MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 15 May 2011

വീണ്ടും ഒരു ആനക്കാര്യം


കോടികൾ മറിയുന്നതാണ്‌ കേരളത്തിലെ ആനവിപണി. ആന്യസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനും,കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണം ഉണ്ട്‌. എന്നാൽ ഇന്നും കേരളത്തിൽ ആനകളെ കൈമാറ്റം ചെയ്യുന്നുണ്ട്‌ (ഊട്ടോളിരാജശേ
ഖരൻ പണ്ട്‌ ആതിരാ രാജശേഖരൻ ആയിരുന്നു അപ്രകാരം വേറെയും ഉണ്ട്‌). ഉത്സവങ്ങളാണ്‌ ആനയുടമകളുടെ പ്രധാനവരുമാനമാർഗ്ഗം. മധ്യകേരളത്തിൽ ആണ്‌ അധികം ഉത്സവങ്ങളും. ഇതിൽ തന്നെ തൃശ്ശൂർ പാലക്കാട്‌ ജില്ലകളിലെ ഉത്സവങ്ങളിൽ ആണ്‌ അധികം ആനകളെ കാണാൻ കഴിയുക. ജനുവരി ആദ്യം മുതൽ മെയ്‌ പകുതിവരെ ആണ്‌ പ്രധാന ഉത്സവസീസൺ. ഒരു ദിവസത്തെ ഏക്കത്തിനു ഒരുലക്ഷത്തിനുമേളിൽ വരെ ലേലത്തിൽ പോകുന്ന ആനകൾ വരെ ഉണ്ട്‌ കേരളത്തിൽ. സാധാരണ ഒരാനക്ക്‌ ചുരുങ്ങിയത്‌ പതിനായിരം രൂപയോളം വരും ഒരു ദിവസത്തെ ഏക്കത്തുക. എന്നാൽ തലയെടുപ്പും പ്രശസ്ഥിയും ഉള്ള ഒരാനക്ക്‌ ശരാശരി ഇരുപതിനായിരം മുതൽ എഴുപത്തയ്യായിരം വരെ വരും ഏക്കത്തുക. ഡിമാന്റനുസരിച്ചാണ്‌ ഈ വ്യത്യാസം. ഒരു സീസണിൽ എൺപതുമുതൽ നൂറ്റി പത്തുവരെ ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾ ഉണ്ട്‌. വേണ്ടത്ര ഭക്ഷണവും വിശ്രമവുമില്ലാതെ ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾ പലപ്പോഴും പ്രശനങ്ങൾ സൃഷ്ടിക്കാറുണ്ട്‌. ഇതുകൂടാതെയാണ്‌ പാപ്പാന്മാരിൽ നിന്നും ഏൽക്കേണ്ടിവരുന്ന പീഠനങ്ങൾ.

കൊമ്പനാനകളുടെ ശരീരത്തിന്റെ പ്രത്യേകതയുടെ ഭാഗമാണ്‌ അവയ്ക്കുണ്ടാകുന്ന മദപ്പാട്‌. മൂന്നുമുതൽ അഞ്ചുമാസം വരെ ഇതു നീണ്ടുനിൽക്കും. സാധാരണഗതിയിൽ ഇത്‌ വർഷത്തിൽ ഒരുതവണയാണുണ്ടാകുക. എന്നാൽ അപൂർവ്വം ചില ആനകളിൽ ഇത്‌ രണ്ടുതവണയുണ്ടാകും. പലപ്പ‍ാഴും ഭ്രാന്തമായ അവസ്ഥയായിരിക്കും മദപ്പാടുകാലത്ത്‌. ഈ സമയത്ത്‌ ഇവ അക്രമകാരികൾ ആയിരിക്കും. മദപ്പാടിന്റെ ആരംഭസമയത്തു (ഉൾക്കോൾ തുടങ്ങുമ്പോൾ) തന്നെ അവ അനുസരണക്കേടും അനിഷ്ടവും കാണിച്ചുതുടങ്ങാറുണ്ട്‌. അതുപോലെ തന്നെ മദകാലം കഴിഞ്ഞു ഇവയെ അഴിക്കുമ്പോളും ശ്രദ്ധിക്കണം. വറ്റുനീരിന്റെ കലിപ്പിലും ഇവ അക്രമകാരിയാകാം. മദകാലം നീണ്ടാൽ പ്രത്യേകിച്ച്‌ ഉത്സവസീസണിൽ ആണെങ്കിൽ അത്‌ ഉടമക്ക്‌ നഷ്ടം ഉണ്ടാക്കും. ഇതൊഴിവാക്കുവാൻ അവയെ "വാട്ടി" ഇറക്കും. ഇതിന്റെ ഭാഗമായി വേണ്ടത്ര തീറ്റനൽകാതെയും അവയെ പീഠിപ്പിച്ചും ആണ്‌ പലപ്പോഴും ഉത്സവത്തിനു പരുവമാക്കിയെടുക്കുക. ഇപ്രകാരം ഉള്ള പീഠനത്തിന്റെ ഭാഗമായി പല ആനകളും ചരിയുകയോ മാരകമായ വ്രണങ്ങളുമായി ജീവിതം തള്ളിനീക്കുകയോ ചെയ്യേണ്ടിവരുന്നു.

