MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Thursday 15 August 2013

ശ്രീനാരായണഗുരു വിപ്ലവകരമായ ഉപദേശങ്ങൾ

  • ജാതിയുണ്ടെന്ന് വിശ്വസിക്കരുത്
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
  • വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
  • ദുർദ്ദേവതകളെ ആരാധിക്കരുത്
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
  • പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
  • വ്യവസായം വർദ്ധിപ്പിക്കണം
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
  • കള്ളുചെത്ത് കളയണം
മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.
  • കപ്പം
1 9 2 1 കാലം : ഗുരുവിന്റെ അറിവോടെ നടന്ന ഒരു സംഭവം: കൊല്ലം കണ്ടച്ചിറ വയലിൽ നിന്നും കൊയ്തു കഴിഞ്ഞു കറ്റകളെല്ലാം കൈവണ്ടിയിൽ കയറ്റി പടിഞ്ഞാറൻ പ്രദേശത്തുകാർ കൊണ്ട് പോകണമെങ്കിൽ 'തുരുത്തിൽകെട്ടു ഹാജി' എന്ന ഒരു മുസിളിം പ്രമാണിക്ക് കപ്പം കൊടുക്കണമായിരുന്നു. ഹാജിയുടെ വീടിനു മുന്നിലുള്ള ഇടവഴിയിലൂടെ മാത്രമേ പടിഞ്ഞാറേക്ക്‌ പോകാൻ കഴിയുമായിരുന്നുള്ളൂ. ഒരു കട്ടവണ്ടിക്കു ഒരു 'കറ്റ' ഹാജിയുടെ പടിക്കൽ വയ്ക്കണം. അതായിരുന്നു പതിവ്. കറ്റ കൊടുക്കാതെ പോകുന്നവരെ ഹാജിയുടെ ഗൂണ്ടകൾ മർദ്ദിക്കുമായിരുന്നു. നാട്ടുകാർ പഞ്ചായത്തിലും തഹസിദാർക്കും പരാതികൾ കൊടുത്തിട്ടും ഹാജിയുടെ ഗൂണ്ടാപിരിവ് അവസാനിപ്പിച്ചില്ല. അന്ന് ഒരു ദിവസം ഗുരു കണ്ടച്ചിറ പഴവിളയിലെ വായനശാലയുടെ മുറ്റത്ത്‌ യോഗംകൂടുന്നതിനു വന്നിരുന്നു. കൊച്ചുനാരായണൻപിള്ള, മരിയാൻ നസരേത്ത് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ ഗുരുവിനെ കണ്ടു. ഗുരു പറഞ്ഞു : എല്ലാവരും ഒരുമിച്ചു നില്ക്കണം. ആരും കറ്റ കൊടുക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം.' ഹാജിയുടെ ഗൂണ്ടകൾ ബലപ്രയോഗത്തിനുവന്നാൽ എന്ത് ചെയ്യുമെന്നു അവർ ഗുരുവിനോട് ചോദിച്ചു. 'നിങ്ങള്ക്ക് ബലംമുണ്ടെങ്കിൽ അവരുടെ ബലം പ്രയോഗിക്കില്ല'. ഗുരുവിന്റെ മറുപടിയിൽ വ്യംഗ്യാർത്ഥമുണ്ടായിരുന്നു. ആ വർഷത്തെ കൊയ്തു തുടങ്ങി. എല്ലാവരും സംഘം ചേർന്ന് വണ്ടിയിൽ കറ്റകളുമായി ഹാജിയുടെ പടിപ്പുരയിൽ എത്തി. ഗൂണ്ടാകൾ കാത്തുനിന്നിരുന്നു. കറ്റകൊടുക്കാതെ എല്ലാവരും പടിപ്പുരക്കു മുന്നിലൂടെ വണ്ടിവലിച്ചുകൊണ്ട് മുന്നോട്ടു പോയി. ഗൂണ്ടാകൾ ചാടിവീണ് വണ്ടികൾ തടഞ്ഞു. സംഘം ചേർന്നു നിന്ന യുവാക്കൾ ഗൂണ്ടാകളുമായി ഏറ്റുമുട്ടി....തുടർന്ന് പോലിസ് കേസും കോടതിയും... ഒടുവിൽ കോടതിവിധി വന്നു ; ഹാജിക്ക് കപ്പം കൊടുക്കേണ്ടതില്ല. ഹാജിയുടെ പടിപ്പുരക്കു മുന്നിലൂടെയുള്ള വഴി പൊതുവഴിയായി പ്രഖ്യാപിക്കപ്പെട്ടു...

No comments:

Post a Comment