ഈ ലേഖനം കുറച്ചു നീണ്ടതാണ്. മനപ്പൂര്‍വ്വം ചുരുക്കാത്തതാണ്‍. ഏതെല്ലാം വിധത്തിലാണ്, എന്തെല്ലാം പദ്ധതികളാണ് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉദ്ധരിക്കാന്‍ നമ്മുടെ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്നതെന്നുള്ളതിന്റെ ഒരേകദേശരൂപം കിട്ടാന്‍ വേണ്ടി മുഴുവന്‍ ഉള്‍ക്കൊള്ളിച്ചു.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ പ്രത്യേകിച്ച് പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭരണഘടനാ പരമായ ബാധ്യത സംസ്ഥാനത്തിനുണ്ട്. 2001 ലെ കാനേഷ്‌മാരി പ്രകാരം പട്ടികജാതി/വര്‍ഗ്ഗ വിഭാഗം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ യഥാക്രമം 9.81% വും 1.14% വും ആണ്.
എന്റെ കഴിഞ്ഞ പോസ്റ്റില്‍ SC/ST വിഭാഗകാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കമ്പനികളിലൂടെ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തിരുന്നു. ഇപ്പോഴത്തെ ശ്രമം അവരിലുള്ള യുവജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിലൂടെ നടത്തുന്ന ശ്രമങ്ങളെ ഒന്നു കണ്ണോടിച്ചു നോക്കുകയാണ്.
ഇവയാണ് വകുപ്പ് നടത്തിയ അല്ലെങ്കില്‍ നടത്തികൊണ്ടിരിക്കുന്ന (യുവജനങ്ങള്‍ക്ക് വേണ്ടി മാത്രം) പദ്ധതികള്‍:
- ആത്മവിശ്വാസവും സ്വയംപര്യാപ്തതയും സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ളവകള്‍;
- വിദ്യാഭ്യാസ നിലവാരവും കഴിവുകളും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ളവകള്‍.
- പ്രത്യേക സാമ്പത്തിക സഹായം ചെയ്യുന്നതിനുള്ള കാര്യങ്ങള്‍;
- മത്സരപരീക്ഷകള്‍ക്ക് ഹാജരാകുന്നവര്‍ക്കുള്ള പരിശീലന പരിപാടികള്‍;
- കായിക വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുക;
- പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലായി സ്കൂളുകളില്‍ ചേരുന്നതിനുള്ള പരിപാടികള്‍;
- സ്കൂളുകളില്‍ ചേര്‍ന്നവരെ നിലനിര്‍ത്തുന്നതിനും, കൊഴിഞ്ഞുപോകുന്നത് തടയുന്നതിനുമുള്ള പരിപാടികള്‍;
- ഉന്നത/സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്ദ്യോഗങ്ങളിലും അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍;മറ്റും, മറ്റും.
എന്താ പോരേ. ഇത്രയുമൊക്കെ പോരെ ഏതൊരു വിഭാഗത്തേയും സ്വര്‍ഗ്ഗരാജ്യത്തിലെത്തിക്കുവാന്‍. വൈവിധ്യമാര്‍ന്ന പരിപാടികള്‍ കേട്ടപ്പോള്‍ സംന്തോഷം കൊണ്ട് മാനത്ത് വലിഞ്ഞുകേറാന്‍ തോന്നുന്നുവെങ്കില്‍, നില്‍ക്കൂ. ഈ പരിപാടികള്‍ നടപ്പിലാക്കിയ/ നടപ്പിലാക്കി കൊണ്ടിരിക്കുന്ന രീതികള്‍ മനസ്സിലാക്കിയാല്‍ സംങ്കടം കൊണ്ട് വീര്‍പ്പു മുട്ടും.
മേല്‍പ്പറഞ്ഞ കാര്യപരിപാടികള്‍ നടപ്പിലാക്കുന്നത് ഇവര്‍ മുഖേനയാണ്:
- പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ തലവന്‍- പ്രിന്‍സിപ്പല്‍ സെക്രട്ടറി.
- കാര്യനിര്‍വഹണം നടത്തുവാന്‍ പട്ടികജാതിക്കും പട്ടികവര്‍ഗ്ഗത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം ഡയറക്ടര്‍മാര്‍.
