MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

ഈശ്വരനെ അറിയുവാന്‍


രൂപം, സ്വരൂപം, വിരൂപം, അരൂപം ഇങ്ങനെ നാല് അവസ്ഥകളെ മറികടക്കുന്നവര്‍ മാത്രമേ ഈശ്വരനെ അറിയുന്നുള്ളൂ. രൂപത്തെ വച്ച് ആരാധിയ്ക്കുന്നതാണ് ആദ്യപടി. ഈശ്വരനെന്ന സങ്കല്‍പത്തില്‍ രൂപമുണ്ടാക്കി തങ്ങളുടെ ഭാവനകളിലൂടെ ഈശ്വരനെ ആരാധന നടത്തുന്ന സമ്പ്രദായം പൊതുവേ കാണുന്നതാണ്. ഭഗവാന് ഇഷ്ടമാകുന്നു എന്ന വിചാരത്തില്‍ നിവേദ്യങ്ങള്‍ നല്‍കുകയും ചെയ്യും. രൂപം കൊടുത്തിട്ട് നമ്മെപ്പോലെയാകുന്നുവെന്ന തിരിച്ചറിവുണ്ടാകുന്ന രണ്ടാമത്തെ അവസ്ഥയെ സ്വരൂപമായി ഭാവിക്കുന്നു. ഭഗവാന്‍ തന്നെപ്പോലെയാണ് എന്ന് കാണുകയായാണിവിടെ.

ഈ തലം കഴിഞ്ഞാല്‍ ഈശ്വരവിജ്ഞാനം ഏത് രൂപത്തിലാണെന്ന് അറിയുവാനാകാതെ മനസ്സ് ഉഴലുന്നു. ഭാവനകളില്‍ ഒതുങ്ങാതെ തന്നെപ്പോലെയല്ല എന്ന് മനസ്സിലാക്കി ഏതോരൂപമാണ്‌ അതേത് വിധത്തിലാണെന്ന് തെരച്ചിലാണ് മൂന്നാം ഘട്ടത്തില്‍. ആ അന്വേഷണത്തിനൊടുവില്‍ രൂപമില്ലാത്തത്താണ് ഈശ്വരന്‍ എന്ന് കണ്ടെത്തുന്നു. അതാണ്‌ അരൂപം. ഈശ്വരന്‍ രൂപമില്ല, ഭാവമില്ല, ഗുണമില്ല, മണമില്ല, സ്ഥിതി മാത്രമാണുള്ളത്, എന്നും നില നില്‍ക്കുന്ന എല്ലാം അറിയുന്ന എല്ലാം ദര്‍ശിയ്ക്കുന്ന എല്ലാം അടങ്ങിയിരിക്കുന്ന എല്ലാറ്റിനേയും സൃഷ്ടിക്കുന്ന നിലനിര്‍ത്തുന്ന തന്നിലേയ്ക്കൊതുക്കുന്ന മഹാശക്തിയാണ് മഹാബ്രഹ്മം.

താനാരാണെന്ന് സ്വയം മനസ്സിലാക്കുന്നയാള്‍ ഈശ്വരനോടടുക്കുന്നതാണ്. തുടര്‍ന്ന് ബ്രഹ്മശക്തിയെ തിരിച്ചറിഞ്ഞ് ജ്ഞാനിയാവുകയും ചെയ്യുന്നു.

No comments:

Post a Comment