MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Saturday, 14 May 2011

ഹിന്ദു സ്ത്രീകളും വിവാഹനിയമങ്ങളും- common marriage rules 2008


1955 ലെ ഹിന്ദു വിവാഹനിയമം അനുസരിച്ച് ജനനം കൊണ്ട് ഹിന്ദുവായ ഒരാള്‍ക്കും ക്രിസ്ത്യാനി, പാര്‍സി, ജൂതന്‍, മുസ്ലിം എന്നിവരൊഴികെയുള്ള ഇതരമതക്കാര്‍ക്കും ഈ നിയമം ബാധകമാണ്.

ഈ നിയമം വിവാഹത്തിനായി പ്രത്യേകമായി ആചാരങ്ങളോ നടപടിക്രമങ്ങളോ നിഷ്കര്‍ഷിക്കുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി പാലിച്ചു വരുന്ന കീഴ്വഴക്കങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കുന്നുണ്ട്. അതിനാല്‍ 1955 ലെ ഹിന്ദു വിവാഹനിയമ പ്രകാരം വിവാഹം സാധൂകരിക്കുന്നതില്‍ കീഴ്വഴക്കങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രസക്തിയുണ്ട്.

നിയമപ്രകാരമുള്ള ഒരു ഹിന്ദു വിവാഹത്തിനു ഇനിപ്പറയുന്ന കാര്യങ്ങള്‍ പാലിക്കപ്പെടുന്നു എന്നു ഉറപ്പ് വരുത്തണം:
  • വിവാഹസമയത്ത് വരനു 21 വയസ്സും വധുവിനു 18 വയസ്സും പൂര്‍ത്തിയായിരിക്കണം.
  • വരനു ജീവിച്ചിരിക്കുന്ന ഭാര്യയോ വധുവിനു ജീവിച്ചിരിക്കുന്ന ഭര്‍ത്താവോ ഉണ്ടായിരിക്കരുത്.
  • വധൂവരന്മാരുടെ സമ്മതം സ്വമനസ്സാലെ ആവണം, ആയതിനുള്ള കഴിവുണ്ടായിരിക്കണം.
  • ചിത്തഭ്രമമോ മനോരോഗമോ തുടര്‍ച്ചയായി വരുന്ന ഉന്മാദ രോഗങ്ങളോ ഉണ്ടായിരിക്കരുത്.
  • മാനസിക തകരാറുകാരണം വൈവാഹിക ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവരാകരുത്. കൂടാതെ അതുകൊണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കാനോ സംരക്ഷിക്കാനോ കഴിയാത്തവരാകരുത്.
  • ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുവദിക്കുന്നുവെങ്കില്‍ മാത്രം വിവാഹത്തിനു നിരോധിക്കപ്പെട്ട അടുത്ത രക്തബന്ധത്തില്‍ ഉള്ളവരെ വിവാഹം കഴിക്കാം.
  • സബ് രജിസ്ട്രാറുടെ അടുത്ത് വിവാഹം രജിസ്റ്റര്‍ ചെയ്തതു കൊണ്ടു മാത്രം വിവാഹത്തിനു നിയമ സാധുത ലഭിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചുള്ള വിവാഹം നടന്നിരിക്കണം.
  • വിവാഹശേഷം എല്ലാ വിവാഹവും രജിസ്റ്റര്‍ ചെയ്തിരിക്കണം.
  • മിശ്രവിവാഹം അനുവദനീയമാണ്.
  • വിധവാ വിവാഹം അനുവദനീയമാണ്.
  • വര്‍ഷങ്ങളായി ഭാര്യഭര്‍ത്താക്കന്മാരായി ഒരേവീട്ടില്‍ സഹവസിക്കുന്ന ദമ്പതികളുടെ കാര്യത്തില്‍ അവരുടെ വിവാഹം വിധിപ്രകാരം ചടങ്ങുകളോടെ നടന്നിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
സ്വയമേ അസാധുവാകുന്ന വിവാഹം.
വിവാഹസമയം വധുനിനോ, വരനോ മറ്റൊരു ഭാര്യ ജീവിച്ചിരിക്കുക, വിഹാഹത്തിനു നിരോധിച്ചിട്ടുള്ള ബന്ധത്തില്‍ പെട്ടവരായ വധൂവരന്മാര്‍ എങ്കില്‍ ആ വിവാഹം അസാധുവായി കണക്കാക്കാം. കൂടാതെ ദമ്പദികള്‍ക്ക് ഭാര്യഭര്‍ത്താക്കന്മാരുടെ പദവി നഷ്ടപ്പെടുകയും ചെയ്യും.