- ഡയറക്ടര്‍മാരെ സഹായിക്കാന്‍ റിജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വികസന ഓഫീസര്‍മാര്‍, പട്ടികജാതി വികസന ഓഫീസര്‍മാര്‍ വേറെ.
- കൂടാതെ പ്രോജക്ട് ഓഫീസര്‍മാര്‍/ ട്രൈബല്‍ ഡവലപ്‌മന്റ് ഓഫീസര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷര്‍ ഓഫീസര്‍മാര്‍ എന്നിവരും.
പണം എവിടുന്നു/എങ്ങനെ കിട്ടുന്നു?:
കേന്ദ്രവും സംസ്ഥാനവും വെവ്വേറെ പദ്ധതികള്‍ കൊണ്ടു വരുന്നുണ്ട്. രണ്ടുപേരും പങ്കുചേര്‍ന്ന് നടത്തുന്ന പദ്ധതികളും ഉണ്ട്.
ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടുന്ന ഫണ്ടുകള്‍ സംസ്ഥാന ബഡ്‌ജറ്റില്‍ വകയിരുത്തുകയും ആവശ്യമനുസരിച്ച് അതാത് ഡയറക്ട്രേറ്റുകള്‍ ജില്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഓഫീസുകള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നു.
2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ മേല്‍ പറഞ്ഞ പദ്ധതികളുടെ നടത്തിപ്പിനെ സി.ഏ ജി. വിശകലനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ഇനിപ്പറയുന്നത്:
- മേല്‍പറഞ്ഞ പദ്ധതികള്‍ക്കായി ബഡ്‌ജറ്റില്‍ വക കൊള്ളിച്ചത് = 617.43 കോടി
- ചെലവാക്കിയത് = 538.58 കോടി രൂപ
- ചെലവു ചെയ്യാതെ മിച്ചം വച്ച് ലാപ്സാക്കിയത് = 70.05 കോടി രൂപ.
വായനക്കാര്‍ക്ക് ഒരേകദേശരൂപം ഇപ്പോതന്നെ കിട്ടികാണണം. മുഴുവന്‍ വായിക്കൂ.
വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നുറപ്പ് വരണമെങ്കില്‍ ധനസഹായം സമയാസമയത്തിനു കിട്ടണ്ടേ. ബഡ്‌ജറ്റില്‍ വകകൊള്ളിച്ചതുകൊണ്ട് കുട്ടികളുടെ വയറു നിറയില്ല.
- പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് (33.05 ലക്ഷം രൂപ)
- ബുക്ക് ബാങ്ക് (19.93 ലക്ഷം രൂപ)
- മെറിറ്റ് വര്‍ദ്ധനവ് (1.50 ലക്ഷം രൂപ)
- രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹന പദ്ധതി (6.77 ലക്ഷം രൂപ)
- സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന സഹായം (15.52 ലക്ഷം രൂപ)
മേല്‍പറഞ്ഞ സഹായ പദ്ധതികളിലൊന്നും ആതാതു കൊല്ലം പണമെത്തിച്ചില്ല. ഒരു കൊല്ലം കഴിഞ്ഞ് കൊടുത്തിട്ടെന്ത് കാര്യം? കൂടുതല്‍ പദ്ധതികളും കേന്ദ്രത്തിന്റേതായിരുന്നു. കണക്കു കൊടുത്താലുടന്‍ ധനമെത്തിക്കും. ബഡ്‌ജറ്റില്‍ വകകൊള്ളിച്ചവയാണിതെല്ലാം. ചോദിച്ച് വാങ്ങിക്കാന്‍ മനസ്സു വേണം. അതിനു വേണ്ടി കുറച്ചെങ്കിലും ജോലി ചെയ്യേണ്ടി വരും. അതിനുവേണ്ടി നിയമിച്ചവരെല്ലാം മുന്നോക്കകാരല്ല എന്നോര്‍ക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്.
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് പദ്ധതിക്കു വേണ്ടിയുള്ള 57.50 ലക്ഷം രൂപ വിതരണം ചെയ്തത് നിശ്ചയിച്ച് തീയതിയില്‍ നിന്നും 9 മാസത്തോളം കഴിഞ്ഞാണ്.
