MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Thursday, 15 August 2013

ശ്രീനാരായണഗുരു സമാധി

മഹാസമാധി

ഈ മഹാപുരുഷൻ മലയാളവർഷം 1104 കന്നി 5-ആം തീയതി ശിവഗിരിയിൽ വച്ചു സമാധിയടഞ്ഞു. . എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു വിശേഷാൽ പൊതുയോഗം 1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടി. ഗുരുദേവൻ പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ് അതായിരുന്നു. കോട്ടയത്തു നിന്നും ഗുരുദേവൻ പോയത് വൈക്കത്തേക്കാണ്. അവിടെ വെല്ലൂർ മഠത്തിലായിരുന്നു വിശ്രമം.  പ്രശസ്തരായ പല ഭിഷഗ്വരൻമാരും ചികിത്സിച്ചിട്ടും ചെറിയ കുറവുകൾ കണ്ടു എന്നല്ലാതെ പൂർണ്ണരോഗശമനം ഉണ്ടായില്ല. അങ്ങിനെ കന്നി അഞ്ചാം തീയതി പുലർന്നു. ഉച്ചയായപ്പോഴേക്കും മഴ ശമിച്ച് മാനം തെളിഞ്ഞു. ഉച്ചകഴിഞ്ഞ് ഗുരുദേവ ശിഷ്യനായ മാമ്പലം വിദ്യാനന്ദ സ്വാമികൾ ഗുരുദേവനു മുന്നിൽ യോഗവാസിഷ്ഠം ജീവിൻമുക്തിപ്രകരണം വായിച്ചുകൊണ്ടിരുന്നു. എതാണ്ട് മൂന്നുമണിയായപ്പോൾ നമുക്ക് നല്ല ശാന്തിതോന്നുന്നു എന്ന് പറഞ്ഞു ഗുരുദേവൻ കിടക്കയിൽ എഴുന്നേറ്റിരിക്കുവാനായി ഒരുങ്ങി. ശരീരം പദ്മാസനത്തിൽ ബന്ധിച്ചിരുന്നു. ഈ സമയം ചുറ്റുമുണ്ടായിരുന്ന ശിഷ്യൻമാർ ഗുരുദേവൻ തന്നെ രചിച്ച ദൈവദശകം ആലപിക്കുവാൻ തുടങ്ങി. ദൈവമേ കാത്തുകൊൾകങ്ങ് കൈവിടാതിങ്ങു ഞങ്ങളേ.... പ്രകൃതിപോലും അപ്പോൾ ധ്യാനത്തിലായെന്നപോലെ തോന്നി. ആഴമേറും നിൻ മഹസ്സാ മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. എന്ന അവസാന വരികൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഗുരുദേവന്റെ കണ്ണുകൾ സാവധാനം അടഞ്ഞു. അദ്ദേഹം മഹാസമാധിയായി.

No comments:

Post a Comment