്ക്‌തന്നെ വിശ്വാസമില്ല എന്ന ഒരു പ്രതീതിയാവും ഈ സംരംഭം ജനിപ്പിക്കുക. അങ്ങനെയൊരു സമീപനം ആത്മഹത്യപരമാകും.(ലേഖനം അവസാനിച്ചു).

(കടപ്പാട്‌: കണ്‍സൂമര്‍‌ ഗാര്‍ഡ്‌, ഫെബ്രുവരി ലക്കം)

വിയോജനകുറിപ്പ്‌: കേരളത്തിലെ നഗരങ്ങളില്‍‌ വാട്ടര്‍‌ അതോറിട്ടി വിതരണം ചെയ്യുന്ന ജലം എല്ലാ പ്രക്രീയകള്‍ക്കും ശേഷമാണ് കുഴലിലൂടെ എത്തിച്ചു കൊടുക്കുന്നതെന്ന്‌ ഡോ: സോമന്റെ വാദത്തോട്‌ യോജിക്കാന്‍ കഴിയുന്നില്ല. വെള്ളയംബലത്തുള്ള അവരുടെ മെയിന്‍ ടാങ്കില്‍ ഈ പ്രക്രിയകളെല്ലാം ചെയ്യുന്നുണ്ടാകാം. എന്നാല്‍ തിരുവനന്തപുരം നഗരത്തിനു മുഴുവന്‍ ഇവിടെനിന്നല്ല വിതരണം ചെയ്യുന്നത്‌. നഗരത്തിലെ പല പ്രാന്തപ്രദേശങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളം ഇത്തരം പ്രക്രീയകള്‍ക്ക്‌ എപ്പോഴും വിധേയമാകാറില്ലെന്നുള്ളത്‌ എനിക്കും ഞാന്‍ താമസിക്കുന്ന സ്ഥലക്കാര്‍ക്കും അനുഭവമുള്ളതാണ്.

പലപ്പോഴും പൈപ്പ്‌ പൊട്ടി മലിനജലത്തോടോപ്പം ദിവസങ്ങളോളം ഒഴുകുന്നത്‌ നഗരവാസികള്‍ക്ക്‌ നിത്യകാഴ്ചയാണ്. ആശുപത്രികള്‍ , ഹോട്ടലുകള്‍ , വ്യവസായശാലകള്‍ എന്നിവയുടെ മാലിന്യം നേരിട്ട്‌ തുറന്നു വിട്ടിരിക്കുന്നത്‌ നമ്മുടെ നദികളിലേക്കാണ്. കോളിഫാം ബാക്ടീരിയ അടങ്ങിയ ഈ വെള്ളമാണ് വാട്ടര്‍ അതോറിറ്റി ചില ശുദ്ധീകരണ പ്രക്രീയക്ക്‌ ശേഷം പൈപ്പിലൂടെ കുടിവെള്ളമായി കടത്തിവിട്ടുകൊണ്ടിരിക്കുന്നത്‌. മേല്പറഞ്ഞ, വാട്ടര്‍ അതോറിട്ടി നടപ്പാക്കികൊണ്ടിരിക്കുന്ന പ്രക്രീയകള്‍ കോളീഫാം ബാക്ടീരിയയെ ഇല്ലാതാക്കാം പ്രാപ്തമാണോ എന്നും സംശയമാണ്. ഇതതേപടി കുടിക്കുവാന്‍ സാധ്യമല്ല തന്നെ. എന്നാല്‍ കുടിക്കുന്നില്ലേ, എന്നു ചോദിച്ചാ‍ല്‍ ധാരാളം പേര്‍ കുടിക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വരും. ഏതെങ്കിലും വിധത്തിലുള്ള ഒരു ജലശുദ്ധീകരണ സംവിധാനം സ്വന്തം വീട്ടില്‍ നടപ്പില്‍ വരുത്താന്‍ സാംബത്തിക ബുദ്ധിമുട്ടുള്ളവര്‍ പൈപ്പു വെള്ളം അതേപടി കുടിക്കുന്നു. ഏത്‌ വിഷവും കുറേശെ അകത്താക്കിയാല്‍ ശീലമായിക്കോളും എന്നു പറയുന്നതു പോലെയെ ഉള്ളൂ ഇക്കാര്യം.

അതു കൊണ്ട്‌ ഇന്നു വിപണിയില്‍ കിട്ടുന്ന കുപ്പിവെള്ളമെല്ലാം മാലിന്യ മുക്തമെന്നര്‍ത്ഥമില്ല. എവിടുന്നെങ്കിലും കിട്ടുന്ന തെളിഞ്ഞ ജലം പരമാവധി ഊറ്റിയെടുത്ത്‌ ഭംഗിയുള്ള കുപ്പികളിലാക്കി നിശ്ചിത വിലക്ക്‌ വിറ്റു പോരുന്ന ചെറുതും വലുതുമായ ധാരാളം ചില്ലറ/മൊത്ത കച്ചവടക്കാരുടെ എണ്ണം ദിവസേന കൂടി വരുന്നു. അതു കൊണ്ട്‌ കുപ്പി വെള്ളവും ഒട്ടും സുരക്ഷിതമല്ല.

വിപണിയില്‍ കിട്ടുന്ന ഏതെങ്കിലും ഒരു ജലശുദ്ധീകരണ സംവിധാനത്തെ ആശ്രയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ജീരകം, പതിമുഖം തുടങ്ങിയവ ഇട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ശേഖരിച്ച്‌ കുപ്പിയിലാക്കുന്നത്‌ നല്ലതു തന്നെ. പക്ഷേ എപ്പോഴും എല്ലാര്‍ക്കും അത്‌ സാധിച്ചെന്നു വരുമോ?

No comments:

Post a Comment