MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

വിദ്യാരംഭം



ഹരിശ്രീ കുറിക്കുക്ക, വിദ്യാരംഭം നടത്തുക എന്നത് വളരെ പാവനമായ ഒരു സരസ്വതി പൂജയാണ്. ഇതിന് പല നിയമങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. മൂന്ന് വയസ്സില്‍ വിദ്യാരംഭം നടത്തണം. തിരുവാതിര, ഊണ്‍ നാളുകളായ അശ്വതി, രോഹിണി, മകീര്യം, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നാളുകള്‍ വിദ്യാരംഭത്തിന് അനുയോജ്യമാണ്. സരസ്വതിയോഗമുള്ള സമയം വിദ്യാരംഭത്തിന് യോജ്യമാണ്. വിദ്യാരംഭം നടത്തുന്ന കുട്ടിക്ക് ഒറ്റവയസ്സ് മാത്രമേ പാടുള്ളൂ. (ഉദാഹരണം 3 വയസ്സ്, 5 വയസ്സ് ), സ്ഥിരരാശികളും മീനം രാശിയും ബുധന് മൌഡ്യം ഉള്ള കാലവും വിദ്യാരംഭത്തിന് ശുഭമല്ല. ചൊവ്വ, ശനി എന്നീ ദിവസങ്ങളിലും ജന്മനക്ഷത്രം വരുന്ന ദിനങ്ങളിലും വിദ്യാരംഭം നടത്തരുത്. സരസ്വതി പ്രീതിയുള്ള ബുധനാഴ്ച വിദ്യാരംഭത്തിന് ഏറെ ഉത്തമമാണ്. തിങ്കളാഴ്ചയും വിദ്യാരംഭത്തിന് ഉത്തമമാണ്.

ക്ഷേത്രാങ്കണത്തില്‍ വെച്ചും മറ്റ് പാവനമായ സന്നിധികളിലും വിദ്യ നല്‍കാം. കൊല്ലൂര്‍ മുകാംബിക, തിരുവുള്ളക്കാവ്, ചോറ്റാനിക്കര, പറവൂര്‍ മൂകാംബിക, പനച്ചിക്കാട് എന്നീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ഉണ്ട്.

വിദ്യ നല്‍കാന്‍ ഏറ്റവും ഉത്തമന്‍ ദക്ഷിണാമൂര്‍ത്തിയാണ് എന്ന് പലര്‍ക്കും അറിയില്ല. കാരണം സതി വിയോഗത്തിനുശേഷം ധ്യാനനിരതനായി കല്‍പവൃക്ഷച്ചുവട്ടില്‍ തെക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദക്ഷിണാമൂര്‍ത്തിക്കുമുന്നി
ല്‍ നിന്നാണ് ദേവഗുരു ബ്രുഹസ്പതിയും, ദേവി മൂകാംബികയും വിദ്യ ഗ്രഹിച്ചത് എന്നാണ് ഐതീഹ്യം. അതിനാലാണ് ദക്ഷിണാമൂര്‍ത്തി വിദ്യാദായകന്‍ ആകുന്നത്. ശിവന്റെ സന്യാസരൂപമാണ് ദക്ഷിണാമൂര്‍ത്തി. വൈക്കം ക്ഷേത്രത്തില്‍ രാവിലെ ശിവന് ദക്ഷിണാമൂര്‍ത്തി രൂപമാണ്. കണ്ടിയൂര്‍ ശിവക്ഷേത്രം, ചേന്ദമംഗലം പുതിയ തൃക്കോവില്‍ എന്നിവടങ്ങളിലും വിദ്യാരംഭം കുറിയ്ക്കാന്‍ ഉത്തമാങ്ങളാകുന്നു.

ആചാര്യന്‍, പിതാവ്, അമ്മാവന്‍ തുടങ്ങി സരസ്വതി പ്രീതിയുള്ള ആര്‍ക്കുവേണമെങ്കിലും വിദ്യാരംഭം നല്‍കാനാവും. വിദ്യനല്‍കുന്ന വ്യക്തിയും കുട്ടിയും തമ്മില്‍ അഷ്ടമരാശികൂറു (ജനിച്ച നക്ഷത്രം അടങ്ങിയ നക്ഷത്രകൂറിന്റെ എട്ടാമത്തെ നക്ഷത്രകൂറില്‍ ഉള്ള നക്ഷത്രത്തില്‍ ജനിച്ചവര്‍ പരസ്പരം) വരാതിരിക്കുന്നത് ഉത്തമം . വിദ്യനല്‍കുന്നയാള്‍ കുട്ടിയെ മടിയിലിരുത്തി ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് കുഞ്ഞിന്റെ നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് ഹരിശ്രീ ഗണപതയെ നമഃ എന്നെഴുതണം. ശേഷം ഉരുളിയില്‍ നിരത്തിയിട്ടിരിക്കുന്ന ഉണക്കലരിയില്‍ ഹരിശ്രീ തുടങ്ങിയ അക്ഷരങ്ങള്‍ കുട്ടിയുടെ മോതിരവിരല്‍ കൊണ്ട് എഴുതിപ്പിക്കണം. കുട്ടിയെ എഴുതിക്കാന്‍ ഉപയോഗിച്ച ഉണക്കലരി പൊടിച്ച് അപ്പം ഉണ്ടാക്കി പ്രസാദമാക്കി കുടുംബത്തിലുള്ളവര്‍ കഴിക്കണമെന്നും ആചാരം നിലനില്‍ക്കുന്നുണ്ട്. സരസ്വതിവ്രതദിനങ്ങളായ നവരാത്രിയിലെ അവസാനദിനമായ വിജയദശമി വിദ്യാരംഭം നടത്തുന്നത് ഏറെ ഉത്തമമാണ്. വിദ്യാരംഭം നടന്നതിനു ശേഷം ദിവസവും സരസ്വതി കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് ഗുണം വര്‍ദ്ധിപ്പിക്കുന്നതാണ്. ജാതകത്തില്‍ ബുധന്റെ അഷ്ടവഗ്ഗം ഇട്ടതില്‍ കൂടുതല്‍ അഷ്ടവര്‍ഗ്ഗം ഉള്ള രാശികളില്‍ ബുധന്‍ ചാരവശാല്‍ വരുന്ന സമയം വിദ്യാരംഭത്തിന് ഉത്തമമാണ്.

No comments:

Post a Comment