2004-05 ലും 2005-06 ലും പട്ടികജാതി/പട്ടികവര്‍ഗ്ഗ ഹോസ്റ്റലുകളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാര കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്ത 13 കോടി രൂപയില്‍ പകുതി പോലും മാര്‍ച്ച് 31 വരെ ചിലവാക്കിയില്ല. തിരിച്ചു ചോദിച്ചാല്‍ കൊടുക്കേണ്ടതു തന്നെ. എന്തു കൊണ്ട് ചിലവാക്കിയില്ലാ എന്ന് ആരു ചോദിക്കാന്‍? ഹോസ്റ്റലുകള്‍ സൗകര്യങ്ങളെല്ലാം തികഞ്ഞുനില്‍ക്കുകയാണോ?
വിദ്യാഭ്യാസ വികസനത്തിനായി നിരവധി പദ്ധതികളുണ്ടെങ്കിലും, പദ്ധതിയുടെ ഗുണഭോക്താക്കളെ തിട്ടപ്പെടുത്തുന്നതിനായി വകുപ്പ് യാതൊരു സര്‍വ്വേയും ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ട് പദ്ധതികളുടെ പ്രയോജനം നിര്‍ദ്ദിഷ്ട ജനസാമാന്യത്തിനു തന്നെ എത്തിയെന്നോ, ഒരേ ഗൂണഭോക്താവിനു പലതിന്റെ പ്രയോജനം ഉണ്ടാകുന്നതു തടയാനോ മാര്‍ഗ്ഗങ്ങളില്ല.
വിദ്യാഭ്യാസത്തിനു സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതി:
എല്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും"പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്", "പ്രീമെട്രിക്കുലേഷന്‍ പഠനം" എന്നി രണ്ടു പദ്ധതികളിലായി സ്കോളര്‍ഷിപ്പിന്റേയും ലംപ്സം ഗ്രാന്റിന്റെയും രൂപത്തില്‍ സാമ്പത്തിക സഹായത്തിനര്‍ഹതയുണ്ട്. ഒരു ലക്ഷം രൂപ വരുമാരപരിധിയിലുള്ളവര്‍ക്കാണ് ധനസഹായം എത്തിക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.; നമ്മുടെ വകുപ്പ് ആ നിര്‍ദ്ദേശം ഉറപ്പുവരുത്താനുള്ള സംവിധാനമൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ടെന്തു പറ്റീ, കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടിയിരുന്ന 28.41 കോടിരൂപ (ഈയിനത്തില്‍ മാത്രം) 2007 മാര്‍ച്ച് 31 നും കിട്ടിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ മുടക്കിയതു മുഴുവന്‍ സ്വന്തം ഖജനാവില്‍ നിന്നാകേണ്ടി വന്നു.
വിദ്യാര്‍ത്ഥികളുടെ അക്ഡമിക്ക് നിലവാരം ഉയര്‍ത്തുന്നതിനുള്ള പറിപാടി.
പ്രത്യേക തരവും കുറ്റമറ്റതും ആയ പരിശീലനം 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിലൂടെ അവരുടെ നിലവാരം ഉയര്‍ത്തുന്നതിനും ആതുവഴി മത്സര പരീക്ഷകള്‍ വിജയിച്ച് എഞ്ചിനിയറിംഗ്, മെഡിക്കല്‍ മുതലായ പ്രൊഫഷണല്‍ കോര്‍സുകളില്‍ നേടുന്നതിനുമുള്ള ഒരു പദ്ധതി. പട്ടികജാതിക്കാര്‍ക്ക് 1997-98 നു മുമ്പും പട്ടികവര്‍ഗ്ഗത്തിനു 2000-01 മുതലും സംസ്ഥാനത്ത് നടപ്പിലാക്കി. വിദ്യാര്‍ത്ഥിയൊന്നിനു പ്രതിവര്‍ഷം ഒരു പാക്കേജായി 15000 രൂപ നല്‍കാനും, ഇതില്‍ നിന്നും 5000 രുപ ബോര്‍ഡിംഗ് ചെലവിനും 3000 രുപ പോക്കറ്റ് മണിക്കും പുസ്തകത്തിനും പ്രതിവര്‍ഷം 10 പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനും, 7000 രൂപ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍ എന്നിവര്‍ക്ക് ക്ലാസ്സെടുക്കുന്നതിനു അധികവേതനം നല്‍കുന്നതിനും വിഭാവന ചെയ്യുന്ന ഒരു പദ്ധതിയാണിത്.
