MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

ചിൻമുദ്ര




ചിത്‌ എന്ന ധാതു മുദ്രയോടുകൂടി ചേർന്നതാണ്‌ ചിൻമുദ്ര. ചിത്‌ എന്ന്‌ പറഞ്ഞാൽ ജ്നാനം എന്നർത്ഥം. ചിൻമുദ്ര ജ്നാനമുദ്രയാണ്‌. വലതുകൈയ്യിലെ ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ നിവർത്തിപ്പിടിച്ച്‌ ചൂണ്ടു വിരൽ തള്ളവിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെയ്ക്കുന്നതാണ്‌ ചിൻമുദ്ര. ദക്ഷിണാമൂർത്തി ബാലഭാവത്തിലിരുന്ന്‌ ചിൻമുദ്ര കാണിച്ച്‌ മൌനത്തിലൂടെ വൃദ്ധരായ ശിഷ്യഗണങ്ങൾക്ക്‌ ആത്മവിദ്യ ഉപദേശിച്ചു എന്ന്‌ ദക്ഷിണാമൂർത്തി സ്തോത്രത്തിലെ ധ്യാനശ്ളോകം ഇപ്രകാരം പറയുന്നു.


“ മൌന വ്യാഖ്യാ പ്രകടിത പരബ്രഹ്മതത്വം യുവാനം
വർഷിഷ്ടാന്തേ വസദൃഷിഗണൈരാവൃതം ബ്രഹ്മ നിഷ്ഠൈഃ
ആചാര്യേന്ദ്രം കര കലിത ചിൻമുദ്രമാനന്ദ രൂപം
സ്വാത്മാരാമം മുദിത വദനം ദക്ഷിണാമൂർത്തിമീഢേ”


ഹൈന്ദവ ദേവീ ദേവൻമാരുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ഈ മുദ്ര കാണാം. ചെറുവിരൽ, മോതിര വിരൽ, നടുവിരൽ എന്നിവ നിവർത്തിപ്പിടിച്ചിരിക്കുന്
നത്‌ ഒരു മനുഷ്യൻ സാധാരണ കടന്നു പോകുന്ന മൂന്ന്‌ അവസ്ഥകളായ, ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നിവയെ ഉദ്ദേശിച്ചാണ്‌. കൂടുതൽ വിവരങ്ങൾക്ക്‌ മാണ്ഡൂക്യോപനിഷത്ത്‌ കാണുക. ചൂണ്ടുവിരൽ തള്ളവിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെച്ചിരിക്കുന്നത്‌ തുരീയം എന്ന നാലാമത്തെ അവസ്ഥയെ ഉദ്ദേശിച്ചാണ്‌. വൃത്തത്തിന്‌ ആരംഭവും അവസാനവും ഇല്ല. അതുപോലെ തന്നെയാണ്‌ തുരീയവും. ഈ തുരീയം സ്വസ്വരൂപമാണെന്ന്‌ അറിയുക എന്ന്‌ ഉപദേശിക്കുന്നതിനാണ്‌ ചിൻമുദ്ര കാണിക്കുന്നത്‌.
ദക്ഷിണാമൂർത്തി സ്തോത്രത്തിലെ ഏഴാം ശ്ളോകം ഇപ്രകാരം പറയുന്നു.


“ ബാല്യാദിഷ്വപിജാഗ്രതാദിഷുതഥ
ാ സർവാസ്വവസ്ഥാസ്വപി
വ്യാവൃത്താസ്വനുവർത്തമാനമഹമ
ിത്യന്തസ്ഫുരന്തം സദാ
സ്വാത്മാനം പ്രകടീകരോതി ഭജതാം യോ മുദ്രയാ ഭദ്രയാ
തസ്മൈ ശ്രീ ഗുരു മൂർത്തയേ നമഃ ഇദം ശ്രീ ദക്ഷിണാമൂർത്തയേ”


ബാല്യാവസ്ഥ മുതൽ വാർദ്ധക്യം വരെയുള്ള എല്ലാ അവസ്ഥകളിലും ജാഗ്രത്‌ സ്വപ്ന സുഷുപ്തി എന്നിങ്ങനെയുള്ള അവസ്ഥകളിലും സദാ സമയവും ഉള്ളിൽനിന്നും സ്ഫുരണം ചെയ്യപ്പെടുന്ന ആത്മതേജസ്സിനെ ഭദ്രമായ മുദ്രയാൽ കാണിച്ചുതന്ന ഗുരുമൂർത്തിയായ ദക്ഷിണാമൂർത്തിസ്വാമിയെ ഇതിനാൽ നമിക്കുന്നു. ഇവിടെ ഭദ്രമായ മുദ്ര എന്ന്‌ പറഞ്ഞിരിക്കുന്നത്‌ ചിൻമുദ്രയെ ആണ്‌.

No comments:

Post a Comment