MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Thursday 15 August 2013

ശ്രീപദ്മനാഭദാസന്‍മാരുമായുള്ള കണ്ടുമുട്ടല്‍

അനന്തപുരിയിലെ പഴമക്കാര്‍ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി അത്ഭുതം നിറഞ്ഞ എത്രയെത്ര കഥകളാണ് പറയാനുള്ളത്. ഭൂകമ്പവും അനാവൃഷ്ടിയും തടുക്കുന്ന, രാജാവിനെ പല ഘട്ടത്തിലും വേഷം മാറി സഹായിക്കുന്ന, കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും അമൂല്യ രത്‌നങ്ങളും ജനങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കുന്ന പദ്മനാഭസ്വാമിയെപ്പറ്റി മുത്തശ്ശിമാര്‍ സംസാരിക്കുമ്പോള്‍ വാചാലരാകാറുണ്ട്. ഇവിടെ വന്‍ നിധി ഉണ്ടെന്നും രാജ്യത്ത് ക്ഷാമമുണ്ടായി നട്ടം തിരിയുമ്പോള്‍ മാത്രമേ അത് തുറക്കാവൂ എന്നും അവര്‍ പറയാറുണ്ടായിരുന്നു.

പണ്ട് ഏതോ രാജാവ് കല്ലറ തുറക്കാന്‍ പോയപ്പോള്‍ കടല്‍ ഇരമ്പല്‍ ശബ്ദം കേട്ടുവെന്നും, അതോടെ ഉദ്യമം അവസാനിപ്പിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. ഇതെല്ലാം മുത്തശ്ശിക്കഥകളാണ്. എന്നാല്‍ ഇന്ന് 'ശ്രീപദ്മനാഭന്‍' ലോകത്തിന്റെ മുമ്പില്‍ വി.വി.ഐ.പി. യായിരിക്കുന്നു. ലോകത്തിന്റെ കണ്ണ് ഇപ്പോള്‍ കേരള തലസ്ഥാനമായ തിരുവനന്തപുരത്തും അവിടത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുമാണ്. ഇതേവരെ ഈ ക്ഷേത്രത്തെപ്പറ്റി മിണ്ടാതിരുന്ന എത്രയെത്ര വിഖ്യാത ചരിത്രകാരന്മാരും സാമൂഹ്യനേതാക്കളുമാണ് പ്രസ്താവനയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇന്ത്യയിലല്ല ലോകത്തെമ്പാടുമുള്ള പത്രങ്ങളും മറ്റു വാര്‍ത്താ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരമാണ്.

ലോകത്തിന്റെ പല ഭാഗത്തുനിന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' എന്ന പത്രം ലോകത്തെ ഏറ്റവും വലിയ നിധിശേഖരമുള്ള അഞ്ച് സ്ഥലങ്ങളെപ്പറ്റി പറഞ്ഞശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേത് അതിനെ കടത്തിവെട്ടുമോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 'ബി' അറ തുറക്കുന്നത് നീട്ടിവെച്ചിട്ടുണ്ട്. അതുകൂടി അറിഞ്ഞാലേ നിജസ്ഥിതി വെളിപ്പെടുകയുള്ളൂ. 1936 നവംബര്‍ 12ന് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ ഈ ക്ഷേത്രം സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തതാണ് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ആദ്യസംഭവം. ഈ വിളംബരം അശോക ചക്രവര്‍ത്തിയുടെ പ്രഖ്യാപനങ്ങള്‍ക്ക് തുല്യമാണെന്ന് പറഞ്ഞത് ഗാന്ധിജി അല്ലാതെ മറ്റാരുമല്ല. അടുത്ത വര്‍ഷം നടന്ന ക്ഷേത്രപ്രവേശന പരിപാടികളില്‍ പങ്കെടുക്കാന്‍ അനന്തപുരിയിലെത്തിയ ഗാന്ധിജി പദ്മനാഭസ്വാമി ക്ഷേത്രവും സന്ദര്‍ശിച്ചു. പിന്നീട് നടന്ന ഒരു പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞു.

''തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപദ്മനാഭന്റെ ദാസനാണെന്ന് ഇവിടത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. അദ്ദേഹം ശ്രീപദ്മനാഭസ്വാമിയുടെ പ്രതിപുരുഷന്‍ മാത്രമാണ്. നിത്യവും മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിക്കുകയും അതത് ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ശ്രീപദ്മനാഭസ്വാമിയില്‍ നിന്നും നിര്‍ദേശങ്ങള്‍ വാങ്ങിക്കുകയും ചെയ്യുന്നു.... ഈ മഹത്തായ നടപടി കൈക്കൊള്ളുന്നതിന് മഹാരാജാവിനെ പ്രേരിപ്പിച്ചത് ശ്രീപദ്മനാഭന്റെ ഈശ്വരചൈതന്യമാണ്.....''

ക്ഷേത്രപ്രവേശനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജി പലേടത്തും പറഞ്ഞത് സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ്. ജാതിയുടെ പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് അയിത്തം കല്പിച്ച് അകറ്റി നിര്‍ത്തിയിരുന്നത് നേരില്‍ കണ്ട ശേഷമാണ് സ്വാമി വിവേകാനന്ദന് കേരളം 'ഭ്രാന്താലയം' ആയി തോന്നിയത്. 1892 ഡിസംബറിലാണ് പാലക്കാട് വഴി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. തൃശ്ശൂരില്‍ എത്തിയപ്പോള്‍ തന്നെ അയിത്തത്തിന്റെ ആദ്യ ലാഞ്ഛനകള്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടു തുടങ്ങി. ജാതി പറയാത്തതു കാരണം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. പിന്നീട് കൊച്ചി വഴി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ശരിക്കും അനുഭവപ്പെട്ടു. ഇതെല്ലാം നാടുഭരിച്ചിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിനോട് വിവരിക്കണമെന്നും അദ്ദേഹം വഴി എന്തെങ്കിലും പരിഹാരം ഉണ്ടാക്കണമെന്നും വിവേകാനന്ദന്‍ ആഗ്രഹിച്ചു. ഇതിനുവേണ്ടി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കൊട്ടാരം അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ ക്ഷേത്രം സന്ദര്‍ശിച്ചതായി രേഖയില്ല.

