MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 15 May 2011

സ്വർണ്ണക്കടയിൽ തട്ടിപ്പ് - ശ്രദ്ധിക്കുക



പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ പകരം കൊടുത്ത് പുതിയവ വാങ്ങുമ്പോള്‍ നാം തട്ടിപ്പിനു വിധേയരാകുന്നുണ്ട്. എല്ലാ കടക്കാരും ഏതാണ്ട് ഒരേ രീതിയിലുള്ള തട്ടിപ്പാണു നടത്തുന്നതു കൊണ്ട് ഏതെങ്കിലും കടക്കാരന്‍റെ പേര് പ്രത്യേകം എടുത്തു പറയുന്നില്ല. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയിലുണ്ടായ എന്‍റെ അനുഭവം താഴെ കുറിക്കുന്നു.
ഈ കടയില്‍ നിന്നും വാങ്ങുന്ന ആഭരണങ്ങളെല്ലാം 916 ശുദ്ധി ഉള്ളതും ബിസ് മാര്‍ക്ക്‌ ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. പകരം കൊടുക്കുന്ന പഴയ ആഭരണത്തിനു വിലയിടുന്നത് ആ ആഭരണങ്ങളുടെ ശുദ്ധിക്കനുസരിച്ചാണ്. ശുദ്ധി അളക്കുന്നതിനുള്ള യന്ത്രം നമുക്ക് കാണത്തക്കവിധത്തില്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ടാകും. ഈ യന്ത്രത്തോട് ബന്ധിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ ശുദ്ധി കാണിക്കുന്ന ഒരു ഡിസ്പ്ലേ യൂണിറ്റ് നമുക്ക് അഭിമുഖമായിട്ടായിരിക്കും ക്രമീകരിച്ചിരിക്കുന്നത്. യന്ത്രത്തിനെ ഒരു കമ്പ്യൂട്ടറിനോടും ബന്ധിപ്പിച്ചിരിക്കും. കമ്പ്യൂട്ടറിന്‍റെ ഡിസ്പ്ലേ യൂണിറ്റ് നമുക്കഭിമുഖമായിട്ടായിരിക്കില്ല ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ പ്രദർശിപ്പിക്കുന്നതൊന്നും നമുക്ക് കാണാന്‍ കഴിയില്ല. നമുക്ക്, സ്വര്‍ണ്ണത്തിന്‍റെ ശുദ്ധി അറിഞ്ഞാല്‍ മതിയല്ലോ, അതെങ്ങനെ കമ്പ്യൂട്ടറില്‍ കൂടി കണ്ടെത്തുന്നു എന്നത് നമ്മുടെ വിഷയമല്ലാത്തതു കൊണ്ടാകാം, അങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. അപ്പം തിന്നാല്‍ പോരേ, കുഴിയെണ്ണണോ?
പരിശോധിക്കേണ്ട സ്വര്‍ണ്ണം, നമുക്ക് കാണുന്ന വിധത്തില്‍ പരിശോധനാ യന്ത്രത്തില്‍ (കണ്ണാടിക്കൂട്) വക്കുന്നു. എന്നിട്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഒന്നു രണ്ടു മിനിട്ട് കഴിഞ്ഞ് കമ്പ്യൂട്ടറിന്‍റെ കീബോര്‍ഡില്‍ ഏതോ ഒരു കീ അമർത്തുമ്പോള്‍ ആ സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റില്‍ കൂടി വ്യക്തമായി കാണാന്‍ കഴിയുന്നു. നാം വാങ്ങിയ സ്വര്‍ണമാണ് ആ യന്ത്രത്തില്‍ വച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും 916 എന്നായിരിക്കും പരിശുദ്ധി. സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തിനു അന്നത്തെ വിപണിവിലയില്‍ വില്പനവില കണക്കാക്കുന്നു.
ഇനി നാം പകരം കൊടുക്കുന്ന പഴയ സ്വർണ്ണവും അതേപോലെ യന്ത്രത്തിന്റെ കണ്ണാടിക്കൂട്ടിൽ പ്രതിഷ്ടിച്ച് കഴിഞ്ഞശേഷം കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നു. ഒന്നു രണ്ടു മിനിട്ട് കഴിയുമ്പോൾ കീബോർഡിൽ ഏതോ ഒരു കീ അമർത്തുമ്പോൾ ആ സ്വർണ്ണത്തിന്റെ പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റിൽ കാണപ്പെടുന്നു. 99% വും 916 ൽ കുറവായിരിക്കും പരിശുദ്ധി.
ഇതിൽ തട്ടിപ്പുണ്ടെന്നു പറയാൻ കാരണങ്ങൾ:
1. പരിശുദ്ധി കാണിക്കാനുള്ള കമ്പ്യൂട്ടർ പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ, അതു പ്രോസസ്സ് ചെയ്തു തുടങ്ങും. അതു കഴിഞ്ഞാൽ അതിന്റെ ഫലം സ്വയം ഡിസ്പ്ലേ യൂണിറ്റിൽ കൂടി കാണിക്കേണ്ടതല്ലേ? എന്തിനു ഒരു കീ അമർത്തുമ്പോൾ മാത്രം പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റിൽ പ്രത്യക്ഷപ്പെടുന്നു?