ആനപരിചരണത്തിനു കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതൊക്കെ പലപ്പ‍ാഴും കാറ്റിൽ പറത്തിക്കൊണ്ടാണ്‌ ആനയെഴുന്നള്ളിപ്പും ആനപരിപാലനവും നടക്കുന്നതെന്ന് സമീപകാല അനുഭവങ്ങൾ ഒരിക്കൽകൂടെ വ്യത്കമാക്കുന്നു. ഇരിങ്ങാപ്പുറം പ്രകാശ്‌ ശങ്കരിന്റേയും കണ്ണൂരിലെ രാജരാജേശ്വര ക്ഷേത്രത്തിലെ ആനയുടെയും അനുഭവങ്ങൾ. പ്രകാശ്‌ ശങ്കർ എന്ന ആന ഡിസംബർ മൂന്നാം വാരത്തിൽ ചരിയുകയുണ്ടായി. പ്രസ്തുത ആനക്ക് ഭീകരമായ പീഠനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു എന്ന് മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഈ ആനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റു ചില രേഖകളും ആവശ്യപ്പെട്ടുകൊണ്ട്‌ ഈ ബ്ലോഗുടമസ്ഥൻ വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷക്ക്‌ മറുപടിയായി ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്‌.
കഴിഞ്ഞവർഷം വരെ ഉത്സവങ്ങളിൽ പങ്കെടുത്തിരുന്ന ഈ അനയ്ക്ക്‌ നല്ല ഏക്കത്തുകയും ഉണ്ടായിരുന്നു.

കേരളത്തിൽ ഉടമസ്ഥാവകാശം ഉള്ള 702 ആനകൾ ഉണ്ടെന്നാണ്‌ വനം വകുപ്പ്‌ നൽകിയ മറുപടിയിൽ നിന്നും അറിയുന്നത്‌. എന്നാൽ ഏകദേശം ആയിരത്തിൽ കൂടുതൽ ആനകൾ ഉണ്ടെന്നു കേരളത്തിലെ ആനപ്രേമികൾ കണക്കാക്കുന്നു. ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത ആനകളെപറ്റി യാതൊരറിവും ഇല്ലാത്തവരാണു നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷം വനം വകുപ്പുദ്ദ്യോഗസ്ഥരും. അനധികൃതമായ ആനകളെ പറ്റി അല്പമെങ്കിലും ചിന്തിച്ചിട്ടുള്ളവർ ഇവരാണു:

ഡിവിഷണൽ ഫോറസ്റ്റാഫീസർ, തൃശ്ശൂർ
രജിസ്ട്രേഷനു വേണ്ടി 175 അപേക്ഷകൾ ഇദ്ദേഹത്തിനു ലഭിച്ചു. 93 ആനകൾക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകളും ലഭിച്ചു. അതിൽ എത്ര ആനകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകി എന്നുള്ള വിവരം നൽകിയിട്ടില്ല. എന്നാൽ 16 ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടേ ഇല്ല. കാരണം വ്യക്തമാക്കാൻ അപേക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിവിഷണൽ ഫോറസ്റ്റാഫീസർ, കണ്ണൂർ.
ഈ ജില്ലയിൽ മൈക്രോചിപ്പ് ഘടിപ്പിച്ച് രജിസ്റ്റർ ചെയ്ത 9 നാട്ടാനകളാണുള്ളത്. ആയതിൻ പ്രകാരം 4 എണ്ണത്തിന്റെ ഉടമകൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാതെയാണു അവയെ കൈവശം വച്ചിരിക്കുന്നത്. ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.

ഡിവിഷണൽ ഫോറസ്റ്റാഫീസർ, കോട്ടയം.
ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത 3 ആനകളെപറ്റിയുള്ള വിവരം ഈ ഓഫീസ്സിനുണ്ട്. നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
------------------------------------------------------------------------
ഇനി പ്രകാശ് ശങ്കർ എന്ന ആനയെ പറ്റി ഡി.എഫ്.ഓ, തൃശ്ശൂരിനോട് ആവശ്യപ്പെട്ട വിവരങ്ങൾ.
1. ഇരിങ്ങാപ്പുറം പ്രകാശ്‌ ശങ്കർ എന്നപേരിൽ അറിയപ്പെട്ടിരുന്ന (ശങ്കര നാരായണൻ എന്ന് ആദ്യകാലത്ത്‌ അറിയപ്പെട്ടിരുന്ന) ആന ഡിസംബർ മാസത്തിൽ ഗുരുവായൂരിനു സമീപം ചരിയുകയുണ്ടായി. 