പദ്ധതി നടത്തിപ്പ് പരിശോധിച്ചപ്പോള്‍ കണ്ടത്:
- നേരത്തേ തന്നെ സൗജന്യബോര്‍ഡിംഗിനു അര്‍ഹമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളെ തന്നെ വീണ്ടും തെരെഞ്ഞെടുത്തു.
- വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡിംഗ് ചാര്‍ജ്ജായി നല്‍കേണ്ട തുക സ്കൂളിന്റെ പൊതുചെലവുകള്‍ക്കായി വിനിയോഗിച്ചു.
- 2004-05, 2006-07 എന്നീ വര്‍ഷങ്ങള്‍ ഒഴികെ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍ എന്നിവര്‍ക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഹോണറേറിയം നല്‍കിയതേയില്ല.
- 2006-07 ല്‍ പുതിയതായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തതേ ഇല്ല.
- ഒന്‍പതാം ക്ലാസ്സില്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത 3 വര്‍ഷത്തേക്ക് 12 -ം ക്ലാസ്സ് പൂര്‍ത്തിയാകുന്നതു വരെ സഹായധനം നല്‍കേണ്ടതായിരുന്നു. 2002-03 മുതല്‍ 2006-07 വരെ, മൂന്നു വര്‍ഷം പൂര്‍ത്തിയാകാതെ 24 പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികളെ പുറത്താക്കി. അത് പദ്ധതിയുടെ ലക്ഷ്യംതന്നെ പരാജയപ്പെടുത്തുന്നതിനു ഇടയാക്കി.
- പദ്ധതിയുടെ കീഴില്‍ സഹായ ധനം ലഭ്യമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തിനു അവസരം ലഭിച്ചോയെന്ന് തിട്ടപ്പെടുത്തുവാനുള്ള സംവിധാനമൊന്നും ഒരിടത്തും ചെയ്തിട്ടില്ല.
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് പദ്ധതി.
അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളിലെ സമര്‍ത്ഥരായ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭ്യമാക്കനുള്ള പദ്ധതിയാണിത്. ഒരു മത്സര പരീക്ഷയിലൂടെ സര്‍ക്കാര്‍/എയ്‌ഡഡ് സ്കൂളുകളില്‍ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത്. പട്ടികജാതിക്കരായ ഗുണഭോക്താക്കള്‍ , ഓരോ വര്‍ഷവും മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനേക്കാള്‍ 5% അധികം മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ ഈ പദ്ധതിയില്‍ അര്‍ഹരായി തുടരാന്‍ കഴിയൂ.
- പുസ്തകങ്ങള്‍ക്കുള്ള ഗ്രാന്റ് = പ്രതിമാസം 750 രൂപ
- ഇംഗ്ലീഷ്, സയന്‍സ്, ഗണിതശാസ്ത്രം മുതലായവക്കുള്ള പ്രത്യേക ട്യൂഷന്‍ ഫീസ്സ് = (പട്ടികജാതി-225 രൂപ പ്രതിമാസം; പട്ടികവര്‍ഗ്ഗം -240 രൂപ പ്രതിമാസം)
- പ്രതിമാസ സ്റ്റൈപ്പന്‍ഡ് = 150 രൂപ
- പഠനത്തിനുള്ള ഫര്‍ണിച്ചര്‍ = (12000 രൂപക്ക് താഴെ പ്രതിവര്‍ഷ കുടുമ്പ വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2004-05 വരെ 750 രൂപയും 2005-06 മുതല്‍ 1000 രൂപയും)
- പോഷകാഹാരസഹായം = (12000 രൂപയില്‍ താഴെ കുടുമ്പ വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 100 രൂപ)എന്നിവ ഈ സഹായ ധനത്തില്‍ ഉള്‍പ്പെടുന്നു.