അസാധുവാക്കാവുന്ന വിവാഹം.
വിവാഹ പങ്കാളി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നു ആക്ഷേപമുള്ളവര്‍ വഞ്ചന കണ്ടുപിടിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരം തേടി കോടതിയെ സമീപിക്കണം. മേല്‍ പരാമര്‍ശിക്കപ്പെട്ട ഏതൊരു സാഹചര്യത്തിലും അസാധുവാക്കാവുന്ന വിവാഹങ്ങള്‍ കോടതിയില്‍ നിന്നും അസാധുവാക്കികൊണ്ടുള്ള വിധി ഉണ്ടാകാത്തിടത്തോളം കാലം സാധുവായിരിക്കുന്നതും നിയമപരമായി അംഗീകാരമുള്ളതുമായിരിക്കും.

ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാനുള്ള അവകാശം.
വിവാഹ പങ്കാളിയുമായി ഒരുമിച്ച് താമസിക്കാനും ലൈഗികബന്ധത്തിലേര്‍പ്പടാനുമുള്ള ഒരു വ്യക്തിയുടെ അവകാശം വിവാഹബന്ധത്തിലെ മൌലികമായ അവകാശമായി നിയമം അംഗീകരിച്ചിട്ടുണ്ട്. ഹിന്ദു വിവാഹനിയമമനുസരിച്ച് വിവാഹപങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ സഹവാസത്തിനുള്ള അവകാശം നിഷേധിക്കരുതെന്നു അനുശാസിക്കുന്നു. ന്യായമായ കാരണങ്ങളിലല്ലാതെ സഹവാസം നിഷേധിക്കപ്പെടുന്നയാള്‍ക്ക് വിവാഹബന്ധം പുനഃസ്ഥാപിച്ച് കിട്ടുന്നതിനു കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ന്യായമായ കാരണങ്ങളാലാണോ ഉപേക്ഷിച്ച് പോയതെന്നു ഉപേക്ഷിച്ചു പോയ ആള്‍ തെളിയിക്കണം. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ കൂടെ താമസിപ്പിക്കുക ഭാര്യയുമായി ലൈഗികബന്ധത്തിലേര്‍പ്പെടാതിരിക്കുക ഭാര്യക്ക് സ്വഭാവ ദ്യൂഷ്യമുണ്ടെന്നു സത്യവിരുദ്ധമായി ആരോപിക്കുക ഭര്‍ത്താവ് അന്യപുരുഷനുമായി ലൈഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ കാരണങ്ങള്‍ ന്യായമാണെന്നു കോടതി വിധികളുണ്ട്.

വിവാഹ മോചനം.
ഇനിപ്പറയുന്ന ഏതെങ്കിലും കാരണങ്ങളാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കാം.
  • വ്യഭിചാരം പരസ്ത്രീബന്ധം പരപുരുഷബന്ധം തുടങ്ങിയവ
  • പങ്കാളിയുടെ ക്രൂരമായ പെരുമാറ്റം. ഇതില്‍ ഒരാളുടെ ജീവനു അപകടകരമായതോ മനസ്സിനോ ശരീരത്തിനോ ഹാനികരമായിട്ടുള്ളതോ ആയ പെരുമാറ്റവും ഉള്‍പ്പെടുന്നു.
  • ചികിത്സാതീതമായ മാനസികരോഗം
  • ഭാര്യയോ ഭര്‍ത്താവോ ഹിന്ദു മതം ഉപേക്ഷിക്കുക.
  • തുടര്‍ച്ചയായി ഏഴുവര്‍ഷക്കാലം ഒരു വ്യക്തിയെക്കുറിച്ച് അയാള്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ സാധാരണഗതിയില്‍ അറിയാമായിരുന്ന ആളുകള്‍ക്ക് യാതൊരു വിവരവം ഇല്ലാതിരിക്കുക.
  • രണ്ടു വര്‍ഷത്തിലേറെക്കാലം ഉപേക്ഷിച്ചു പോവുക.
പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനം.
തുടര്‍ച്ചയായി ഒരു കൊല്ലക്കാലം വേര്‍പിരിഞ്ഞ് താമസിച്ച ശേഷം തുടര്‍ന്നും ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്നു രണ്ടുപേരും തീരുമാനിച്ചാല്‍ ഉഭയസമ്മതപ്രകാരം കോടതിമുമ്പാകെ വിവാഹമോചനം തേടാം. എന്നാല്‍ ഹര്‍ജ്ജി സമര്‍പ്പിച്ച് ആറ് മാസത്തിനു ശേഷമേ വിവാഹബന്ധം വേര്‍പെടുത്തികൊണ്ട് കോടതി തീര്‍പ്പ് കല്പിക്കു. ഈ ആറുമാസകാലാവധി വീണ്ടു വിചാരത്തിനുള്ള കാലമാണ്. അതിനിടക്ക് ഭാര്യക്കോ ഭര്‍ത്താവിനോ ഇതില്‍ നിന്നും പിന്‍‌തിരിയാന്‍ അവകാശമുണ്ട്.