ഈ ആനയുടെ ഉടമസ്ഥാവകാശം, മൈക്രോ ചിപ്പ്‌ എന്നിവ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ രേഖയുടെ പകർപ്പ്‌. 

ഉത്തരം: പ്രകാശ് ശങ്കർ എന്ന ആനക്ക് ഉടമസ്ഥാവകാശ സർട്ടിഫികട്ട് ലഭിച്ചിട്ടില്ല.മൈക്രോ ചിപ്പ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ലഭിക്കാൻ 2 രൂപ ട്രഷറിയിൽ അടച്ചതിന്റെ രശീത് ഹാജരാക്കേണ്ടതാണു.

2. 
പ്രസ്തുത ആന മൃഗീയമായി പീഠനം എട്ടതിന്റെ ഫലമായാണ്‌ മരണമടൻഞ്ഞതെന്ന് മാധമ റിപ്പൊർട്ട്‌ ഉണ്ടായിരുന്നു.ഇതു വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോ? 

ഉത്തരം: ശ്രദ്ധയിൽ പെട്ടിരുന്നു.

3. ഉണ്ടെങ്കിൽ ആരെയെങ്കിലും പ്രതിചേർത്ത്‌ കേസ്‌ എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ എംഫ്‌.ഐ.ആർ അടക്കം ഇതു സംബന്ധിച്ച്‌ വനം വകുപ്പ്‌ സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന രേഖകളുടെ പകർപ്പ്‌.

ഉത്തരം: ആനയുടമ ശ്രി.നിതിൻ. ആനയുടെ പാപ്പാൻ ശ്രി.ഷാജി എന്നിവരുടെ പേരിൽ പ്രതി ചേർത്ത് ചാവക്കാട് ജുഡിഷ്യൽ ഫർസ്റ്റ് ക്ലാസ്സ് കോടതിയിൽ കേസ്സ് ചാർജ്ജ് ചെയ്തിട്ടുണ്ട്.


4. പ്രസ്തുത ആനയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. 
ഉത്തരം: പ്രസ്തുത ആനയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് ഈ ആഫീസിൽ ലഭിച്ചിട്ടില്ല.


5. ഈ ആനയുടെ മരണം സംബന്ധിച്ച്‌ ഏതെങ്കിലും സംഘടന/വ്യക്തി എന്നിവർ എന്തെങ്കിലും പരാതിയോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ്‌ 
ഉത്തരം: ആനയുടെ മരണം സംബന്ന്ധിച്ച് ആനപ്രേമി സംഘം തൃശ്ശുർ ജില്ലാ സെക്രട്ടറി ശ്രീ. വി.കെ. വെങ്കിടാചലം ഒരു പരാതി തന്നിട്ടുണ്ട്. അതിന്റെ പകർപ്പ് ലഭിക്കുന്നതിനായി 2 രൂപ ട്രഷറിയിൽ അടച്ച് ചലാൻ ഹാജരാക്കേണ്ടതാണു.

6. മരണപ്പെട്ട നിലയിൽ ഈ ആനയുടെ ചിത്രം ഉണ്ടെങ്കിൽ അതിന്റെ പകർപ്പ്‌.

ഉത്തരം. ചിത്രം ഈ ആഫീസിൽ ലഭിച്ചിട്ടില്ല.

[4 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഡി.എഫ്.ഓ ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. രേഖയുടെ പകർപ്പുകൾ ഇതു വരെ ലഭിച്ചിട്ടില്ല]
------------------------------------------------------------------

കേരളത്തിൽ ആനയിടയുന്നത്‌ നിത്യസംഭവമായി ക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ശരിയായ ഉടമസ്ഥാവകാശ രേഖകൾ/ഇൻഷൂറൻസ്‌ ഇല്ലാത്ത ആനകൾ പ്രശനമുണ്ടാക്കുയും ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്താൽ ആരായിരിക്കും ഉത്തരവാദി എന്നതാണ്‌ പ്രശനം. അധികൃതർ ഇക്കാര്യം എത്രയും വേഗം അതിന്റേതായ ഗൗരവത്തിൽ എടുക്കണം.

കടപ്പാട്: പാർപ്പിടം എസ്. കുമാർ, വിവരാവകാശനിയമം.

No comments:

Post a Comment