ഇവയുടെ നടത്തിപ്പില്‍ കണ്ട ക്രമക്കേടുകളാണ് താഴെ എഴുതിയിരിക്കുന്നത്:
2002-03 ല്‍ 1100 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. എന്നാല്‍ 2003-04 മുതല്‍ 2006-07 വരെ ആരെയും തിരഞ്ഞെടുത്തില്ല. കാരണം പറഞ്ഞതോ: മുന്‍ വര്‍ഷത്തേക്കാള്‍ 5% കൂടുതല്‍ പിന്നത്തെ വര്‍ഷങ്ങളില്‍ മാര്‍ക്ക് വാങ്ങിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുക, തിരഞ്ഞടുക്കാന്‍ മത്സരപ്പരീക്ഷ നടത്തുക ഇവയൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണന്ന്.
അര്‍ഹമായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യം മുഴുവനായി നല്‍കിയില്ല. ഉദാ:ട്യൂഷന്‍ ഫീസ് - പട്ടികജാതി:
- 2002-03 ല്‍ 1100 പേക്ക് 10 മാസം കൊടുത്തില്ല.
- 2003-04 ല്‍ 3മാസം ആര്‍ക്കും കൊടുത്തില്ല
- 2004-05 ല്‍ 3 മാസം ആര്‍ക്കും കൊടുത്തില്ല
- 2005-06 ല്‍ 3 മാസം ആര്‍ക്കും കൊടുത്തില്ല
ട്യൂഷന്‍ ഫീസ്സ്- പട്ടിക വര്‍ഗ്ഗം:
- 2002-03 ല്‍ 450 പേക്ക് 10 മാസം കൊടുത്തില്ല.
- 2003-04 ല്‍ 450 കുട്ടികള്‍ക്ക് 5 മാസം കൊടുത്തില്ല
- 2004-05 ല്‍ 6 മാസം ആര്‍ക്കും കൊടുത്തില്ല
- 2005-06 ല്‍ 7 മാസം ആര്‍ക്കും കൊടുത്തില്ല
മാസ സ്റ്റൈപ്പന്‍ഡ് പട്ടിക ജാതി:
- 2002-03 ല്‍ 1100 വിദ്യാര്‍ത്ഥികള്‍ക്ക് 7 മാസം കൊടുത്തില്ല.
ഫര്‍ണിച്ചര്‍ അലവര്‍ന്‍സ് - പട്ടികവര്‍ഗ്ഗം:
- 2005-07 ല്‍ 200 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസവും കൊടുത്തില്ല.
- നിര്‍ദ്ദേശത്തിനു വിരുദ്ധമായി മത്സരപ്പരീക്ഷയുടെ മാര്‍ക്കിനു പകരം ക്ലാസ്സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.
- മുന്‍ വാര്‍ഷിക പരീക്ഷയെക്കാള്‍ 5% കൂടുതല്‍ കരസ്ഥമാക്കണമെന്നത് അയഥാര്‍ത്ഥമായ മാനദന്ധമായിരുന്നു.പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ബാലികേറാമലയായി. അങ്ങനെ വന്നപ്പോള്‍ ആദ്യത്തെ കൊല്ലാം ധനസഹായം കിട്ടിയ ഭൂരിഭാഗം കുട്ടികള്‍ക്കും പിന്നത്തെ കൊല്ലം സഹായം കിട്ടാതായി. [കഴിഞ്ഞകൊല്ലം കിട്ടിയ മാര്‍ക്കിന്റെ ശതമാനത്തെക്കാള്‍ ഇക്കൊല്ലം കുറയരുത് എന്നായിരുന്നെങ്കില്‍ എത്ര നന്നായേനേ]
ഫലത്തില്‍ പദ്ധതി പൊളിഞ്ഞു.
പോഷകാഹാര സഹായം
12000 രൂപയില്‍ താഴെ വാര്‍ഷിക കുടുമ്പ വരുമാനമുള്ള പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 100 രൂപപോഷകാഹാര സഹായത്തിനു അര്‍ഹരായിരുന്നു. 2 ജില്ലയിലെ കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 120 വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന ഉദ്ദ്യോഗസ്ഥന്‍ ഈ സഹായം ശുപാര്‍ശ ചെയ്തെങ്കിലും ആര്‍ക്കും കൊടുത്തില്ല.