വേര്‍പെട്ട് താ‍മസിക്കല്‍.
ചില പ്രത്യേക സാഹചര്യങ്ങളില്‍ കോടതിയുടെ അനുവാദത്തോടെ ദമ്പതികള്‍ വേര്‍പെട്ട് താമസിക്കാം. വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ തന്നെയാണ് ഈ വേര്‍പെട്ട് താമസിക്കലിനും ഉള്ളത്. ഒരു വര്‍ഷത്തെ കാലാവധിയാണ് ഈ വേര്‍പെട്ട് താമസിക്കലിനു കോടതി അനുവദിക്കുന്നത്. ഈ കാലയളവില്‍ മാനസാന്തരമുണ്ടായി പരസ്പരം യോജിക്കുന്നില്ലെങ്കില്‍ കക്ഷികള്‍ക്ക് വിവാഹമോചനത്തിനു കോടതിയെ സമീപിക്കാം.

കോടതി.
ദമ്പതികളെ സംബന്ധിച്ച കേസുകള്‍ കേള്‍ക്കാനും തീര്‍പ്പ് കല്പിക്കാനുമുള്ള അധികാരം കുടുമ്പകോടതികള്‍ക്കാണ്. ഈ കോടതിക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാന്‍ അധികാരമുണ്ട്.
  • വിവാഹത്തിന്റെ സാധുത
  • ദാമ്പത്യബന്ധം പുനഃസ്ഥാപിക്കല്‍
  • വിവാഹമോചനം
  • ജുഡീഷ്യല്‍ വേര്‍പാട്: പ്രത്യേകം വേര്‍പിരിഞ്ഞ് താമസിക്കാനുള്ള അവകാശം.
  • വൈവാഹിക പദവിയുടെ പ്രഖ്യാപനം.
  • ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വത്ത് തര്‍ക്കം.
  • വ്യക്തികളുടെ നിയമസാധുത്വം.
  • ജീവനാംശം.
  • രക്ഷകര്‍തൃത്വം: കുട്ടിയുടെ ശരീരത്തിനെ സംബന്ധിച്ചുള്ളത്
  • ദത്തെടുക്കല്‍ തുടങ്ങിയവ
കുട്ടികളുടെ വസ്തുക്കളെ സംബന്ധിച്ച് രക്ഷകര്‍തൃത്വം ജില്ലാ അധികാരപരിധിക്കകത്തായാല്‍ വിവാഹം നടത്തിയ സ്ഥലം ഉള്‍പ്പെട്ട കോടതിയിലോ വിവാഹം കഴിഞ്ഞ് അവസാനമായി ഒരുമിച്ച് ഭാര്യഭര്‍ത്താക്കന്മാരായി താമസിച്ച സ്ഥലത്തെ കോടതിയിലോ അതുമല്ലെങ്കില്‍ എതിര്‍കക്ഷി താമസിക്കുന്ന സ്ഥലത്തെ കോടതിയിലോ കേസ് ഫയല്‍ ചെയ്യാം.

