MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday, 11 August 2013

പ്രഭാതത്തില്‍ സൂര്യനമസ്കാരം എന്തിന് ചെയ്യണം?



വൈദികകാലം മുതല്‍ ഭാരതീയര്‍ പിന്‍തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായ വികാസം സാധ്യമാകുന്നൊരു വ്യായാമമുറയാണിത്. വ്യവസ്ഥാപിതമായ രീതിയില്‍ ഈ ആചാരം അനുഷ്ഠിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു.

പാശ്ചാത്യനാടുകള്‍ ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. "ജമനാസ്റ്റിക്ക് ഡ്രില്‍" എന്ന പേരില്‍ സൂര്യനമസ്കാരം ഉള്‍പ്പെടെയുള്ള ശാരീരിക പരിശീലനങ്ങള്‍ പല സ്കുളുകളിലും ഇന്ന് പരിശീലിപ്പിക്കുന്നുണ്ട്.

സൂര്യനമസ്കാരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം ലഭിക്കുന്നു. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍ - ഡി ഉല്‍പാദിപ്പിക്കുവാനുള്ള കഴിവ് ശാസ്ത്രം അംഗീകരിച്ചതാണ്. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്‍പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുണ്ട്. സൂര്യനമസ്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. ഇതാകട്ടെ മലബന്ധത്തെ വലിയൊരളവു വരെ തടയുകയും ചെയ്യുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീര ഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.

തുടര്‍ച്ചയായി സൂര്യനമസ്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധി വരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്തുവാനും സൂര്യനമസ്കാരമെന്ന ആചാരവിധിയിലൂടെ സാദ്ധ്യമാകുന്നുണ്ട്.

സൂര്യനമസ്ക്കാരം അനുഷ്ഠിക്കുന്നവര്‍ പ്രാരംഭത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ശ്രദ്ധേയമാണ്.

പരിശുദ്ധമായ ലഘുജീവിതം നയിക്കണം. ആഹാരം മിതമായിരിക്കണം. കുളിക്കുന്നത് പച്ചവെള്ളത്തില്‍ ആയാല്‍ കൂടുതല്‍ നന്നായിരിക്കും. വിശാലമായതും വൃത്തിയുള്ളതുമായ ധാരാളം കാറ്റ് ഉള്ളതുമായ സ്ഥലത്ത് നമസ്ക്കാരം നടത്തണം. നമസ്ക്കാരസമയങ്ങളില്‍ അത്യാവശ്യത്തിനു വേണ്ടിടത്തോളം മാത്രം നേരിയ വസ്ത്രം ധാരാളം അയവായി ഉപയോഗിക്കണം. ചായ, കാപ്പി, കൊക്കൊ, പുകയില, മദ്യം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളൊന്നും ഉപയോഗിക്കരുത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ സൂര്യനമസ്ക്കാരം അനുഷ്ഠിക്കേണ്ടവര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആചാര്യവിധിയില്‍ പറയുന്നുണ്ട്.

No comments:

Post a Comment