ട്യൂട്ടോറിയല്‍ ഗ്രാന്റ്.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടി ഊര്‍ജ്ജിത ഗാര്‍ഹിക പരിശീലനം നല്‍കുന്നതിനായി പ്രത്യേകപരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. എസ്.എസ്.എല്‍.സി., പ്ല്സ്സ് ടു വിദ്യാര്‍ത്ഥികളെ അവരുടെ പരീക്ഷകളില്‍ തയ്യാറെടുപ്പിക്കുന്നതിനും വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി രൂപപ്പെടുത്തിയത്.(2003). പ്രത്യേക കാരണങ്ങളാല്‍ ഗാര്‍ഹിക പരിശീലന കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ അയക്കാന്‍ തല്‍പര്യപ്പെടാത്ത രക്ഷിതാക്കള്‍ക്കും സഹായധനം ലഭ്യമാക്കേണ്ടതാണ്.
എന്നാല്‍ 2003-04 മുതല്‍ 2006-07 വരെ ഒരാള്‍ക്ക് പോലും ഇത്തരത്തിലുള്ള സഹായധനം എത്തിച്ചില്ല.
പട്ടികജാതി പട്ടികവര്‍ഗ്ഗ കാര്‍ക്ക് വേണ്ടി റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കല്‍:
ഈ വിഭാഗത്തില്‍ നാലുതരം വിദ്യാലയങ്ങളാണ് വിഭാവന ചെയ്തിട്ടുള്ളത്:
ആശ്രമ വിദ്യാലയങ്ങള്‍: പുരാതന ഗുരുകുല വിദ്യാഭ്യാസ മാതൃകയില്‍ ട്രൈബല്‍ മേഖലയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുകയും വ്യാപിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനു വേണ്ടിവരുന്ന ചെലവിന്റെ 50% കേന്ദ്രം വഹിക്കും. സംസ്ഥാനത്ത് 4 ആശ്രമ വിദ്യാലയങ്ങളാണുള്ളത്. 3.31 കോടി രൂപ ഈ വിദ്യാലയങ്ങള്‍ക്ക് വേണ്ടി കേന്ദ്രത്തില്‍ നിന്നും ലഭിക്കണമായിരുന്നു. എന്നാല്‍ തെറ്റായ നിര്‍ദ്ദേശങ്ങള്‍ അയച്ചതുകൊണ്ട് കേന്ദ്രസഹായത്തിനു നമ്മുടെ സംസ്ഥാനം അര്‍ഹമല്ലാതായി.
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 275(1) അനുശാസിക്കുന്ന പ്രകാരം ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്ഥാപിച്ച ഇത്തരത്തിലുള്ള 3 സ്കൂളുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. 6 മുതല്‍ 12 വരെ ക്ലാസ്സിലുള്ളവര്‍ക്കാണ് പ്രവേശനത്തിനര്‍ഹത. എന്നാല്‍ ഒന്നാം ക്ലാസ്സിലുള്ള കുട്ടികള്‍ക്ക് പോലും റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കി. വയനാട് ജില്ലയിലെ പൂക്കോട് സ്കൂളിന്റെ നിര്‍മ്മാണത്തിനു കേന്ദ്രം അനുവദിച്ച (1997-98) 2.50 കോടി രൂപ ഇന്നു വരെ ചെലവഴിച്ചിട്ടില്ല.
പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍:വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് സമീപത്തായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിപ്രകാരം, സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി സ്ഥലം ലഭ്യമാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കണക്കാക്കിയ എസ്റ്റിമേറ്റിന്റെ 50% തുക കേന്ദ്ര സര്‍ക്കാര്‍ തിരിയെ നല്‍കും.
എന്നിട്ടും പട്ടികമേഖലയില്‍ 105 -ം പട്ടികവര്‍ഗ്ഗമേഖലയില്‍ 111 -ം ഹോസ്റ്റലുകള്‍ ഉണ്ടായിരുന്നതില്‍ 79 എണ്ണം ഇന്നും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 1.05 കോടി രൂപ ചെലവാക്കി നാല് പ്രീമെടിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയായെങ്കിലും (1995-2001), കുടിവീള്ളം , വൈദ്യുതി എന്നിവയുടെ അഭാവം, നിര്‍മ്മാണത്തിലെ പോരായ്മകള്‍ എന്നിവമൂലം ഇതുവരെ ഉപയോഗപ്പെടുത്താന്‍ കഴിയാതെ കുട്ടികളെ വാടക കെട്ടിടങ്ങളില്‍ പാര്‍പ്പിച്ചു വരുന്നു.
പാലക്കാട് ജില്ലയിലെ 21 ഹോസ്റ്റലുകളില്‍ ഉള്‍കൊള്ളാന്‍ പറ്റുന്നതിന്റെ 105% മുതല്‍ 258% വരെ അധിക വിദ്യാര്‍ത്ഥികളെ കുത്തി നിറച്ചിരിക്കുന്നു.
79 ഹോസ്റ്റലുകള്‍ വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തികുമ്പോഴും 1.05 കോടി രുപ മുടക്കി പൂര്‍ത്തിയാക്കിയ നാലു ഹോസ്റ്റലുകള്‍ ഇന്നും ഉപയോഗപ്പെടുത്താതെ ഇട്ടിരിക്കുന്നു.
സംസ്ഥാന ബഡ്‌ജറ്റില്‍ ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിനു മതിയായ തുക നീക്കിവച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരം നല്‍കാത്തതു മൂലം 2001-02 മുതല്‍ കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടികളുടെ 2 ഹോസ്റ്റല്‍ നിര്‍മ്മാണത്തിനുള്ള (ഇടുക്കിയിലെ മറയൂരും, കണ്ണൂരില പടിയൂരും) 14.70 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ വിട്ടു കൊടുത്തില്ല.
ഓരോ വര്‍ഷവും 5 ഹോസ്റ്റലുകള്‍ വീതം നിര്‍മ്മിക്കുന്നതിനായി 2001-02 വരെ കേന്ദ്ര സര്‍ക്കര്‍ ഹോസ്റ്റലൊന്നിനു 7.35 ലക്ഷം രൂപ വീതം സഹായധനമായി വിട്ടു കൊടുത്തിരുന്നു. അങ്ങനെ കിട്ടിയ 1.84 കോടി രൂപ ഇന്നും പ്രയോജനപ്പെടുത്താതിരിക്കുന്നു.
ബുക്ക് ബാങ്ക് പദ്ധതി:എല്ലാ മെഡിക്കല്‍, എഞ്ജിനീയറിഗ്, കൃഷി, വെറ്റേര്റിനറി കോളേജുകള്‍, പോളിടെക്നിക്കുകള്‍, ചാര്‍ട്ടേഡ് അക്കൗന്റന്‍സി, എം.ബി.എ., നിയമം, ജൈവസാങ്കേതികം എന്നിവയില്‍ അദ്ധ്യയനം നല്‍കുന്ന സ്ഥാപനങ്ങള്‍ മുതലായവയില്‍ കേന്ദ്ര സഹായത്തോടെ ബുക്ക് ബാങ്കുകള്‍ തുടങ്ങുന്നത് ലക്ഷ്യമിടുന്ന ഒരു പദ്ധതിയാണിത്. ഈ പദ്ധതിയിന്‍ കീഴില്‍ മേല്‍പ്പറഞ്ഞ കോഴ്സുകളില്‍ നിന്നും പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറക്കുന്നതിനു നിര്‍ദ്ദിഷ്ട പാഠപുസ്തകങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.
എന്നാല്‍:
- ബുക്ക് ബാങ്ക് പദ്ധതി പട്ടികവര്‍ഗ്ഗ മേഖലയില്‍ നടപ്പിലാക്കിയതേ ഇല്ല.
- 2003-04 ല്‍ 3.42 ലക്ഷം രൂപയുടെ ഒരു നിര്‍ദ്ദേശം കേന്ദ്രത്തിനയച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
- 2004-05 മുതല്‍ ഇതുവരെ കേന്ദ്രസഹായത്തിനുവേണ്ടി ഒരു നിര്‍ദ്ദേശം പോലും അയച്ചതുമില്ല.
- വാങ്ങുന്നതിനുള്ള പാഠപുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനു രൂപവല്‍ക്കരിക്കപ്പെട്ട സംസ്ഥാന വിദഗ്‌ദ്ധ സമിതിയില്‍ എല്ലാ സര്‍വ്വകലാശാലയില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല.
- വാങ്ങികൂട്ടിയ പുസ്തകങ്ങളില്‍ പലതും സമിതിയില്‍ പ്രാതിനിധ്യം ഇല്ലാത്ത സര്‍വ്വകലാശാലക്ക് പ്രയോജനമില്ലാത്ത/കാലഹരണപെട്ട പുസ്തകങ്ങളായിരുന്നു.