പുനര്‍വിവാഹം.
ഹിന്ദു വിവാഹപ്രകാരം വിവാഹമോചിതരായവര്‍ക്കും വിധവകള്‍ക്കും പുനര്‍വിവാഹം കഴിക്കാം. എന്നാല്‍ വിവാഹമോചിതരായവര്‍ അപ്പീല്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അപ്പീല്‍ തീരുമാനമെടുക്കുന്നതുവരെയോ അപ്പീല്‍ കൊടുത്തിട്ടില്ലെങ്കില്‍ അപ്പീല്‍ കൊടുക്കാനുള്ള കാലാവധി കഴിയുന്നതു വരെയോ കാത്തിരിക്കണം.

ജീവനാംശ നിയമങ്ങള്‍
സ്വയം ചെലവു നടത്താന്‍ സ്വത്തോ വരുമാനമോ ഇല്ലാത്ത ഏതൊരു ഹിന്ദു ഭാര്യക്കും ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം

ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ അച്ഛനു വരുമാനമുണ്ടെന്നും വിധവക്ക് സ്വയം സംരക്ഷണത്തിനു വകയൊന്നും ഇല്ലെന്നും വരികയാണെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും ജീവനാംശം അവകാശപ്പെടാവുന്നതാണ്.

വിവാഹം കഴിയാത്ത പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ജീവനാംശം അവകാശപ്പെടാം.

വൃദ്ധരും നിരാലമ്പരുമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത മക്കള്‍ക്കുണ്ട്.

ശ്രദ്ധിക്കുക: മേല്‍ വിവരിച്ചതെല്ലാം ജസ്റ്റിസ് ശ്രീദേവി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കേരള വനിതാ കമ്മീഷന്‍ ‍’ എഴുതി തയ്യാറാക്കിതന്ന രേഖയുടെ അടിസ്ഥാനത്തിലുള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: കേരളാ വനിതാ കമ്മീഷന്‍, വാന്‍‌റോസ് ജംഗ്ഷന്‍, തിരുവനന്തപുരം 34.

ഇനി ഒരല്പം ചരിത്രം. [13-3-2008 ല്‍ കൂട്ടി ചേര്‍ത്തത്]
പുരാതന ഹിന്ദു നിയമങ്ങള്‍ 8 വിധത്തിലുള്ള വിവാഹങ്ങള്‍ ഉണ്ടെന്നു കണ്ടിരുന്നു. ചിലതെല്ലാം നിയമസാധുത ഉള്ളത്. ചിലതെല്ലാം തുടക്കത്തിലേ അസാധു ആയത്. മറ്റു ചിലത് വധൂവരന്‍ മാരില്‍ ആരെങ്കിലും ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് അസാധുവാക്കാവുന്നതും. ഇതൊക്കെയാണ് പണ്ടുണ്ടായിരുന്ന വിവാഹ രീതികള്‍:

  1. ബ്രഹ്മഃ
  2. ദൈവ
  3. അര്‍ഷ
  4. പ്രജാപത്യ
ഈ നാലു രീതിയിലും വധുവിനെ അവളുടെ അച്ഛന്‍ വരനു കന്യാദാനം ചെയ്യുകയാണ്. നിയമപരമായി സാധുവുമാണ്.

5.അസുര
6. ഗംന്ധര്‍വ
7. രാക്ഷസ്
8.പൈശാച്
ഈ നാലെണ്ണത്തിനെയും അധര്‍മ്മ വിവാഹമായിട്ടാണ് കരുതിയിരുന്നത്.

1955 ല്‍ The Hindu Marriage Act ഉണ്ടായെങ്കിലും അതിനു മുന്നെ തന്നെ The Special Marriage Act 1954 നിലവിലുണ്ടായിരുന്നു. 1954 ലെ ആക്ട് ജാതിമത ഭേതമന്യേ എല്ലാ ഇന്‍ഡ്യാക്കാരനും ഒരു പോലെ ബാധകമായിരുന്നു. ഇതിന്‍ പ്രകാരം വിവാഹം ഏതാചാരപ്രകാരം നടന്നാലും Marriage Officers ആ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ചില നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് നോക്കും. 1954 ലെ ആക്ടില്‍ ഖണ്ഡിക 4 ലാണ് ഈ വിവാഹം സാധുവാകുന്നതിനു വേണ്ടുന്ന നിവന്ധനകള്‍ എന്തെല്ലാമെന്ന് വിവരിച്ചിരിക്കുന്നത്. ഇത്തരം സ്പെഷ്യല്‍ വിവാഹ ആക്ടിന്റെ പ്രത്യേകത അത് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേകം Marriage Officers നെ നിയമിച്ചിട്ടുണ്ടാകും. അവരാണ് അതു ചെയ്യേണ്ടത്.

