MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday 11 August 2013

കോഴികല്ല് മൂടല്‍





കുംഭമാസത്തിലെ ഭരണിനാള്‍ കൊടിയേറി മീനമാസത്തിലെ ഭരണിയോടെ ഉത്സവം തീരുന്നു, പ്രത്യേക കൊടിമരം ഇല്ല, അമ്പലത്തിനു ചുറ്റുമുള്ള ആലുകളില്‍ കൊടികള്‍ ഉയര്‍ത്തുന്നു. മീന ഭരണി ലോകപ്രശസ്തം, അത് പോലെ മീനമാസം ആശ്വതിനാളിലെ തൃചന്ദനം ചാര്‍ത്തും (ദാരികനുമായി യുദ്ധത്തില്‍ ഉണ്ടായ മുറിവുകളില്‍ ചന്ദനലേപനം നടത്തുന്നതാണത്രേ) കാവ് തീണ്ടലും പ്രശസ്തമാണ്. മീന ഭരണിയ്ക്ക് അനേകായിരങ്ങള്‍ വരുമെങ്കിലും, പ്രധാന അനുഷ്ഠാനം ചീത്ത വാക്കുകള്‍ ചേര്‍ത്തു ദേവിയെ സ്തുതിക്കുന്നതാണ് (ഭരണി പാട്ടുകള്‍ ), ഗ്രൂപ്പുകളായി തിരിഞ്ഞു ചെയ്യുന്ന അനുഷ്ഠാനമാണിത്. ദാരിക വധശേഷമുള്ള കോപം തണുപ്പിക്കാനും ദേവിയെ നാണിപ്പിക്കാനുമുള്ള ഉപായമാണത്രെ ഇത്. അത് പോലെ തന്നെ വേറെ ഒരു അനുഷ്ടാനമാണ് കാവ് തീണ്ടല്‍, ക്ഷേത്ര സ്ഥാനിയായ കൊടുങ്ങലൂര്‍ തമ്പുരാന്‍ പട്ടുകുട നിവര്‍ത്തും അവകാശിയായ പാലയ്ക്കല്‍ വേലന്‍ ക്ഷേത്രത്തിലെ ചെമ്പ് തകിടില്‍ തട്ടുന്നു, തുടര്‍ന്ന് അനേകായിരം ഭക്തജനങ്ങളും കോമരങ്ങളും ക്ഷേത്രത്തിനു അകത്തേക്ക് ഓടികയറി കൈയ്യില്‍ കരുതിയ വടി കൊണ്ട് അമ്പലത്തിന്‍റെ ചുവരിലും മേല്‍കൂരയിലും അടിക്കുന്നു. മേല്‍ പറഞ്ഞ അനുഷ്ടാനങ്ങള്‍ രണ്ടും കേരളത്തിലെ അവസാനത്തെ ബുദ്ധ വിഹാരമായ കൊടുങ്ങലൂരില്‍ നിന്ന് ബുദ്ധ സന്യാസിമാരെ ഓടിക്കുവാന്‍ നടത്തിയതിന്‍റെ പുനരവിഷ്കാരമാണെന്നു പക്ഷാന്തരമുണ്ട് (ചേര്‍ത്തലയിലും ഭരണി പാട്ടുകള്‍ പാടുന്നുണ്ട്). അത് പോലെ കാവ് തീണ്ടല്‍ അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധമുണ്ടെന്നും പറയുന്നു. ഭക്തജനങ്ങള്‍ വൃതമെടുത്ത്, ചുവന്ന പട്ട് ഉടുത്ത് ചിലമ്പണിഞ്ഞാണ് മേല്‍ പറഞ്ഞ അനുഷ്ടാനങ്ങളില്‍ പങ്കെടുക്കുന്നത് അവരെ കോമരം എന്ന് വിളിക്കും. കുറെ നാള്‍ മുന്‍പ് വരെ മൃഗബലി ഉണ്ടായിരുന്നു പ്രധാനമായും കോഴികളെയാണ് ബലി അര്‍പ്പിച്ചിരുന്നത്‌, മൃഗബലി നിരോധിച്ചതിന് ശേഷം പ്രതീകാത്മകമായി ബലികല്ല് പട്ടിട്ടു മൂടി അതിനു മുകളില്‍ കോഴിയെ വയ്ക്കുന്നു, കോഴികല്ല് മൂടുക എന്ന ഈ ചടങ്ങോട് കൂടിയാണ് ഭരണി ആരംഭിക്കുക.

No comments:

Post a Comment