2.പുതിയ സ്വർണ്ണവും പഴയ സ്വർണ്ണവും പരിശോധനക്കുള്ള പ്രോസസ്സ് കഴിയുമ്പോൾ കടക്കാർ പ്രസ്സ് ചെയ്യുന്നത് ഒരേകീ ആണെന്ന് ഉറപ്പുവരുത്താൻ കഴിയുന്നില്ല. ആവശ്യാനുസരണം പല കീകൾ പ്രസ്സ് ചെയ്താൽ പല തരത്തിലുള്ള ഫലം ദൃശ്യമാകാനുള്ള സംവിധാനം സോഫ്റ്റ്വെയറിൽ വരുത്തിയിട്ടില്ലാ എന്നു എങ്ങനെ ഉറപ്പാക്കും.
സ്വർണ്ണത്തിന്റെ പരിശുദ്ധി ഡിസ്പ്ലേ ചെയ്യുന്നതിനുമുമ്പ് കമ്പ്യൂട്ടർ കീബോർഡിൽ പ്രസ്സ് ചെയ്യുന്നതെന്തിനെന്നന്ന്വേഷിച്ചപ്പോൾ, അതാവശ്യമാണെന്നും, എല്ലാ കടക്കാരും ഇങ്ങനെ തന്നെയാണു പരിശുദ്ധി കണ്ടു പിടിക്കുന്നതെന്നും മറുപടി.
സ്വർണ്ണത്തിന്റെ പരിശുദ്ധി 916 അല്ലെങ്കിൽ അതനുസരിച്ച് വളരെയധികം വില കുറച്ചേ കടക്കാർ എടുക്കൂ. പരിശുദ്ധമായ സ്വർണ്ണമാണെന്നു കരുതി വാങ്ങിയ പഴയ കടക്കാരനെ ശപിച്ചുകൊണ്ട് വളരെ വിലകുറച്ചാണെങ്കിലും പകരം കൊടുത്ത് പുതിയ ആഭരണം വാങ്ങുന്നു.
ഇതിൽ തട്ടിപ്പുണ്ടെന്നു ന്യായമായും ഞാൻ സംശയിക്കുന്നു. വായനക്കാർക്കു വേണ്ടി ഇതിവിടെ വിളിച്ചു പറയുന്നു.
ഇന്നത്തെ (ഒക്ടോബർ 8, 2009) മനോരമയിൽ വന്ന ഒരു പരസ്യം നോക്കുക:
ഈ പരസ്യപ്രകാരം ‘ആഭരണങ്ങൾക്ക് വിലപറയുന്ന’ തിരുവനന്തപുരത്തെ കല്ല്യാൺ ജൂവല്ലറിക്ക് വെരിഫിക്കേഷൻ മെഷീൻ ഇല്ലന്നാണോ മനസ്സിലാക്കേണ്ടത്.

update on 11-9-2009.
ഇന്നത്തെ മനോരമയിൽ (11-9-2009), കല്യാൺ ജൂവലേർസ്സിന്റേതായി ഒരു പരസ്യം വന്നിരിക്കുന്നു. അതിൻ പ്രകാരം അവർക്കും സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്ന ഉപകരണം ഉണ്ടെന്നവകാശപ്പെട്ടിരിക്കുന്നു.
ഉപകരണം ഉണ്ടായാൽ മാത്രം പോര. ഉപഭോക്താക്കളെ കളിപ്പിക്കാതെ എല്ലാരും അതുപയോഗിച്ച് കാണിക്കുകയും വേണം. അവിടെ യാണു പ്രശ്നം. സംശയം ജനിപ്പിക്കുന്ന വിധത്തിലാണു ഒരു കടക്കാരൻ എന്നെ ഉപയോഗിച്ച് കാണിച്ചത്. അതുപോലെ തന്നെയാണു എല്ലാരും എന്ന ന്യായീകരണവും.

By ajay

No comments:

Post a Comment