1955 ലെ ആക്ട് ഹിന്ദുക്കള്‍ക്ക് വേണ്ടി പിന്നീടൂണ്ടായതാണ്. ഈ പോസ്റ്റിന്റെ ആദ്യഭാഗത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെല്ലാം (വനിതാ കമ്മിഷന്‍ തന്ന ഭാഗങ്ങള്‍) ഈ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

1954 ലെയും 1955 ലെയും ആക്ടും പ്രകാരം നടന്ന വിവാഹങ്ങളെല്ലാം ഇപ്പോഴും നിയമസാധുത ഉള്ളതാണ്.

മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും നിരവധി സംസ്ഥാനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നുള്ളത് ഇപ്പോഴും നിര്‍ബന്ധമില്ല. സീമ Vs അശ്വനികുമാര്‍ എന്ന കേസില്‍ 14-2-2006 ല്‍ സുപ്രീം കോടതിയുടെ പരാമര്‍ശം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു:

വിവാഹം സംബന്ധിക്കുന്ന രേഖകള്‍ സൂക്ഷിക്കുന്ന പക്ഷം വിവാഹത്തിലെ കക്ഷികള്‍ തമ്മില്‍ വിവാഹ പൂര്‍ത്തീകരണം സംബന്ധിച്ച തര്‍ക്കം വലിയ ഒരളവോളം ഒഴിവാക്കാവുന്നതാണ്. ദേശീയ കമ്മിഷന്റെ അഭിപ്രായത്തില്‍ ഇത്തരത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നത് ഏറെയും സ്ത്രീകളെയാണ്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു വിവാഹം ആ വിവാഹം നടന്നു എന്നുള്ളതിനു തെളിവും നടന്നുവെന്നത് സംബന്ധിച്ച് ഖണ്ഡിക്കാനാവാത്ത ഒരു അനുമാനത്തിനു അടിസ്ഥാനവുമാകുന്നതാണ്. വിവാഹ രജിസ്ട്രേഷന്‍ , സാധുതയുള്ള ഒരു വിവാഹം സംബന്ധിച്ച് പ്രഥമ ദൃഷ്ഠ്യാലുള്ള തെളിവും വിവാഹത്തിന്റെ സാ‍ധ്യത നിര്‍ണ്ണയിക്കുന്ന ഒന്നും ആകുന്നില്ലെങ്കില്‍ തന്നെയും കുട്ടികളുടെ സംരക്ഷണം മേല്‍പ്പറഞ്ഞ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവാഹത്തില്‍ ജനിച്ച കുട്ടികളുടെ അവകാശങ്ങള്‍ , വിവാഹത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ പ്രായം എന്നിവ സംബന്ധിച്ച് വളരെയേറെ തെളിവ് മൂല്യമുള്ള ഒന്നാണ്. അതിനാല്‍ വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നെങ്കില്‍ അതു സാമൂഹ്യ താല്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.

ഇതുകൊണ്ടാണ് ഹിന്ദു മാര്യേജ് ആക്ടിലെ വകുപ്പ് 8-ല്‍ ‘ഹിന്ദു വിവാഹങ്ങള്‍ സംബന്ധിച്ച് തെളിവ് സുകരമാക്കുന്ന ആവശ്യത്തിലേക്കായി’ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഒരു വിവാഹം സംബന്ധിച്ചുള്ള അനുമാനം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വിവാഹത്തിലെ ഒരു വ്യക്തിയുടെ സംഗതിയില്‍ നിരസിക്കുന്നു എന്നതാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കലിന്റെ ഫലമായുള്ള പ്രത്യാഘാതം.