- സമിതി കൂടിയ സന്ദര്‍ഭങ്ങളില്‍,സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് അവിടുത്തെ ക്ലാര്‍ക്കന്മാരായിരുന്നു.
പ്രാഗത്ഭ്യമുള്ളവര്‍ക്ക് പ്രത്യേക പ്രോത്സാഹനം.
ഈ പദ്ധതിയുടെ കീഴില്‍ പട്ടികജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 750 മുതല്‍ 4000 രൂപ വരെയും, പട്ടികവര്‍ഗ്ഗത്തിലുള്ളവര്‍ക്ക് 1500 മുതല്‍ 6000 രൂപ വരെയും നല്‍കുന്നു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള പരീക്ഷകളില്‍ നല്ല വിജയം നേടുന്നവര്‍ക്കുള്ളതാണിത്.
അഞ്ചു ജില്ലകളില്‍ മാത്രം പരിശോധന നടത്തിയപ്പോള്‍ കണ്ടത്, 427 ളം വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത ഉണ്ടായിട്ടും പ്രോത്സാഹന സമ്മാനം നല്‍കിയില്ലെന്നാണ്.
രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹനം.
ട്രൈബല്‍ വിദ്യാര്‍ത്ഥികളെ മുടങ്ങാതെ സ്കൂളുകളിലേക്കയക്കുന്ന രക്ഷിതാക്കള്‍ക്ക് സമ്പത്തിക സഹായം നല്‍കുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ പദ്ധതി. സ്ഥാപനത്തിന്റെ മേധാവി നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ , സ്കൂള്‍ വര്‍ഷം 75% മോ അതില്‍ കൂടുതലോ ഹാജരുള്ളവര്‍ക്ക് , 2003-04 വരെ പ്രതിവര്‍ഷം 100 രൂപയും, അതിനുശേഷം പ്രതിവര്‍ഷം 500 രൂപക്കും സഹായധനത്തിനു അര്‍ഹരാണ്.
എന്നാല്‍:സഹായധനം വര്‍ദ്ധിപ്പിച്ചതല്ലാതെ അത് കൊടുക്കാന്‍ വേണ്ടുന്ന തുക ബജറ്റില്‍ ഇതുവരെ കൊള്ളിച്ചില്ല.പരിശോധന നടത്തിയ 5 ജില്ലകളിലെ 7573 കുട്ടികള്‍ക്ക് വേണ്ടിയുള്ള സഹായം ഇതുവരെ കിട്ടിയിട്ടില്ല.
ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്.
--------------------------------
വായനക്കാരേ, ഇത്രയുമൊക്കെ പോരെ, ഏതു വിഭാഗങ്ങളെയും സ്വര്‍ഗ്ഗരാജ്യത്തിലെത്തിക്കാന്‍? അതിലെ നടത്തിപ്പിലെ പാളിച്ച കൊണ്ടല്ലേ സ്വര്‍ഗ്ഗത്തിനു പകരം അവര്‍ നരകത്തിലെത്തി നില്‍ക്കുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടി എന്തെല്ലാം പദ്ധതികള്‍. ആഹാരം കഴിച്ച് വയറുനിറഞ്ഞാലല്ലേ സ്കൂളുകളെ പറ്റി ചിന്തിക്കൂ. അതിനുവേണ്ടിയായിരിക്കണം വൈകിയാണെങ്കിലും അവസാനം പറഞ്ഞ രക്ഷിതാക്കള്‍ക്കു പ്രോത്സാഹനം നല്‍കുവാനുള്ള പദ്ധതി കൊണ്ടുവന്നത്. പ ക്ഷേഎത്രയാണ് കൊടുക്കാന്‍ തയ്യാറായത്. ഒരു കൊല്ലത്തേക്ക് 100 രൂപ, മൃഷ്ടാന്ന ഭക്ഷണത്തിനു വേണ്ടി. പദ്ധതികളില്ലാത്തതു കൊണ്ടല്ല, കോടിക്കണക്കിനു രൂപയും ചെലവാക്കാത്തതു കൊണ്ടല്ല പ്രശ്നങ്ങളെല്ലാം.
-------------------------------------
No comments:
Post a Comment