MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 15 May 2011

അളവുതൂക്കനിയമവും ഉപഭോക്താക്കളും (Legal metrology)

നാം വാങ്ങുന്ന നിത്യോപയോഗ സാധനങ്ങള്‍ തൂക്കി വാങ്ങുന്നതാവാം. നേരത്തേതന്നെ തൂക്കി കഴിഞ്ഞ്‌ പാക്കറ്റിലാക്കി കഴിഞ്ഞതാവാം. പെട്ടിയോടെ വാങ്ങുന്നതുമാവാം. ഏതായാലും ഇതിനെല്ലാം അളവുതൂക്ക നിയമം ബാധകമാണ്.

തൂക്കിത്തരുവാനുപയോഗിക്കുന്ന പടികള്‍ അളവുതൂക്ക വകുപ്പിന്റെ മുദ്ര ഉള്ളതായിരിക്കണം. ആ മുദ്രയില്‍ അളവുതൂക്കവകുപ്പിന്റെ അടയാളം കാണണം. ഏത് വര്‍ഷമാണ് മുദ്ര കുത്തിയതെന്ന് കാണിക്കണം. ഇതു കൂടാതെ വര്‍ഷത്തിന്റെ ഏത് ക്വാര്‍ട്ടറില്‍ ആണ് മുദ്രകുത്തിയതെന്നും കാണണം. വര്‍ഷത്തെ A,B,C,D എന്നീ നാലു ക്വാര്‍ട്ടറുകളായി തിരിച്ച് ബന്ധപ്പെട്ട അക്ഷരമായിരിക്കും ഉണ്ടായിരിക്കുക. ഇത്രയും കാര്യങ്ങള്‍ ഉള്‍പ്പെടുന്ന മുദ്ര വര്‍ഷം തോറും ഉപയോഗിക്കുന്ന പടികളില്‍ പതിപ്പിക്കേണ്ടതാണ്. ഈ മുദ്ര ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് ഉപഭോക്താവിന്റെ ആവശ്യവും അവകാശവുമാണ്.

പാക്കറ്റുകളില്‍ ഉള്ള സാധനങ്ങളാണ് വാങ്ങുന്നതെങ്കില്‍, വില്‍ക്കുന്ന സാധനത്തിന്റെ MRP യും തൂക്കവും പാക്കറ്റില്‍ പ്രിന്റ്‌ ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. അതില്‍ അപാകത ഉണ്ടെങ്കില്‍ അളവു തൂക്ക വകുപ്പിനോട് പരാതി പ്പെടാം.

സാധനങ്ങള്‍ വില്‍ക്കുന്നത് പെട്ടിക്കുള്ളീലാക്കിയാണെങ്കില്‍, ആ സാധനങ്ങളുടെ customer care & service dept. ന്റെ പൂര്‍ണ്ണ മേല്‍‌വിലാസവും ഫോണ്‍ നമ്പരും പെട്ടിക്കു പുറത്ത് രേഖപ്പെടുത്തിയിരിക്കണം.

വിലനിലവാരപ്പട്ടിക എല്ലാ വില്പനശാലകളിലും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നു അളവുതൂക്ക നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടില്ല. അതിനാല്‍ വിലനിലവാരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന പരാതി അളവുതൂക്ക വകുപ്പ് സ്വീകരിക്കുന്നതല്ല. എന്നാല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലനിലവാരപ്പട്ടികയില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ തീര്‍ച്ചയായും അളവുതൂക്ക വകുപ്പിനു ഇടപെടാം, നടപടിയെടുക്കാം.

സൂപ്പര്‍ മാര്‍ക്കറ്റ്, മാര്‍ജ്ജിന്‍ഫ്രീ മാര്‍ക്കറ്റുകള്‍ മുതലായ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ സൌകര്യത്തിനും ഉപയോഗത്തിനും വേണ്ടി ഒരു പ്രത്യേക Electronic Weighing Machine സൌകര്യപ്രദമായ സ്ഥലത്ത് സ്ഥാപിച്ചിരിക്കേണ്ടതാണ്.

തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് ഈ വകുപ്പിന്റെ ആസ്ഥാനം. പരാതികള്‍ സ്വീകരിക്കുവാര്‍ അവിടെ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. പരാതികള്‍ ഈ സെല്ലിലേക്ക് നേരിട്ട് അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍: 0471 2303821

ഇതു കൂടാതെ എല്ലാ ജില്ലകളിലും ഫ്ലൈയിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്താണെങ്കില്‍ അവരെ ഈ 0471 2448752 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ഇതാണ് അളവുതൂക്കവകുപ്പിന്റെ വെബ്ബ് അഡ്രസ്സ്. എല്ലാ ജില്ലകളിലേയും ഇതിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ അവിടുണ്ട്. കൂടാതെ, അവിടെയുള്ള, ഭൂമിയുടെ അളവു നിര്‍ണ്ണയിക്കുന്ന ഹെക്ടരിനെ ഏക്കറാക്കാനും തിരിച്ചുമുള്ള ടേബില്‍ വളരെ പ്രയോജനപ്രദം. അടി, ഇഞ്ച് എന്നിവയെ മീറ്റര്‍ ആക്കുവാനും തിരിച്ചും ചെയ്യുവാനുള്ള ഒരു ടേബിളും ഡിപ്പാര്‍ട്ട്മെന്റ് അവിടെ ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment