MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

അക്ഷയതൃതീയ




വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ബലഭദ്രൻ ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂർക്ഷേത്രത്തിലും ഇന്നേ ദിവസം പ്രാധാന്യമർഹിക്കുന്നു. ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു.

വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു.
“ സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതർപ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സർവം സ്യാത്തദിഹാക്ഷയം.
അദൌ കൃതയുഗസ്യേയം
യുഗാദിസ്തേന കഥ്യതേ.
അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം
തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ'.
(ഭവിഷ്യോത്തരം 30.19)

അന്നാണ് കൃതയുഗം ആരംഭിച്ചിട്ടുള്ളത് എന്നും അന്ന് അനുഷ്്ഠിക്കുന്ന കർമങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും മേൽ ഉദ്ധരിച്ചതിൽനിന്നു മനസ്സിലാക്കാം. യുഗാദിതിഥികളിൽ ശ്രാദ്ധം പിതൃക്കൾക്കു പ്രത്യേകം പ്രീതികരമായതുകൊണ്ട് അക്ഷയതൃതീയ ഈ വക കർമങ്ങൾക്കു ഏറ്റവും പറ്റിയതാണ്. (യുഗാദിതിഥികളിൽ ചെയ്യുന്ന ശ്രാദ്ധത്തിൽ പിണ്ഡം നിഷേധിക്കപ്പെട്ടിട്ടുണ്ട്.)

വർഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളിൽ അക്ഷയതൃതീയ ഉൾപ്പെടുന്നു. ദേവൻമാർക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. അന്ന് യവം കൊണ്ടു ഹോമം നടത്തുകയും വിഷ്ണുവിന് അർച്ചിക്കുകയും ദ്വിജാദികൾക്കു യവം ദാനം ചെയ്യുകയും ശിവൻ, ഭഗീരഥൻ മുതലായവരെയും ഗംഗ, കൈലാസം എന്നിവയെയും പൂജിക്കുകയും ചെയ്യണമെന്നു ബ്രഹ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പരശുരാമൻ ജനിച്ചത് അക്ഷയതൃതീയയിലാകയാൽ ആ ദിവസം പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം ഭാരതത്തിലെങ്ങുമുണ്ട്. അക്ഷയതൃതീയയ്ക്ക് എല്ലാ ക്ഷേത്രങ്ങളിലുംതന്നെ വിശേഷാൽ പൂജകൾ നടക്കാറുണ്ട്.
അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കി ചതുർഥി, സപ്തമി, അമാവാസി തുടങ്ങിയ തിഥികളോടും ചേർത്തു പ്രയോഗിക്കാറുണ്ട്. ചൊവ്വാഴ്ചയും ശുക്ളചതുർഥിയും കൂടിയത് അക്ഷയചതുർഥിയും ഞായറാഴ്ചയും കറുത്തവാവും ചേർന്നത് അക്ഷയ-അമാവാസിയുമായി കരുതിപ്പോരുന്നു. ഈ ദിവസങ്ങളിൽ ചെയ്യുന്ന പുണ്യകർമങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകൾക്ക് ആസ്പദം

No comments:

Post a Comment