ശ്രീമൂലം തിരുനാള്‍ തിരക്കിലായതിനാല്‍ വിവേകാനന്ദന് അധികസമയം മഹാരാജാവിനോട് ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ പറ്റാതെ പോയി. വിവേകാനന്ദന്‍ നിരാശനായിട്ടാണ് കൊട്ടാരത്തില്‍ നിന്നും ഇറങ്ങിപ്പോന്നത്. എന്നാല്‍ ശ്രീമൂലം തിരുനാളിന്റെ അനന്തരവനും അന്നത്തെ യുവരാജാവുമായ അശ്വതിതിരുനാളുമായി ദീര്‍ഘനേരം സംഭാഷണം നടത്തി. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ബി.എ. പാസ്സായ രാജകുമാരനാണ് അശ്വതിതിരുനാള്‍. ഫോട്ടോഗ്രാഫിയില്‍ അതീവതല്പരനായ അശ്വതിതിരുനാള്‍ എടുത്ത വിവേകാനന്ദന്റെ ചിത്രം ഇന്നും കല്‍ക്കട്ടയിലെ ബേലൂര്‍ മഠത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും പൗരോഹിതാധിപത്യമുള്ള നാടാണ് തിരുവിതാംകൂര്‍ എന്ന് അദ്ദേഹം തന്റെ സുഹൃത്തിന് അയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍ ഒമ്പതുദിവസമാണ് അനന്തപുരിയിലുണ്ടായിരുന്നത്. ഈ സമയത്ത് അന്ന് ഇവിടെ ഉണ്ടായിരുന്ന മഹാപണ്ഡിതന്മാരോടൊത്ത് അദ്ദേഹം സംവാദം നടത്തി. ഇതില്‍ പ്രധാനം പ്രൊഫസര്‍ സുന്ദരംപിള്ളയാണ്. ഇദ്ദേഹമാണ് പില്‍ക്കാലത്ത് പ്രസിദ്ധനായ 'മനോന്മണിയം സുന്ദരംപിള്ള'. മഹാരാജാസ് കോളേജിലെ പ്രൊഫസറും പ്രശസ്ത ചരിത്ര ഗവേഷകനുമായ സുന്ദരംപിള്ള ശ്രീമൂലം തിരുനാളിന് ഇഷ്ടപ്പെട്ട പണ്ഡിതനായിരുന്നു.

മഹാരാജാസ് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) പ്രിന്‍സിപ്പലായിരുന്ന ഡോ. ഹാര്‍വിയോടുള്ള ബഹുമാനസൂചകമായി സുന്ദരംപിള്ള പേരൂര്‍ക്കടയില്‍ ഇന്ന് ലോ അക്കാഡമി സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിര്‍മിച്ച വീടിന് അദ്ദേഹത്തിന്റെ പേര് നല്‍കി. ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് സ്വാമി വിവേകാനന്ദന്‍ സുന്ദരംപിള്ളയുടെ വീട്ടിലെത്തിയത്. മണിക്കൂറുകളോളം അദ്ദേഹം അവിടെയിരുന്ന് സംസാരിച്ചു. അനന്തപുരി വിടുന്നതിനുമുമ്പ് പല പ്രാവശ്യവും വിവേകാനന്ദന്‍ ഹാര്‍വി ബംഗ്ലാവിലെത്തി സംഭാഷണം നടത്തിയിട്ടുണ്ടെന്ന് അറിയുന്നു.

വിവേകാനന്ദന്‍ അന്ന് ഇരുന്ന കല്ലുകൊണ്ടുള്ള ഇരിപ്പിടം ഇന്നും കരകുളത്തുണ്ട്. ശ്രീനാരായണഗുരുവും അതില്‍ ഇരുന്നിട്ടുണ്ടെന്നാണ് പറയുന്നത്. സുന്ദരംപിള്ളയുടെ മകനും മുന്‍ തിരുവിതാംകൂര്‍ മന്ത്രിയുമായ പി.എസ്. നടരാജപിള്ളയുടെ പേരൂര്‍ക്കടയിലുള്ള സ്വത്തുക്കള്‍ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ ദിവാന്‍ സി.പി. കണ്ടുകെട്ടി. ആ സമയത്ത് നടരാജപിള്ള കല്ലുകൊണ്ടുള്ള ഇരിപ്പിടം പുതിയ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. നടരാജപിള്ളയുടെ മൂത്ത മകന്‍ പ്രൊഫ. എന്‍. സുന്ദരംപിള്ളയില്‍ നിന്നും ഇത് അദ്ദേഹത്തിന്റെ മകനും തമിഴ്‌നാട് ഹോമിയോകോളേജ് അധ്യാപകനുമായിരുന്ന ഡോ. പി.എസ്. രാമസ്വാമിക്ക് ലഭിച്ചു. അദ്ദേഹമാണ് കരകുളത്തുള്ള 'അഗസ്ത്യാവീട്ടി'ല്‍ നിധിപോലെ ഈ ഇരിപ്പിടം സൂക്ഷിക്കുന്നത്.

No comments:

Post a Comment