കര്‍ക്കടകമാസത്തില്‍ പതിവുള്ള ഒരു ചടങ്ങാണ് തുകിലുണര്‍ത്തല്‍. പാണസമുദായക്കാരാണ് പാട്ടുപാടുന്നതിന് അവകാശപ്പെട്ടവര്‍. പണ്ട് ഇവര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനമുണ്ടായിരുന്നു. 'പണ്‍' എന്നാല്‍ രാഗം, 'പണ്‍' പാടുന്നവന്‍ പാണര്‍. തമിഴ്നാട്ടില്‍ തുകിലുണര്‍ത്ത്പാട്ട് ക്ഷേത്രങ്ങളില്‍ പാടുന്ന പതിവുണ്ട്. ഭഗവാനെ ഉണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ പാടുന്നുവെന്നാണ് സങ്കല്പം. ഗ്രാമദേവതയെ ഉണര്‍ത്തിയ ശേഷം അവര്‍ ഗ്രാമങ്ങളിലെ വീടുകളില്‍ എത്തി പാടുന്ന പതിവ് അടുത്തകാലം വരെ ഉണ്ടായിരുന്നു.
വീടുകളില്‍ പാടുമ്പോള്‍ പാണന്‍ ഉടുക്കുകൊട്ടി പാടുകയും ഭാര്യ അത് ഏറ്റുപാടുകയും ചെയ്യുന്നു. ആദ്യകാലത്ത് ഇവര്‍ 'തുടി' കൊട്ടിയാണ് പാടിയിരുന്നതെന്ന് പഴമ. കോലുകൊണ്ട് കൊട്ടുന്ന തുടി പിന്നീട് ഉടുക്കായി മാറിയതാകാം. മലബാറില്‍ തുടികൊട്ടിപ്പാടുന്ന പതിവ് ഉണ്ടത്രെ.
ശ്രീഭഗവതിയെപ്പറ്റി പാടുന്ന ഒരു പാട്ട് ഇങ്ങനെയാരംഭിക്കുന്നു.
"ശിവാ ബോദീ മഹാ ബോദീ
ഗങ്ങാഭഗവതീ ഉറക്കൊഴിയാ"
ബോദിയെന്നാല്‍ ഭാഗവതിയെന്നാണര്‍ത്ഥം.
പാട്ടുപാടുന്നതിന് രാത്രിയുടെ അന്ത്യയാമങ്ങളില്‍ വീട്ടില്‍ എത്തുന്നവരെ വീട്ടില്‍ വിളക്കും നിറപറയും വെച്ച് സ്വീകരിക്കുന്നു. തുയിലുണര്‍ത്തുപാട്ട് തുടങ്ങികഴിഞ്ഞാല്‍ എല്ലാവരും ഉണര്‍ന്നിരിക്കണം. വീടിന്റെ ഒരു കൊല്ലക്കാലത്തെ എല്ലാ ദോഷങ്ങളും തുയിലുണര്‍ത്തലിലൂടെ നീങ്ങുമെന്നാണ് വിശ്വാസം. ദോഷങ്ങള്‍ പാണര്‍ദമ്പതികള്‍ ഏറ്റുവാങ്ങുമ്പോള്‍ അവര്‍ക്ക് അഷ്ടിക്കുള്ള സാധനങ്ങളും പാരിതോഷികങ്ങളും നല്‍കുന്നു. ദോഷപരിഹാരത്തിനുവേണ്ടി പ്രാശ്ചിത്തദാനം സ്വീകരിക്കുന്ന ബ്രാഹ്മണപുരോഹിതന്റെ സ്ഥാനമാണ് ഈ അനുഷ്ഠാനത്തിലൂടെ പാണന്മാര്‍ക്ക് ലഭിക്കുന്നത്. ബ്രാഹ്മണര്‍ക്ക് ദാനം ചെയ്‌താല്‍ ലഭിക്കുന്ന ഫലം പാണര്‍ക്ക് നല്‍കിയാലും ലഭിക്കുമെന്നാണ് വിശ്വാസം. മുജ്ജന്മ പാപദോഷങ്ങള്‍ തീരാനും ശ്രീഭഗവതിപ്രസാദിക്കാനും തുകിലുണര്‍ത്തല്‍ ഉത്തമമാകുന്നു.
No comments:
Post a Comment