ഹിന്ദു മാര്യേജ് ആക്ടും പ്രകാരമുണ്ടാക്കിയതാണ് കേരളാ ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ 1957. അതിലെ ചട്ടം 6 ലും ‘ഹിന്ദു വിവാഹങ്ങള്‍ സംബന്ധിച്ച് തെളിവ് സുകരമാക്കുന്ന ആവശ്യത്തിലേക്കായി’ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. വിവാഹ ശേഷം കഴിയുന്നതും വേഗം വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. (പരമാവധി 15 ദിവസത്തിനുള്ളില്‍). ഹിന്ദു വിവാഹങ്ങള്‍ സാധാരണഗതിയില്‍ ആചാരപ്രകാരമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. അതിനാല്‍ ഇതു സംബന്ധിച്ച എന്തെങ്കിലും തെളിവ് ആവശ്യമാണ്. അതും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ തന്നെ സമര്‍പ്പിക്കുകയും വേണം. വിവാഹം കഴിഞ്ഞ വളരെ നീണ്ട കാലയളവിനു ശേഷം അപേക്ഷ സമര്‍പ്പിക്കുന്ന സംഗതികളില്‍ വിവാഹം സംബന്ധിച്ച മറ്റു തെളിവുകളൊന്നും ഇല്ലാതെ അപേക്ഷന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം രജിസ്ട്രേഷന്‍ നടത്തികൊടുക്കാനാകില്ല. അതിനാല്‍ ചട്ടം 6 -ല്‍ പറഞ്ഞിരിക്കുന്ന സമയപരിധി നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്. ഇപ്പറഞ്ഞതും സുപ്രീം കോടതി തന്നെയാണ്. 12-8-1997 ല്‍ രമേഷ് കുമാര്‍ Vs കാണാപ്പുറം ഗ്രാമ പഞ്ചായത്ത് എന്ന കേസില്‍.

ഇറ്റിനെല്ലാമൊരു പ്രതിവിധിയെന്നോണമാണ് കേരളസര്‍ക്കാര്‍ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ 2008. എന്നത് 2008 ഫെബ്രുവരി 29 നു ഒരു അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത്‍ as per G.O.(P)No.1/2008/Law Dated 29th February,2008. ഇതിന്റെ പ്രത്യേകത ഈ ചട്ടങ്ങള്‍ എല്ലാ മതക്കാര്‍ക്കും ബാധകമെന്നതാണ്.

29-2-2008 നു ശേഷം വിവാഹിതരാകുന്ന ഏതൊരു കേരളിയനും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ മ്റ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളിന്‍ കീഴില്‍ ചെയ്യേണ്ടതല്ലാത്തതും , അപ്രകാരമുള്ള വിവാഹങ്ങള്‍ അതതു സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. എന്നു മാത്രമല്ല മറ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള വിവാഹങ്ങള്‍ അപ്രകാരമുള്ള സ്റ്റട്ട്യൂട്ടറി വ്യവസ്ഥകളിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പക്ഷം ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്ന തീയതിക്കു മുമ്പ് നടന്നിട്ടുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിരിക്കുന്നതാണ്.[ചട്ടം 6]

ഇതിന്‍ പ്രകാരം Marriage Offiers ഇല്ല. പകരം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് പ്രധാന ചുമതല [ചട്ടം 3].
ജനന മരണ രജിസ്ട്രാര്‍ അവരുടെ അധികാരിതയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കുന്നതാണ്.ചുരുക്കത്തില്‍ നമ്മുടെ പഞ്ചായത്ത് ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് [ചട്ടം 5].

വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ രണ്ടു സെറ്റ് ഫോട്ടോ സഹിതം ബന്ധപ്പെട്ട പഞ്ചായത്തില്‍ രണ്ട് സെറ്റ് ഫോട്ടോ സഹിതം 45 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കേണ്ടതാണ് [ചട്ടം 9(1)]

മതാചാരപ്രകാരം നടന്ന സംഗതിയില്‍ ബന്ധപ്പെട്ട മതാധികാരസ്ഥാനം നല്‍കുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വിവാഹം നടന്നത് തെളിയിക്കാനുള്ള ഒരു രേഖയാകാവുന്നതാണ് [ചട്ടം 9(3)].

വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയതിനു ശേഷം രജിസ്റ്റര്‍ ചെയ്യാവുന്നതാണ് [ചട്ടം 9(4)].

ഒരു വര്‍ഷത്തിനു ശേഷ മുള്ള രജിസ്ട്രേഷന്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയുംനല്‍കിയതിനു ശേഷം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ [ചട്ടം 10].

ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഈ ചട്ടങ്ങള്‍ പ്രകാരമോ മറ്റേതെങ്കിലും സ്റ്റട്ട്യൂട്ടറി വ്യ്‌വസ്ഥ പ്രകാരമോ അധികാരപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതെങ്കിലും അധികാരസ്ഥാനം നല്‍കുന്ന ഏതൊരു വിവാഹ സാക്ഷ്യപത്രവും സര്‍ക്കാര്‍ യാതൊരു ആവശ്യത്തിനും സ്വീകരിക്കുന്നതല്ല. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നടന്ന വിവാഹങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമാവുന്നതല്ല [ചട്ടം 15].

ഈ പുതിയ ചട്ടങ്ങളെ പറ്റി പഞ്ചായത്ത് അധികാരികൾ തന്നെ വിശദീകരിച്ചിരിക്കുന്നത് ഇവിടെയും , ഇവിടെയുംവായിക്കാം.

വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു പകരം വിവാഹം ചെയ്തുകൊള്ളാമെന്നുള്ള കരാർ ഉണ്ടാക്കി അതു രജിസ്റ്റർ ചെയ്യുന്ന പ്രവണത കണ്ടു വരുന്നുണ്ടെന്നും, അതിനു നിയമത്തിനു മുന്നിൽ യാതൊരു വിലയും ഇല്ലെന്നും അതു കൊണ്ട് 2008 ൽ സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങളിൽ വേണ്ട മാറ്റങ്ങൾ ഉടൻ വരുത്തണമെന്നു മാർച്ച് 2009 ൽ ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

Updated on 3rd Nov.2009

2009 നവംബർ 3 നു ഇതു സംബന്ധിച്ച് മനോരമയിൽ വന്ന വാർത്തയും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണു:

തിരുവനന്തപുരം: മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി റജിസ്റ്റര്‍ ചെയ്യുന്നതു വിലക്കി റജിസ്ട്രേഷന്‍ ചട്ടങ്ങള്‍ഭേദഗതി ചെയ്തു സര്‍ക്കാര്‍ വിജ്ഞാപനമായി. ഇതോടെ 50 രൂപയുടെ മുദ്രപ്പത്രവും രണ്ടു സാക്ഷികളുമുണ്ടെങ്കില്‍ ആര്‍ക്കും വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന നില മാറും. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമേ ഇനി റജിസ്ട്രാര്‍മാര്‍ക്കു വിവാഹം റജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയൂ.

നേരത്തേതന്നെ 50 രൂപ മുദ്രപ്പത്രത്തിലെ വിവാഹ ഉടമ്പടിക്കു നിയമസാധുതയില്ലായിരുന്നു. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ പൊതുവെ അറിയപ്പെട്ടിരുന്നതു റജിസ്റ്റര്‍ വിവാഹമെന്നായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയാറാക്കുന്ന കരാര്‍ മാത്രമാണിത്. ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ട ഭേദഗതി.

ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുതന്നെ വിവാഹക്കരാറുകള്‍ക്കു നിയമ പരിരക്ഷയില്ലെന്ന കാര്യം ബോധ്യമുണ്ടെന്നു വിവാഹിതരാകുന്നവരോട് എഴുതി വാങ്ങണമെന്നു റജിസ്ട്രാര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ റജിസ്ട്രാര്‍ ഒാഫിസില്‍ ഇക്കാര്യം കാണിച്ചു 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം.

ഈ നോട്ടീസിനെതിരെ ആരും പരാതി 
നല്‍കിയില്ലെങ്കില്‍ പ്രായം കാണിക്കുന്ന രേഖകളുമായി എത്തിയാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാം. സാധാരണ വിവാഹ ഉടമ്പടികള്‍ പ്രകാരം വിവാഹിതരാകുന്ന പലരും പിന്നീടു വഞ്ചിക്കപ്പെടുന്നതു കണക്കിലെടുത്താണു കോടതി സര്‍ക്കാരിനോടു ചട്ടം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.



ആധാരം: എല്ലാ ആക്ടുകള്‍ക്കും, ചട്ടങ്ങള്‍ക്കും ആധികാരികമായ ലിങ്ക് നല്‍കിയിട്ടുണ്ട്.

No comments:

Post a Comment